ആത്മാര്‍ത്ഥതയുള്ള ഒരുകൂട്ടം പ്രവര്‍ത്തകരുടെ കഠിനപ്രയത്നമായിരുന്നു പഴയകാല തെരഞ്ഞെടുപ്പു പ്രചാരണമെന്ന് മുന്‍ ദേവസ്വം-പട്ടികജാതി-വര്‍ഗ സാമുഹ്യക്ഷേമ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ദാമോദരന്‍ കാളാശ്ശേരി ഓര്‍ത്തെടുത്തു. ചേര്‍ത്തല പതിനൊന്നാം മൈലില്‍ കാളാശ്ശേരി ഭാനു നിവാസില്‍ വിശ്രമജീവിതം നയിക്കുകയാണ് എണ്‍പതുകാരനായ ദാമോദരന്‍.
കുതികാലു വെട്ടിന്റെ ഇക്കാലത്ത് സ്ഥാനാര്‍ത്ഥിയുടെ മാത്രം ആവശ്യമായി മാറുന്നു വിജയം. പ്രതിബദ്ധതയും ആദര്‍ശവും കൈമുതലാക്കിയവര്‍ മുന്നേറിയപ്പോള്‍ ഇത് രണ്ടും നഷ്ടപ്പെട്ടതു കൊണ്ടാണ് കോണ്‍ഗ്രസ്സിന് പുറകോട്ട് പോകേണ്ടി വന്നത്. ആദര്‍ശത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജനമനസ്സില്‍ നിന്നും അപ്രത്യക്ഷരായി തുടങ്ങി. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദാമോദരന്‍ ഓര്‍ത്തെടുത്തു.
1970ല്‍ ഇടത് കോട്ടയായ പന്തളത്ത് നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ സിപിഎമ്മിലെ പി.കെ കുഞ്ഞച്ചനെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ കന്നിപ്രവേശം. പിന്നിട് 1977ല്‍ വി.കേശവനെ പരാജയപ്പെടുത്തി. 85ല്‍ സി.കെ കുമാരനോട് മത്സരിച്ച് പരാജയപ്പെട്ടു.
അക്കാലത്ത് രാവിലെ 6 മണിക്ക് തുടങ്ങി അര്‍ദ്ധരാത്രിയാണ് പ്രചരണം അവസാനിക്കുക. ഭക്ഷണം കഴിച്ചിരുന്നത് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നായിരുന്നു. എന്താണോ ഉള്ളത് അത് വീതിച്ച് കഴിക്കുമായിരുന്നു. ഇന്ന് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മാത്രമേ നേതാക്കള്‍ ഭക്ഷണം കഴിക്കൂ. ഇതോടെ പ്രവര്‍ത്തകരുമായി നേതാക്കള്‍ക്ക് ആത്മബന്ധമില്ലാതായി. പണമില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ കിട്ടാത്ത അവസ്ഥയാണെന്ന് ദാമോദരന്‍ പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് പിഎസ്സി അപേക്ഷാഫോറം സൗജന്യമാക്കിയതും, വെള്ളയമ്പലത്തില് അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും താന്‍ മന്ത്രിയായിരിക്കുമ്പോഴാണ്.
വിശ്വാസമില്ലാത്തവര്‍ ദേവസ്വം മന്ത്രിയായതിന്റെ ഫലമാണ് ശബരിമല പ്രശ്നത്തിന് കാരണം. ന്യൂനപക്ഷ വോട്ടു മാത്രം ലക്ഷ്യമിട്ട് നടത്തിയ തരംതാണ പ്രവര്‍ത്തിയാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. ദേവസ്വം മന്ത്രിയായിരുന്ന താന്‍ അന്ന് തികഞ്ഞ ഭക്തിയോടെയും ആചാരങ്ങള്‍ പാലിച്ചും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ നടപടി ശരിയല്ല. എഐസിസി അംഗം, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഹിന്ദുസ്ഥാന്‍ വാര്‍ത്ത, രാഷ്ട്രശബ്ദം, ഭാരത്ധ്വനി പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: