കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ നേതാക്കളില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതി തനിച്ച് ഏതാനും മഹിളാ അസോസിയേഷന് പ്രവര്‍ത്തകരോടൊപ്പമാണ് കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നത്.
കണ്ണൂര്‍ ജില്ലയുടെ ഭാഗമായ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗവും തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ വടകര മണ്ഡലത്തിന്റെ ഭാഗവുമാണ്. ഇതുകൊണ്ടുതന്നെ ശക്തമായ മത്സരം നടക്കുന്ന വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടി കേഡര്‍മാര്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
കണ്ണൂരിലെ പാര്‍ട്ടി സംവിധാനം കൂടുതലായും മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന് പിന്നാലെയാണ്. കണ്ണൂരില്‍ ഇത്തവണ എല്‍ഡിഎഫ് വിജയം അസാധ്യമാണെന്ന് പാര്‍ട്ടിതന്നെ തീരുമാനിച്ച സ്ഥിതിയാണ്. കൊലപാതകക്കേസുകളില്‍ ആരോപണ വിധേയനായ ജയരാജനെ എന്ത് വില കൊടുത്തും ജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വടകരയില്‍ നടത്തുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലായ ഷുക്കൂര്‍, ഷുഹൈബ് വധക്കേസുകള്‍ കണ്ണൂര്‍ സീറ്റില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നതിനാല്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിടും. ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷ സമുദായ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനവും ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.
സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് നേതാക്കളില്ലാത്തത് പാര്‍ട്ടിക്കുള്ളിലാകെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തി നിലനില്‍ക്കേയായിരുന്നു സിറ്റിങ് എംപിയായ പി.കെ. ശ്രീമതിയെ കണ്ണൂരില്‍ വീണ്ടും മത്സരത്തിനിറക്കിയത്. പി. ജയരാജന് കണ്ണൂരില്‍ മത്സരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയുടെ ബന്ധുവായ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെയുളളവര്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ശ്രീമതിയെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്.
കണ്ണൂര്‍ സീറ്റില്‍ പല പ്രമുഖ നേതാക്കള്‍ക്കും കണ്ണുണ്ടായിരുന്നു. പാര്‍ട്ടിക്കതീതയായി പ്രവര്‍ത്തിക്കുന്നു, മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തെത്തിക്കാന്‍ സഹോദരീ ഭര്‍ത്താവായ മന്ത്രിയുമായി ചേര്‍ന്ന് ശ്രമം നടത്തി, ഇതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോലും രാജിവയ്ക്കേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളെല്ലാം സിറ്റിങ് എംപിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: