കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ പത്ത് ക്രിമിനല്‍ കേസിലെ പ്രതി. കഴിഞ്ഞ ദിവസം പി.ജയരാജന്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
അതേസമയം ജയരാജനെതിരെ പത്ത് കേസുകള്‍ ഉണ്ടെങ്കിലും ഒരെണ്ണത്തില്‍ മാത്രമാണ് കോടതി ശിക്ഷ അനുഭവിക്കേണ്ടതായി വന്നിട്ടുള്ളത്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള രണ്ട് കൊലപാതകക്കേസുകള്‍. കതിരൂര്‍ മനോജ് വധത്തില്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. അതേസമയം അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന തീവ്രസ്വഭാവമുള്ള കുറ്റവും ജയരാജനെതിരെ നിലനില്‍ക്കുന്നുണ്ട്.
ബാക്കിയുള്ള കേസുകള്‍ രാഷ്‌ട്രീയ സമരത്തിനിടെ ഉണ്ടായിട്ടുള്ളതാണ്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകളിട്ടിട്ടുള്ള കുറ്റങ്ങളാണ് മറ്റ് കേസുകളില്‍ ഉള്ളത്. ജയരാജന്റെ വരുമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളും നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുണ്ട്.
കൈവശം രണ്ടായിരം രൂപയാണുള്ളതെങ്കിലും ബാങ്കിലും ഓഹരിയിലുമായി നിക്ഷേപമായി 8,22,022 രൂപയുണ്ട്. എന്നാല്‍ ഭാര്യയ്‌ക്ക് 31,75,418 രൂപയുടെ നിക്ഷേപമുണ്ട്. കൂടാതെ ഇരുവരുടെയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്. ജയരാജന്റെ പേരില്‍ വായ്‌പയൊന്നുമില്ല.
















