കേരളത്തിന്റെ രാഷ്ട്രീയ കലുഷിതമായ സാംസ്കാരിക അന്തരീക്ഷത്തില്‍ ധാര്‍മികതയുടെ ശബ്ദമാണ് ഡോ. കെ.എസ്. രാധാകൃഷ്ണന്. മൂവായിരത്തിലേറെ വേദികളെ ധന്യമാക്കിയ പ്രഭാഷകന്‍. അദ്വൈത ദര്‍ശനവും ഗാന്ധിയന്‍ തത്ത്വചിന്തയും ആഴത്തിലറിഞ്ഞ സത്യാന്വേഷി. ഭാരതീയ സൗന്ദര്യശാസ്ത്രം ഉള്‍ക്കൊണ്ട സാഹിത്യ വിമര്ശകന്. പതിനഞ്ചിലേറെ ഈടുറ്റ ഗ്രന്ഥങ്ങളുടെ രചയിതാവ്. മാധ്യമധര്‍മം അടുത്തറിഞ്ഞ പത്രപ്രവര്‍ത്തകനും പത്രാധിപരും. കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പബ്ലിക് സര്‍വീസ് കമ്മീഷന് ചെയര്മാന് എന്നിങ്ങനെ ഉന്നതമായ പദവികള്‍ വഹിക്കുമ്പോഴും ലാളിത്യത്തിന്റെ ജീവിതപ്പാത വെടിയാത്ത പൊതു പ്രവര്ത്തകന്.
ഇടതും വലതുമല്ലാത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഡോ. രാധാകൃഷ്ണന്, നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭരണത്തില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ അംഗമായത്. നെഹ്റൂയിസമല്ല ഗാന്ധി മാര്‍ഗമെന്ന തിരിച്ചറിവില്‍ കുടുംബാധിപത്യത്തോട് ശക്തമായി വിയോജിക്കുന്ന ഈ ജനാധിപത്യവാദി ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി കലവറയില്ലാത്ത സ്നേഹബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഡോ. രാധാകൃഷ്ണന് ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുകയും, അതേസമയം ഒരുപാട് വിമര്‍ശിക്കപ്പെടുകയും ചെയ്ത സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. വിരോധാഭാസമാണിത്. താങ്കളുടെ കാഴ്ചപ്പാടില്‍ മോദി ഭരണത്തെ എങ്ങനെയാണ് കാണുന്നത്, എന്തൊക്കെയാണ് അതിന്റെ സവിശേഷതകള്‍?
മോദി ഭരണത്തെ അനുകൂലിക്കുകയും, പ്രശംസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അതിന് കൃത്യമായ രണ്ട് കാരണങ്ങളാണുള്ളത്. അഴിമതി വിരുദ്ധ സമീപനവും പാവപ്പെട്ടവരോടുള്ള അനുകമ്പയും. മോദി സര്‍ക്കാരിനെ വിലയിരുത്താനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണിവ.
അടിമുടി അഴിമതി വിരുദ്ധമാണ് മോദി സര്‍ക്കാര്‍. മോദി വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍പോലും പറയില്ല. ആകെ പറയുന്നത് റഫാല്‍ ഇടപാടില്‍ റിലയന്‍സിന് പണം നല്കാന് ശ്രമിച്ചു എന്നാണ്. ഈ ആക്ഷേപം വിലപ്പോവില്ല. എന്തുകൊണ്ടെന്നാല്‍ റഫാല്‍ ഇടപാട് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള-ഇന്ത്യയും ഫ്രാന്‍സും-ഇടപാടാണ്. ഫ്രഞ്ച് സര്‍ക്കാരാണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ പണി ഏല്‍പ്പിച്ചത്. അത് ഏതാണ്ട് 30000 കോടി രൂപയുടേതാണ്. ഇത്രയും കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. മൊത്തം കരാര്‍ തുകയുടെ അത്രതന്നെ അഴിമതിയോ! ഇതെങ്ങനെ ശരിയാകും?
കരാര്‍ അനുസരിച്ച് ഫ്രഞ്ച് സര്‍ക്കാരാണല്ലോ റിലയന്‍സിന് പണം നല്‍കേണ്ടത്. അപ്പോള്‍ ഇക്കാര്യത്തില്‍ ഓഡിറ്റും മറ്റും ഉണ്ടാകും. അഴിമതിയുണ്ടെങ്കില്‍ തന്നെ അത് കണ്ടുപിടിക്കാനാവും. ഇനി കൈക്കൂലി നല്കിയിട്ടുണ്ടെങ്കില് അത് പിടിക്കേണ്ടത് ഫ്രഞ്ച് സര്‍ക്കാരിന്റെ ചുമതലയാണ്.
അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ലാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. നോട്ട് റദ്ദാക്കല്‍, വ്യാജ കമ്പനികളുടെ അംഗീകാരം എടുത്തുകളഞ്ഞത്, വിദേശഫണ്ട് നിയന്ത്രിച്ചത് എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിയ പല പദ്ധതികളും മോദി സര്‍ക്കാര്‍ ആവിഷ്കരിക്കുകയുണ്ടായി. അവ വിജയകരമായി നടപ്പാക്കുകയും ചെയ്തു. പക്ഷേ, കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് തുടക്കം മുതല്‍ പ്രതിപക്ഷം സ്വീകരിച്ചത്.
പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊണ്ടതെന്ന് പകല്‍പോലെ വ്യക്തം. ജന്‍ധന്‍ പദ്ധതി മാത്രം മതി ഇതിന് തെളിവായി. 30 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിന്റെ ഉടമകള്‍ ഗ്രാമീണ മേഖലയില്‍ ഉള്ളവരാണ്. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കുന്നത് ഇങ്ങനെയാണ്. ഗ്രാമീണ ജനകോടികളെ ബാങ്കിങ് സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുവെന്നത് മഹത്തായ കാര്യമാണ്.
മോദി സര്‍ക്കാര്‍ ആധുനിക ഇന്ത്യയുടെ മുഖച്ഛായതന്നെ മാറ്റിയ മറ്റൊരു പദ്ധതിയാണ് ശുചിത്വ ഭാരത ദൗത്യം. ഇതില്‍പ്പെടുന്ന ശൗചാലയ നിര്‍മാണം മഹത്തായ കാര്യമാണ്. ഇതുവരെ ഇന്ത്യ ഭരിച്ച ഒരു ഭരണാധികാരിക്കും തോന്നാതിരുന്നതാണ് മോദി അദ്ഭുതകരമായി പ്രാവര്‍ത്തികമാക്കിയത്. രാജ്യത്താകമാനം ഒന്‍പത് കോടി ശൗചാലയങ്ങളാണ് നിര്‍മിച്ചത്. 93 ശതമാനം ഗ്രാമപ്രദേശങ്ങളിലായാണിത്. 2015 ലെ യൂണിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 54 കോടിയിലേറെ ജനങ്ങള്‍ പരസ്യമായാണ് മലവിസര്‍ജനം നടത്തിയിരുന്നത്. ജനസംഖ്യയിലെ 60 ശതമാനം വരുമിത്.
കേരളീയരായ നമുക്ക് ശൗചാലയ നിര്‍മാണം വലിയ കാര്യമായി തോന്നണമെന്നില്ല. എന്നാല്‍ തമിഴ്നാട്ടില്‍നിന്ന് വടക്കോട്ടുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഉത്തരേന്ത്യയിലെ ജനജീവിതത്തില്‍, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തില്‍ വലിയൊരു മാറ്റമാണ് ഇത് വരുത്തിയിട്ടുള്ളത്. ഏറ്റവും ദരിദ്രരായ ജനതയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണിത്. മലയാളികളായ നമ്മള് ഇതിനെ ചെറുതാക്കി കാണുന്നു.
കൃഷിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണകരമായ ഭരണമായിരിക്കും തന്റേതെന്ന് തുടക്കത്തില്‍ത്തന്നെ മോദി വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്റെ കാലാവധി തീരുമ്പോള്‍ റിപ്പോര്‍ട്ട് കാര്‍ഡ് ഹാജരാക്കുമെന്നും പറയുകയുണ്ടായി. എത്രത്തോളം വിജയിക്കാനായിട്ടുണ്ട്?
മോദിക്ക് വലിയ അളവോളം വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃഷിക്കാര്‍ക്കുള്ള പെന്ഷന് പദ്ധതി ഒട്ടും ചെറുതായി കാണാനാവില്ല. കുറഞ്ഞ പ്രീമിയത്തോടെയുള്ള പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതി (കൃഷി അംബനി ബീമ യോജന) ഏറ്റവുമൊടുവിലെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്നിവയൊക്കെ മുന്‍ ഭരണകാലങ്ങളില്‍ പലപ്പോഴും വാഗ്ദാനങ്ങള്‍ മാത്രം ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് വലിയ സഹായമായി.
രാജ്യത്ത് ആദ്യമായാണ് ദരിദ്രര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് (ആയുഷ്മാന്‍ ഭാരത്) ഏര്‍പ്പെടുത്തുന്നത്. മോദിക്ക് മാത്രം ചെയ്യാന്‍ കഴിഞ്ഞ മഹത്തായ കാര്യമാണിത്. ‘മോദി കെയര്‍’ എന്ന് ഒട്ടും അതിശയോക്തിയില്ലാതെ ഇതിനെ വിശേഷിപ്പിക്കാം. ഞാന്‍ ഒരു കോളജ് അധ്യാപകനായിരുന്നയാളാണ്. എന്റെ കുടുംബത്തിന് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിച്ചുകൊണ്ടിരുന്നത്. അതേ സ്ഥാനത്താണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 50 കോടിയാളുകള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. മറ്റേതെങ്കിലും ഭരണാധികാരി ഇങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ല.
ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് നിതി ആയോഗ് രൂപീകരിച്ചതുള്‍പ്പെടെ വികസന കാര്യത്തില്‍ മൗലികമായ ചില തിരുത്തലുകള്‍ മോദി വരുത്തുകയുണ്ടായി. ഇത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. എന്താണഭിപ്രായം?
വികസനത്തിന് നല്കുന്ന പ്രാധാന്യമാണ് മോദി സര്‍ക്കാരിന്റെ മറ്റൊരു സവിശേഷത. വികസനത്തിന്റെ ഗുണഭോക്താക്കള്‍ ആരാവണമെന്ന് തിരിച്ചറിഞ്ഞാണ് മോദി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് വികസന നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയണമെന്നാണ് ഗാന്ധിജി ചിന്തിച്ചത്. ഇതാണ് മോദി പ്രാവര്‍ത്തികമാക്കുന്നത്. ഇങ്ങനെയൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.
സമ്മര്‍ദ്ദങ്ങള്‍ക്കോ ഒത്തുതീര്‍പ്പുകള്‍ക്കോ വഴങ്ങാത്ത പ്രധാനമന്ത്രിയെ ആദ്യമായാണ് ഇന്ത്യയിലെ ജനങ്ങള്‍ കാണുന്നതെന്ന് തോന്നുന്നു.
വ്യക്തിപരമായി എനിക്ക് മോദിയോട് താല്‍പ്പര്യം തോന്നാന്‍ മറ്റൊരു കാരണവുമുണ്ട്. ഒരു ദരിദ്രനായി ജനിച്ചയാള്‍ക്ക് പ്രധാനമന്ത്രിപദത്തില്‍ എത്താന്‍ കഴിഞ്ഞുവെന്നതാണത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മറ്റുള്ളവരുടെയും കാര്യത്തില്‍ ഇങ്ങനെ പറയാനാവില്ല. നമ്മുടെ രാജ്യത്ത് സാധാരണ ഗതിയില്‍ പ്രധാനമന്ത്രിമാരാവുന്നത് മൂന്നുതരക്കാരാണ്. ഒന്നുകില്‍ ബ്രാഹ്മണന്, അല്ലെങ്കില്‍ ധനികര്‍, അതുമല്ലെങ്കില്‍ വലിയ കുടുംബ പശ്ചാത്തലമുള്ളവര്‍. ആദ്യമായാണ് ഇതിലൊന്നും ഉള്‍പ്പെടാത്ത ഒരാള്‍ പ്രധാനമന്ത്രിയാവുന്നത്. ജനാധിപത്യത്തിന്റെ ഗുണപരമായ വശമാണിത്. ജന്മംകൊണ്ടല്ലാതെ ഗുണകര്മ്മങ്ങള്കൊണ്ട് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. ഈയര്‍ത്ഥത്തില്‍ ജനാധിപത്യ വിജയത്തിന്റെ പ്രതീകമാണ് മോദി.
മോദി ഭരണത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്ന് ചിലര്‍ നിരന്തരം ആക്ഷേപിക്കുന്നു. യഥാര്‍ത്ഥ അടിയന്തരാവസ്ഥ കൊണ്ടുവന്നവരും ഈ ആരോപണം ഉന്നയിക്കുന്നതു കാണാം. ഇടതുപക്ഷവും ഇത് ആവര്‍ത്തിക്കുന്നു. എങ്ങനെ പ്രതികരിക്കുന്നു. കുടുംബാധിപത്യത്തില്‍ അമര്‍ന്ന കോണ്‍ഗ്രസ്സിന് പഴയ നന്മകള് നഷ്ടപ്പെട്ടുവെന്ന് ബിജെപിയില്‍ അംഗത്വമെടുത്ത അവസരത്തില്‍ താങ്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. വിശദീകരിക്കാമോ?
മോദി ഫാസിസ്റ്റാണെന്ന ആരോപണം ഒരുതരത്തിലും നിലനില്‍ക്കില്ല. അടിയന്തരാവസ്ഥയില്‍ മാത്രമാണ് ഇന്ത്യ ഫാസിസം എന്താണെന്ന് അനുഭവിച്ചത്. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് ഇന്ദിരാഗാന്ധിയാണ്. ഫാസിസത്തിനെതിരെ പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. മോദിയെ വിമര്‍ശിക്കുന്ന മാന്യന്മാര് പലരും അടിയന്തരാവസ്ഥയുടെ ഗുണഭോക്താക്കളാണെന്ന കാര്യം വിസ്മരിക്കരുത്.
മോദി ഏകാധിപതിയല്ല എന്നതിന് തെളിവാണല്ലോ അദ്ദഹത്തിന്റെ വിമര്‍ശകര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം. പുലരുന്നതു മുതല്‍ പാതിരാവരെ മോദിയെ വിമര്‍ശിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരെ ആരും ജയിലിലടച്ചിട്ടില്ല. മോദിയെ കൊലപ്പെടുത്തണമെന്നുവരെ ചിലര്‍ ആഹ്വാനം ചെയ്യുന്നു. മോദി ഫാസിസ്റ്റല്ലെന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല.
ഗാന്ധി എന്ന നാമം നെഹ്റു കുടുംബക്കാര് അനധികൃതമായി പേരിനൊപ്പം ചേര്‍ത്തത് വലിയ രാഷ്ട്രീയ വഞ്ചനയല്ലേ. താങ്കള്‍ ഇതിന്റെ ഒരു നിശിത വിമര്‍ശകനാണെന്ന് അറിയാം. ഒരാള്‍ ഗാന്ധി എന്നത് ഇഷ്ടംകൊണ്ട് സ്വന്തം നിലയ്ക്ക് പേരിനൊപ്പം ചേര്‍ക്കുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ കുടുംബപരമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും നെഹ്റുകുടുംബം തലമുറകളായി ഈ പേര് ഉപയോഗിക്കുന്നത് തട്ടിപ്പല്ലേ?
നെഹ്റു കുടുംബക്കാര് ഗാന്ധിമാരാകുന്നത് ഫെയ്ക്ക് ഐഡന്റിറ്റിയാണ്. ഒരുതരം അടിച്ചുമാറ്റല്‍. ഇന്ദിരാഗാന്ധി സ്വന്തം പേരിന്റെ കൂടെ അനധികൃതമായി ഗാന്ധിനാമം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഗാന്ധിയുടെ പാരമ്പര്യം കൃത്രിമമായി അവകാശപ്പെടുകയാണ് നെഹ്റു കുടുംബക്കാര്. ഗാന്ധിജിയുടെ വാത്സല്യം അനുഭവിക്കുന്ന ഇന്ദിരയുടെ ചിത്രം പാഠപുസ്തകങ്ങളിലൂടെ ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യത്തെ ഇപ്പോള്‍ ഇടതുപാര്‍ട്ടികളും അനുകൂലിക്കുന്നു. രാഹുലാണ് തങ്ങളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു
രാഹുല്‍ ഗാന്ധിയെ ഉത്തരേന്ത്യയില്‍ ജയിപ്പിക്കാന്‍ ഇവിടെ തോല്‍പ്പിക്കണമെന്നാണ് ഇടതുപാര്‍ട്ടികള്‍ പറയുന്നത്. എത്ര വിചിത്രമാണിത്. ഇതില്‍ രാഷ്ട്രീയ സദാചാരമില്ല. ഇക്കൂട്ടരാണ് മോദി വന്നാല്‍ ജനാധിപത്യം തകരുമെന്ന് മുറവിളിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നും ജനാധിപത്യത്തിന്റെ പൊടിപോലും ഇല്ലായിരുന്നു എന്നോര്‍ക്കണം. അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പ്രതിപക്ഷ നേതാവ് എന്നൊരാളില്ല. കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ കമ്യൂണിസത്തെക്കുറിച്ചല്ല പറയുന്നത്, അവര്‍ വാചാലരാവുന്നത് ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമൊക്കെയാണ്. കാപട്യമാണിത്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ താങ്കള്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. അയ്യപ്പ കര്‍മ്മ സമിതിയുടെ ദേശീയ നേതൃത്വത്തിലും ഉണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു അത്. ഇടതുപക്ഷത്തിന്റേയും സര്‍ക്കാരിന്റെയും പിടിവാശിയായിരുന്നു ഇതിനിടയാക്കിയത്. മതേതരമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ ഒരു മതവിഭാഗത്തിനെതിരെ തിരിയുന്നതാണ് കണ്ടത്. എങ്ങനെ പ്രതികരിക്കുന്നു?
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1050 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഞാന്‍. പിണറായി സര്‍ക്കാര്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തിയതിലും, പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയതിലും ഞാന്‍ ഇടതുപക്ഷത്തെ കുറ്റം പറയില്ല. കാരണം മതത്തിലും ദൈവത്തിലും ആത്മീയതയിലും വിശ്വാസമില്ലാത്തവരാണ് കമ്യൂണിസ്റ്റുകള്‍. അവര്‍ അങ്ങനെയേ ചെയ്യൂ. മറ്റു മതങ്ങളുടെ കാര്യത്തില്‍ ഇക്കൂട്ടര്‍ മിണ്ടില്ല. കാരണം വിവരമറിയും. തൊടുപുഴയില്‍ കയ്യേറിയ വനഭൂമി കളക്ടര്‍ ഒഴിപ്പിച്ചപ്പോള്‍ ‘കുരിശെന്തു പിഴച്ചു’ എന്നാണല്ലോ മുഖ്യമന്ത്രി പിണറായി ചോദിച്ചത്.
കേരളത്തില്‍ ഇടതുഭരണമായാലും വലതു ഭരണമായാലും സാംസ്കാരിക നായകന്മാര് ഇടതുപക്ഷം പിടിച്ചാണ് നടപ്പ്. മാനവികതയുടെ വക്താക്കള്‍ ചമയുകയും ചെയ്യും. ഇതിന് നിന്നുകൊടുക്കാത്ത അപൂര്‍വം ചിലരില്‍ ഒരാളാണ് താങ്കള്‍. സാംസ്കാരിക നായകന്മാരുടെ ഇടതുപക്ഷപാതിത്വത്തെ എങ്ങനെ കാണുന്നു?
പൊതുവേ പറഞ്ഞാല്‍ ബുദ്ധിജീവികള്‍ കൂലിപ്പടയാണ്. ആര്‍ക്കും അവരെ വിലയ്ക്കെടുക്കാം. മറ്റൊരാള്‍ 500 രൂപ കൊടുത്ത് കൂടെ നിര്‍ത്തിയിട്ടുള്ള ആളെ ഒരു രൂപ കൂടുതല്‍ കൊടുത്ത് നിങ്ങള്‍ക്ക് വിലയ്ക്കെടുക്കാം. ഇടതുബുദ്ധിജീവികള്‍ മാനവികതയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കമ്യൂണിസ്റ്റ് സിദ്ധാന്തത്തില്‍ ഒരു മാനവികതയുമില്ല. വൈരുദ്ധ്യം, വര്‍ഗം, വര്‍ഗ സമരം എന്നതാണവരുടെ പ്രത്യയശാസ്ത്രം. വര്‍ഗസമരത്തിലൂടെ ഒരു വര്‍ഗത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു വര്‍ഗം ആധിപത്യം സ്ഥാപിക്കുമ്പോള്‍ അതില്‍ മാനവികതയില്ല. ഉണ്ടാവാന്‍ സാധ്യമല്ല. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നുപറയുന്നിടത്ത് നന്മയും മാനവികതയുമില്ല.
നമ്മുടെ സാംസ്കാരിക നായകന്മാര് പലരും വടക്കുനോക്കിയന്ത്രങ്ങളാണ്. ഉത്തരഭാരതത്തില്‍ നടക്കുന്ന തിന്മകളോട് കയര്‍ക്കുന്ന ഇവരില്‍ പലരും സ്വന്തം കണ്മുന്നില് നടമാടുന്ന തിന്മകളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നു. മൗനം പാലിക്കുന്നു. ഈ മനഃശാസ്ത്രം എന്തുകൊണ്ട്?
അതാണ് ലാഭകരം എന്നത് മാത്രമാണ് ഇതിനുത്തരം. ഗ്രന്ഥശാലാ സംഘം വഴി സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുന്നു. അവ പാഠപുസ്തകങ്ങളാകുന്നു. അവാര്‍ഡുകളുടെ നിയന്ത്രണം എപ്പോഴും ഇടതുപക്ഷത്തിനാണ്. എഴുത്തച്ഛന് അവാര്‍ഡ് തുക അഞ്ച് ലക്ഷം രൂപയാക്കിയിട്ടുണ്ടല്ലോ. പ്രതിവര്‍ഷം 40 ലക്ഷം രൂപയുടെ അവാര്‍ഡാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇടതുമുന്നണിക്ക് ഭരണമില്ലെങ്കിലും ഇവയൊക്കെ നിയന്ത്രിക്കുന്നത് ഇടതുപക്ഷമായിരിക്കും.
പാര്‍ട്ടി ഓഫീസുകള്‍ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറിയിട്ടും സാംസ്കാരിക നായകന്മാര് പ്രതികരിക്കുന്നില്ല. മൗനം സമ്മതം. അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്കാരല്ലാത്തവര്‍ പീഡിപ്പിച്ചാലാണ് പീഡനമാവുക.
രാജ്യത്ത് അതിശക്തമായ മോദി തരംഗം നിലനില്‍ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വേകള്‍ എല്ലാം തന്നെ പ്രവചിക്കുന്നത്. എന്താണഭിപ്രായം?
ഇത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ജനങ്ങള്‍ മോദിക്ക് നല്കുന്ന അംഗീകാരമാണിത്. ഒരാള്‍ പ്രധാനമന്ത്രിയായതുകൊണ്ടുമാത്രം ഇത് ലഭിക്കില്ല. ശക്തമായ തീരുമാനങ്ങളെടുക്കാന്‍ ശേഷി വേണം. ഭരണാധികാരിയെന്ന നിലയ്ക്ക് മോദിക്ക് അതുണ്ട്. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളില്‍ മോദി ധീരമായ തീരുമാനങ്ങളെടുക്കുകയുണ്ടായി.
മോദി ഭരണം വീണ്ടും വരണമെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുമ്പോള്‍, ഇങ്ങനെ സംഭവിച്ചാല്‍ അത് വലിയ അത്യാഹിതമാകുമെന്ന് ആവര്‍ത്തിക്കുകയാണ് പല മാധ്യമങ്ങളും. എന്തു പറയുന്നു?
വ്യക്തിപരമായിത്തന്നെ മോദി ഭരണം വീണ്ടും വരികതന്നെ വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്തുകൊണ്ടെന്നാല്‍ മോദി വന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ നഷ്ടമാണ്. ജനാധിപത്യവും കുടുംബാധിപത്യവും രണ്ടും രണ്ടാണ്. ഇത് ഞാന്‍ ആദ്യമായി പറയുകയല്ല, കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരം പറയുകയും എഴുതുകയും ചെയ്യുന്ന കാര്യമാണിത്.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ പലതും കേരളത്തിലെ ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്നതായിരുന്നു. ചോദിക്കുന്നതെല്ലാം തരുന്ന കേന്ദ്ര സര്‍ക്കാരാണിതെന്ന് പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിതന്നെ സമ്മതിച്ചതാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ ഉള്‍പ്പെടെയുള്ള ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത് എങ്ങനെയൊക്കെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്?
മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയുടെ പണം കേന്ദ്രംനല്കിയിട്ടും സംസ്ഥാനത്ത് വിതരണം ചെയ്യുന്നില്ല. അതുപോലെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയ ലക്ഷ്യം വച്ചാണിത്. ഇത് ജനവിരുദ്ധമാണ്. ജനങ്ങളെ ശിക്ഷിക്കലാണ്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. ഇവയുടെ ഗുണഫലങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: