വടകര: ശബരിമല പ്രക്ഷോഭം കേരളത്തില്‍ ഇടതുപക്ഷത്തിന്റെ മരണ മണിയായി മാറിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. എന്‍ഡിഎ വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുവലതു മുന്നണികളുടെ രാഷ്‌ട്രീയ ഇരട്ടത്താപ്പിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണ സംസ്ഥാനത്തുണ്ടാകുക. ബിജെപി സ്ഥാനാര്‍ത്ഥികളെ ദുര്‍ബലരാണെന്ന് വിളിച്ച് ആക്ഷേപിച്ചതിന് കോടിയേരി മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രാജ്യം കരുത്ത് നേടുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുക എന്നത് ഇടതുപക്ഷത്തിന്റെ മുഖമുദ്രയാണ്. വടകരയിലെ തെരഞ്ഞെടുപ്പ് രംഗം ക്രിമിനല്‍ വല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പാണ് പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് സ്ഥാനാര്‍ഥി അഡ്വ. വി.കെ. സജീവന്‍ പറഞ്ഞു.
പാവങ്ങളോട് കൂറുകാണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും മോദി സര്‍ക്കാര്‍ തുടരേണ്ടത് സാധാരണ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും സജീവന്‍ വ്യക്തമാക്കി. ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ശ്രീശന്‍ അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, പത്മിനി ടീച്ചര്‍, രാംദാസ് മണലേരി, മനീഷ്, തിരുവള്ളൂര്‍ മുരളി, മാത്യു പേഴത്തിങ്കല്‍, എം.എന്‍. ഗിരി, നോബിള്‍ കാപ്പന്‍, വര്‍ക്കി വട്ടപ്പാറ, വിജയന്‍ ചാത്തോത്ത്, എം. മോഹനന്‍, എം.പി. രാജന്‍, എ.പി. രാമചന്ദ്രന്‍, രാമദാസ് മണലേരി, സന്തോഷ് കാളിയത്ത്, നോബിള്‍മാത്യു, കെ. ജയന്‍, ടി.കെ. പത്മനാഭന്‍, എന്‍. ഹരിദാസ്, വി.പി. സുരേന്ദ്രന്‍, ഇ. മനീഷ്, രത്‌നാകരന്‍ പയ്യോളി, അഡ്വ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
















