കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ‘മന്ത്രിസ്ഥാനാര്‍ഥി’ക്ക് വോട്ടര്‍മാരുടെ മനം നിറഞ്ഞ സ്വീകരണം. കേന്ദ്ര മന്ത്രിയായ, മന്ത്രിയാകുമെന്നുറപ്പുള്ള അല്‍ഫോണ്‍സ് കണ്ണന്താനം, പാര്‍ട്ടിസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി മണ്ഡലത്തിലെത്തുകയായിരുന്നു. ആര്‍പ്പും ആരവവും ആവേശവുമായി വോട്ടര്‍മാര്‍ കണ്ണന്താനത്തെ സ്വീകരിച്ചു.
എന്‍ഡിഎയുടെ വിജയത്തിലേക്കുള്ള പടയോട്ടത്തിന് വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കംതന്നെയായിരുന്നു. വൈകിട്ട് 5.40 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഭാരത്മാതാ ജയ് വിളികളുമായാണ് വരവേറ്റത്. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് തിലകക്കുറിയണിച്ചു. നിരവധി പ്രവര്‍ത്തകര്‍ ഷാളണിയിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണന്താനത്തെ സ്വീകരിക്കാനെത്തിയത്. ആഗമന കവാടത്തില്‍ നിന്ന് പുറത്തേക്കുവന്ന അദ്ദേഹത്തെ കാണാന്‍, അബുദബിയില്‍ നടന്ന സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിവരുന്ന കുട്ടികളെ വരവേല്‍ക്കാന്‍ കാത്തുനിന്ന അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും തിക്കിത്തിരക്കി. അവരോട് കുശലാന്വേഷണം നടത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തങ്ങളുടെ കുട്ടികളോടൊപ്പം അല്പനേരം ചെലവഴിക്കണമെന്നാരിയിരുന്നു അവരുടെ ആവശ്യം. മാധ്യമങ്ങളെ കണ്ട് മടങ്ങിവരാമെന്ന് ഉറപ്പ് നല്കി.
അഞ്ച് മിനിറ്റ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. പിന്നീട് അല്പനേരം കുട്ടികളോടൊപ്പംഅദ്ദേഹം ചെലവഴിച്ചു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്ത് വിമാനത്താവളത്തിന് പുറത്തേക്ക്. പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നപ്പോള്‍ ‘ഞങ്ങളും എന്‍ഡിഎയ്ക്കൊപ്പം” എന്ന് അവിടുത്തെ നിര്‍മാണ തൊഴിലാളികളുടെ വാക്ക് പിന്നാലെയെത്തി. ചിഹ്നം താമരയെന്ന് ഓര്‍മിപ്പിച്ച് അവരോട് നന്ദിയും പറഞ്ഞ് കേന്ദ്രമന്ത്രി നേരേ, പുറപ്പടാനൊരുങ്ങിയ കെഎസ്ആര്‍ടിസി യാത്രാ ബസ്സിലേക്ക്. യാത്രക്കാരോട് സൗഹൃദം പങ്കിവെയ്ക്കുന്നതിനിടയില് വിദേശികളായിട്ടുള്ളവരോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ബസ് ആലുവ-പറവൂര്‍ ജങ്ഷനില്‍ വന്നതോടെ ജനനായകനെകാത്ത് പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ബസിലെ സഹയാത്രികരോട് നന്ദി പറഞ്ഞ് പ്രവര്‍ത്തകരുടെ ഇടയിലേക്ക്. അവിടെനിന്ന് കളമശ്ശേരിയിലെ നാട്ടുകാരുടെ സ്നേഹോഷ്മള സ്വീകരണങ്ങളുടെ നടുവിലേക്കാണ് പിന്നീടെത്തിയത്. ആറേമുക്കാലോടെ നിയോജകമണ്ഡല അതിര്‍ത്തിയായ കളമശ്ശേരിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊച്ചി നഗരത്തിലേക്കെത്തിക്കാനായിച്ചത്. റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും അണിനിരന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡിന്റെ ഇരു വശങ്ങളിലും കാത്തുനിന്ന് സ്വീകരിച്ചു. തുറന്ന ജീപ്പിലായിരുന്നു യാത്ര. പല സ്ഥലങ്ങളിലും വാഹനം തടഞ്ഞു നിര്‍ത്തി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയെ കാണാനും കൈവീശി സന്തോഷം പ്രകടിപ്പിക്കാനും നിരവധിപേര്‍ നിരത്തുവക്കില്‍ കാത്തുനില്ക്കുന്നു. രാത്രി വൈകി ഗാന്ധി സ്ക്വയറില്‍ സ്വീകരണ പരിപാടി സമാപിച്ചു.
ഇനി പ്രചാരണത്തിന്റെ നാളുകള്‍, മോദി സര്‍ക്കാരിന്റെ നേട്ടം, ഇനിയും മോദി ഭരണം വരാനുള്ള പ്രചാരണം. അതിന് മണ്ഡലത്തിന്റെ പ്രതിനിധിയായി വിജയിക്കാനുള്ള പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: