ന്യൂദല്‍ഹി: വടകര സ്ഥാനാര്‍ഥിയായി അവസാന നിമിഷം കെ. മുരളീധരനെ ഇറക്കിയത് ഹൈക്കമാന്‍ഡില്‍ രണ്ടാമനായ കെ.സി. വേണുഗോപാലിനെ വെട്ടാന്‍. മുരളിയെ ഉമ്മന്‍ ചാണ്ടിയാണ് നിര്‍ദേശിച്ചതെങ്കിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും പിന്താങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എതിരഭിപ്രായമുണ്ടായിരുന്നില്ല.
സിപിഎമ്മിന് സംഘടനാ സംവിധാനം ശക്തമായ മണ്ഡലത്തില്‍ പി. ജയരാജനെ നേരിടാന്‍ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന വാദമുയര്‍ത്തിയാണ് മുരളിയെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും കേന്ദ്രത്തില്‍ വേണുഗോപാലിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വേണുഗോപാലുമായി ആലോചിക്കാതെയാണ് മുരളിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കേരളത്തിലെ നേതാക്കള്‍ അന്തിമ തീരുമാനമെടുത്തത്. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന ന്യായമാണ് ഇതിന് മുല്ലപ്പള്ളി നല്‍കിയത്. വടകര, വയനാട് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കുന്നതിന് മുന്‍പ് നേതാക്കള്‍ പരസ്യമാക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി അവസാനമായി പുറത്തിറക്കിയ ഒന്‍പതാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വടകര ഉള്‍പ്പെടാത്തത് വേണുഗോപാലിന്റെ അതൃപ്തി കാരണമെന്നാണ് സൂചന. കഴിഞ്ഞ ജനവരിയിലാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഒഴിവില്‍ വേണുഗോപാലിന് സംഘടനാ ചുമതല ലഭിക്കുന്നത്.
രാഹുലിന്റെ വിശ്വസ്തനായ അനുയായി എന്നതാണ് അനുഭവപരിചയവും കഴിവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കളെ മറികടന്ന് പ്രധാന സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് തുണയായത്. സീനിയോറിറ്റി അനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനാണ് ചുമതല ലഭിക്കേണ്ടിയിരുന്നത്. കേരളത്തിലെ നേതാക്കളുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ വാസ്‌നിക്കിന്റെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസ്സിലെ ഉത്തരേന്ത്യന്‍ ലോബിയും വേണുഗോപാലിന് എതിരാണ്. ഐ ഗ്രൂപ്പിലായിരുന്ന വേണുഗോപാലിനെ ഇപ്പോള്‍ സംശയത്തോടെയാണ് ചെന്നിത്തല കാണുന്നത്. കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കമല്‍നാഥിനെയോ ഗെഹ്‌ലോട്ടിനെയോ പോലെ മുഖ്യമന്ത്രിയായി രാഹുലിന്റെ പിന്തുണയോടെ വേണുഗോപാല്‍ പറന്നിറങ്ങുമെന്നാണ് നേതാക്കളുടെ ആശങ്ക. പാര്‍ലമെന്റിലേക്ക് മത്സരിക്കാത്തത് ആശങ്ക വര്‍ധിപ്പിച്ചു.
മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നതും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ്. മുരളീധരനെ ദല്‍ഹിക്കയച്ചാല്‍ വേണുഗോപാലിന്റെ സ്വാധീനം കുറയ്‌ക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
















