തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള മലയാള സര്‍വകലാശാലയിലിരുന്ന് ആഭാസം എഴുതി പ്രശസ്തി നേടാന്‍ ഒരുമ്പെട്ടിറങ്ങിയ ഒരു ബുദ്ധിജീവിക്കുരിപ്പിന്റെ ആക്രോശമാണ് പോയ ദിവസത്തെ തെരഞ്ഞെടുപ്പ് വര്‍ത്തമാനങ്ങളില്‍ വേറിട്ടത്. സര്‍വകലാശാലയില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്ന്, വോട്ട് വേണമെങ്കില്‍ ഗുജറാത്തില്‍ പോയി ചോദിക്കണമെന്നൊക്കെയാണ് വിവരക്കേടിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വാങ്ങിയ സ്വയംപ്രഖ്യാപിത എഴുത്തുകാരന്റെ വാദം. മുളപൊട്ടും മുമ്പേ വല്ലാതെ വിരിയാനുള്ള ഒരു ദാഹമുണ്ട് ഈ ആക്രോശത്തില്‍.
അപ്പനപ്പൂപ്പന്മാര് എട്ടണയ്ക്ക് കത്തി വാങ്ങി കുത്തി നേടി തറവാട്ടുസ്വത്താക്കിത്തരുമെന്ന് കരുതിയ മലപ്പുറത്തിരുന്ന് ഇമ്രാന്ഖാന് കളിക്കുകയാണ് വാധ്യാര്. അതിന് ഇടതാവണോ ഇസ്ലാമിസ്റ്റാവണോ അതോ രണ്ടിനും നടുവിലൂടെ പോവണോ എന്നൊന്നും ഇനിയും തീര്പ്പാക്കാനായിട്ടില്ലാത്തവിധം പലതരം ബുദ്ധിജീവിക്കുപ്പായം തയ്പിച്ചുവെച്ചിട്ട് കുറച്ചുകാലമായി. പെരുമാറ്റം കൊണ്ട് ആളുകളിപ്പോള്‍ അസിസ്റ്റന്റെന്നേ വിളിക്കാറുള്ളൂ. പ്രൊഫസറാവാന്‍ ഇനിയും കാലം പിടിക്കുമെന്ന് സാരം.
ദേശാഭിമാനിയില്‍ അച്ചടിച്ച രണ്ട് കഥകളും പച്ചക്കുതിരയില്‍ വിളമ്പിയ കുറേ ലേഖനങ്ങളും സിനിമ കണ്ട് കുറിച്ചുവെക്കുന്ന ചവറുകളും കാട്ടി ഞാനും ഒരെഴുത്തുകാരനാണെന്ന് ശാഠ്യം പിടിക്കുന്ന ലെവലാണ് ആളിപ്പോള്‍. എങ്ങനെയും നാലാള് അറിയണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന് അലന്‍സിയറിനെപ്പോലെ അണ്ടര്‍വെയറുമിട്ട് പീപ്പിയുമൂതി റോഡില്‍ നടന്നാല്‍ മതിയെന്ന് ചിലരൊക്കെ ഉപദേശിച്ചതാണ്. ഒരു നാണം എവിടെയോ ബാക്കി കിടക്കുന്നതുകൊണ്ട് അതിന് തുനിഞ്ഞില്ല. പ്രശസ്തനും ബുദ്ധിജീവിയുമാവണമെങ്കില് മോദിയെയും ഗുജറാത്തിനെയും തെറി പറഞ്ഞാല്‍ മതിയെന്ന് ഒരു മുന്‍ധാരണയുണ്ട്. എത്രയൊക്കെ പറഞ്ഞിട്ടും താനൊരു എഴുത്തുകാരനും ബുദ്ധിജീവിയുമാണെന്ന് യൂണിവേഴ്സിറ്റിയിലെ പിള്ളേരും ടീച്ചര്‍മാരും സമ്മതിച്ചുതരാത്തതിന്റെ കേട് തീര്‍ക്കല്‍ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്.
വോട്ട് ചോദിച്ചുചെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമയുടെ നേരെ ആക്രോശിക്കുകയായിരുന്നു പണ്ഡിതന്. വോട്ട് ചോദിക്കാന്‍ ഇത് ഗുജറാത്തല്ലെന്നായിരുന്നു ആക്രോശത്തിന്റെ ഹൈലൈറ്റ്. ഗുജറാത്താണെങ്കില്‍ വി.ടി. രമയ്ക്ക് വോട്ട് ചോദിക്കാനാകുമെന്ന് അസിസ്റ്റന്റിന്റെ ഔദാര്യം. മലപ്പുറത്ത് അതു വേണ്ട എന്നും വായിച്ചെടുത്തോണം.
ഇമ്മാതിരി വാധ്യാന്മാരാണ് കോളേജുകളുടെ മുറ്റത്ത് കുഴിമാടം മോഡല്‍ ആര്‍ട്ട് ഇന്സ്റ്റലേഷന് അരങ്ങൊരുക്കുന്നത്. പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പല്‍ ടി.എന്‍. സരസുവിനും എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ക്കും തങ്ങളെ അധിക്ഷേപിച്ച വിദ്യാര്‍ഥികള്‍ക്ക് പിന്നില്‍ ഇത്തരം അസിസ്റ്റന്റുമാരുണ്ട് എന്നായിരുന്നു പരാതി. തൃശൂര്‍ കേരളവര്‍മ കോളേജിലാണെങ്കില്‍ കോപ്പിയടിയാണ് ബുദ്ധിജീവിയാകാനുള്ള എളുപ്പവഴി. കൂട്ടത്തില്‍ അറവുശാല, ബീഫ് കച്ചവടം തുടങ്ങിയ ഇടപാടുകള്‍കൂടി നടത്തിയാല്‍ ആഘോഷിക്കാന്‍ ആളുകള്‍ പിന്നാലെ വരും.
നരേന്ദ്രമോദിയെ അധിക്ഷേപിക്കാന്‍ മുമ്പില്‍ കിട്ടാത്തതുകൊണ്ട് പകരം രമ ടീച്ചറെ നേരിട്ടുകളയാമെന്ന് കരുതിയ മലപ്പുറത്തുകാരന് അസിസ്റ്റന്റിന്റെ ബുദ്ധിയാണ് ബുദ്ധി. ഇനിയിപ്പോള്‍ മുളപൊട്ടി തന്നിലെ ബുദ്ധിജീവി തളിരിടുമെന്നാണ് പ്രതീക്ഷ. ദേശാഭിമാനിക്കും പച്ചക്കുതിരയ്ക്കുമപ്പുറം ലോകത്തേക്കുളള എന്‍ട്രിയാണ് ഇതുവഴി തരപ്പെടുന്നത്. പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പരസ്യപ്പലകയില്‍ ഭീഷണിപ്പെടുത്തും പോലെ ഇത് കേരളമാണ്. അസിസ്റ്റന്റ് പറയുന്നതും ഇത് മലപ്പുറമാണെന്നാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: