കണ്ണൂര്‍: പി. ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്‌ത്തിയുള്ള സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം തടഞ്ഞ, ജയരാജനെ പുകഴ്‌ത്തുന്ന ഗാനമാണ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ മുഴങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന ഗാനങ്ങളും വടകരയടക്കമുള്ള മണ്ഡലങ്ങളില്‍ വ്യാപകം.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ പ്രകീര്‍ത്തിച്ച് തയാറാക്കിയ സംഗീത ആല്‍ബം കഴിഞ്ഞ സമ്മേളന കാലത്ത് പാര്‍ട്ടിക്കുള്ളിലും വിവാദമായിരുന്നു. 15 മിനിറ്റുള്ള ആല്‍ബമാണ് ജയരാജ സ്തുതിയുമായി വ്യാപകമായി പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതിന്റെ പേരില്‍ ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശാസിച്ചിരുന്നു. നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത്, മേലില്‍ ഇത്തരം സ്വയംപുകഴ്‌ത്തല്‍ പാര്‍ട്ടിക്കകത്ത് പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. അതിനിടെയാണ് പുതിയ പാട്ട് വിവാദം.
പി. ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും കണ്ണൂര്‍ ജില്ലാ ഘടകം നിലയുറപ്പിച്ചതിനാലാണ് അന്ന് ജയരാജന്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ജയരാജന്‍ മത്സര രംഗത്തെത്തിയതോടെയാണ് അനുയായികള്‍ ജയരാജ സ്തുതിഗീതവുമായി വീണ്ടും രംഗത്തെത്തിയത്. അന്ന് ജയരാജസ്തുതിയെ എതിര്‍ത്ത മുഖ്യമന്ത്രിയെ പുകഴ്‌ത്തിയുള്ള ഗാനങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പൊതുപരിപാടികളിലും നിറയുന്നു. അന്ന് ജയരാജന്‍ പാര്‍ട്ടിക്കതീതനാകുന്നുവെന്ന് വാദിച്ച മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെയും മൗനാനുവാദത്തോടെയാണ് പുതിയ നീക്കം.
പി. ജയരാജനെ പാര്‍ട്ടിയുടെ പോരാട്ട പ്രതീകമായി അവതരിപ്പിച്ച് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയേക്കാളും പാര്‍ട്ടി സെക്രട്ടറിയേക്കാളും മുകളിലെത്തിക്കാനുള്ള ശ്രമം പിണറായിയുടേയും കോടിയേരിയുടേയും മറ്റ് ചില നേതാക്കളുടേയും നീരസത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് വ്യക്തിപൂജാ വിവാദവും ജയരാജനെതിരായ വിമര്‍ശനവുമുയര്‍ന്നത്. ജയരാജനെ വടകര സ്ഥാനാര്‍ഥിയാക്കി കണ്ണൂരില്‍ നിന്ന് നാടുകടത്തിയതാണെന്നുള്ള ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വ്യക്തി ആരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന പാര്‍ട്ടിയുടെ അടിസ്ഥാനതത്വത്തിന് ഇളവ് പ്രഖ്യാപിച്ച ഇപ്പോഴത്തെ സ്തുതിഗീതങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക