ഓച്ചിറ: ”മകളെ മടക്കിത്തരൂ, ഞങ്ങള്‍ നാട്ടിലേക്ക് പോയ്കൊള്ളാം. ഈ നാട് മടുത്തു. ഭയമാണ് ഇവിടെ ജീവിക്കാന്‍” ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന് കരഞ്ഞുപറയുന്നു.
വിഷുവിന് വില്പന കാത്ത് കിടക്കുന്ന നാലായിരത്തോളം കൃഷ്ണ പ്രതിമകളാണ് ആ അച്ഛന്റെ വിലാപത്തിന് സാക്ഷി. ഇനി അവയും ഉപേക്ഷിക്കുകയാണ്. കേരളത്തില്‍ നീതികിട്ടില്ലെന്ന് ഉറപ്പാണ്. മകളുടെ പിന്നാലെ ദുഷ്ടന്മാര് കൂടിയിട്ട് കുറേ നാളായി. കുറച്ചു നാളുകള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു. പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ എല്ലാം കെട്ടിപ്പെറുക്കി പൊയ്ക്കോളണമെന്ന് പറഞ്ഞ് ആട്ടിയിറക്കുകയായിരുന്നു അവിടുത്തെ സാറന്മാര്.
ഏതാനും മാസം മുമ്പ് വീടിന്റെ ഓടിളക്കി റൂമില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ അപഹരിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഒന്നും സ്വീകരിച്ചില്ല. പല പ്രാവശ്യവും ഗുണ്ടകളുടെ ഭീഷണിയും അക്രമവുമുണ്ടായി. സഹായിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ പരാതി പറയാന്‍ പോയില്ല. ഗുണ്ടകളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ഞങ്ങള്‍ വളര്‍ത്തുന്നത്. എന്നിട്ടും വിണ്ടും വീണ്ടും അക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജീവനും മാനത്തിനും ഇവിടെ സംരക്ഷണം ഇല്ലാത്തതിനാല്‍ മകളെ തിരിച്ചുകിട്ടിയാലുടന്‍ നാട്ടിലേക്ക് തിരിച്ചു പോകുകയാണെന്നും അച്ഛന് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തത് പോലീസിനേയും പ്രതിക്കൂട്ടിലാക്കുന്നു. ബെംഗളൂരുവിലേക്ക് കടന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നാലു പ്രതികളില്‍ മൂന്നു പേര് കസ്റ്റഡിയിലാണ്. പ്രധാന പ്രതി മുഹമ്മദ് റോഷന്റെ കസ്റ്റഡിയിലാണ് പെണ്‍കുട്ടി എന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: