ഒടുവില്‍ ആ റോഡ് റോളര്‍ മ്മടെ താമരശ്ശേരി ചുരം ഇറങ്ങി വര്യാണ്… ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തിരിഞ്ഞാല്‍ കൊക്കയല്ലെടൊ…. പറഞ്ഞിട്ട് കേള്‍ക്കണ്ടെ… യെച്ചൂരിയും പിണറായിയും സ്റ്റാലിനുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടും ഫലമുണ്ടായില്ല. സ്മൃതിയെ പേടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ഒടുവില്‍ വയനാട് ചുരം കയറുന്നു. കെപിസിസിയിലെ സുലൈമാന്മാരെല്ലാം കൂടി സ്പാനറുമായി ദല്‍ഹിക്ക് പോയത് എന്തിനാന്നാ വിചാരിച്ചത്….
പുള്ളിക്കാരനെ പ്രധാനമന്ത്രിയാക്കാന്‍ പ്രകടനപത്രിക പടച്ചുണ്ടാക്കിയ ഇടതന്റെ പരിശ്രമമാണ് പാഴാകുന്നത്. രാജ്യത്തൊരിടത്തും നിന്നാല്‍ പച്ച തൊടില്ലെന്ന് കൃത്യമായ ബോധ്യമുണ്ടായപ്പോഴാണ് ആവശ്യത്തിലധികം പച്ചയുണ്ടെന്ന് കുഞ്ഞൂഞ്ഞും ആന്റണിയുമൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച വയനാട്ടിലേക്ക് എടുത്ത് ചാടാന്‍ മോന്‍ജി തയ്യാറാകുന്നത്.
മോദിയുടെ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാഹുല്‍ജിക്ക് പറ്റിയ ഇടമാണ് വയനാടെന്ന് കേട്ടപ്പോഴേ തോന്നിയതാണ് അവിടെയിറങ്ങണമെന്ന്. എന്നാലും അമിത്ഷായെ വിശ്വസിക്കാന്‍ പ്രയാസമാണ്. അന്തരീക്ഷത്തിലും താമര വിരിയിക്കുന്ന പാര്‍ട്ടിയാണ്. പിന്നെ ലീഗും എസ്ഡിപിഐയും ആവശ്യത്തിന് മാവോയിസ്റ്റുകളും ഒക്കെ കൂടി ഉണ്ടെന്ന് കേട്ടതില്‍പ്പിന്നെയാണ് അല്പം ആശ്വാസമായത്. അപ്പൂപ്പന് ചത്ത കുതിരയെന്ന് വിളിച്ചിട്ടുണ്ടെങ്കിലും ലീഗിന്റെ പച്ചയ്ക്ക് ഇപ്പോള്‍ മൊഞ്ച് കൂടുതലാണ്. അപ്പൂപ്പനറിയില്ലല്ലോ കൊച്ചുമോന്റെ വെപ്രാളം..
ബിജെപിയെയും മോദിയെയും തോല്‍പ്പിക്കാനാണ് രാഹുലിന്റെ ആഹ്വാനം. ആ ഒറ്റക്കാരണത്താലാണ് പിണറായി വിജയന് കൂടെപ്പോയി വാളും ഊരിപ്പിടിച്ച് നിന്നത്. പണ്ട് വടിവാളിനിടയിലൂടെ നടന്നിട്ടുണ്ടെന്നൊക്കെ തള്ളിക്കയറ്റിയ കാലമൊക്കെ മാറി. സഖാവ് രാഹുല്‍ജി ഒപ്പമുണ്ടെങ്കില്‍ മോദിയെ ഒരു പാഠം പഠിപ്പിക്കാമെന്നായിരുന്നു പിണറായിയുടെ മനസ്സിലിരുപ്പ്. രാഹുല്‍ജിക്കായി മെനക്കെട്ടിരുന്ന് തയ്യാറാക്കിയ പ്രകടനപത്രികയില്‍ സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് ആര്‍എസ്എസുകാരെ തുടച്ചുനീക്കുമെന്നൊക്കെ ആ ആവേശത്തില്‍ എഴുതിപ്പിടിപ്പിച്ചതാണ്. അമ്മാതിരി മോഹങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് രാഹുല്‍ജി വയനാട്ടിലേക്ക് വണ്ടി കയറുന്നത്.
ഒരുമിച്ച് കണ്ട സ്വപ്നങ്ങളൊക്കെ ഇനിയെന്ത് ചെയ്യുമെന്ന അങ്കലാപ്പിലാണ് പിണറായിയും കൂട്ടരും. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കരാറൊപ്പിട്ട യെച്ചൂരി സഖാവ് ഇന്ന് കേരളത്തിലെത്തും. യെച്ചൂരിക്ക് വരാന്‍ പറ്റിയ ദിവസമാണ് ഏപ്രില്‍ ഒന്ന്. രാഹുലിന് പത്രിക സമര്‍പ്പിക്കാനും ഇതിനേക്കാള്‍ നല്ല ദിവസം വേറെയുണ്ടാവില്ല. ഒടുവില്‍ കേള്‍ക്കുന്നത്, രാഹുലിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കള്‍ ഗര്‍ജ്ജിക്കുന്നുവെന്നാണ്.
എന്തെങ്കിലും കഴമ്പ് ആ പറയുന്നതിലുണ്ടെങ്കില്‍ ആ പാവം സുനീറിനെ പിന്‍വലിച്ച് യെച്ചൂരിയോ കാരാട്ട് കുടുംബക്കാരോ വയനാട്ടില്‍ വന്ന് വെയിലുകൊള്ളണം. അതല്ല മോദിയെ തകര്‍ക്കുകയാണ് ലക്ഷ്യമെങ്കില്‍ രാഹുലിനെ പിന്തുണച്ച് ഇടതുമുന്നണി സ്റ്റാന്റ് വിട്ടുപോകണം. ഇതൊരുമാതിരി കോടിയേരി ബാലേഷ്ണനെപ്പോലെ വീട്ടിനകത്ത് മന്ത്രവാദം, നാട്ടില്‍ നടന്ന് യുക്തിവാദം എന്ന പരുവത്തില്‍…. ശരിക്കും ഏതാ ഇനം എന്ന് കൂടെനടന്ന് കൊടി പിടിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം മുന്നണി നേതാക്കള്‍ക്കുണ്ട്.
എന്തായാലും ഇക്കുറി കുഞ്ഞൂഞ്ഞിനെ വെട്ടി ആന്റണിക്കാണ് രാഹുല്‍ജിയുടെ വരവറിയിക്കാന്‍ യോഗമുണ്ടായത്. ആ മുഹൂര്‍ത്തത്തിന്റെ രോമാഞ്ചത്തില്‍ നിന്ന് അദ്ദേഹം ഇനിയും മോചിതനായിട്ടില്ല. ശേഷിച്ച നേതാക്കന്മാരൊക്കെ രോമാഞ്ചമുണ്ടാക്കാനുള്ള പ്രയാസത്തിലാണ്. കോള്‍മയിരണിഞ്ഞ കോണ്‍ഗ്രസുകാരുടെ സിനിമാറ്റിക് ഡാന്‍സാണ് നാട്ടില്‍. അമ്മ സോണിയാജിയും പെങ്ങള്‍ജിയും അളിയന്‍ജിയുമൊക്കെ പെട്ടിയും തൂക്കി ജെസിബിയും ടിപ്പറുമായി വന്നിറങ്ങുന്നതിന്റെ ഉള്‍പ്പുളകം ഒന്നുവേറെയും. അമേത്തിയുടെ വിധി എഴുതിക്കഴിഞ്ഞ സ്ഥിതിക്ക് ഇത് വയനാടിന്റെ വിധിയെന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ലല്ലോ. ഇനി വയനാട്ടുകാര്‍ പറയേണ്ടി വരും, ”ദാ ഇപ്പ ശര്യാക്കിത്തരാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: