മണിച്ചിത്രത്താഴ് സിനിമ കണ്ടവര്‍ക്ക് മാടമ്പള്ളി മേട മറക്കാനാവില്ല. ഇത് ഒരു സാങ്കല്പ്പികമായ കെട്ടിടമല്ല. ഇതിന്റെ ശരിയായ പേര് ആലുംമൂട്ടില്‍മേട എന്നാണ്. ഹരിപ്പാട് നിന്നും മാവേലിക്കരയിലേക്ക് പോകുന്ന പാതയില്‍ മുട്ടം എന്ന സ്ഥലത്തായി തലയുയര്‍ത്തിയാണ് ഈ മേട സ്ഥിതി ചെയ്യുന്നത്.
പഴമയുടെ ആഢ്യത്വത്തിന് മങ്ങലേറ്റെങ്കിലും പുതിയ കാലഘട്ടത്തിലും ചുവടുറച്ചുനില്‍ക്കുന്ന ഈ കെട്ടിടം വലിയൊരു ഓര്‍മപ്പെടുത്തലാണ്. സ്വകാര്യഭൂമിയില്‍ മൂന്നിലേറെ ഉടമകളുടെ പേരിലാണ് ആലുംമൂട്ടില്‍മേടയും അതിനടുത്തായുള്ള പ്രദേശവുമുള്ളത്. മേല്‍നോട്ടത്തിനായി ജോലിക്കാരെയും ഉടമസ്ഥര്‍ നിയോഗിച്ചിട്ടുണ്ട്. മധു മുട്ടം എന്ന കഥാകാരന് സ്വന്തം ജീവിതത്തില്‍ അമ്മ പകര്‍ന്നുനല്‍കിയ നിഗൂഢതകളുടെ കഥയാണ് മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ അമ്മയുടെ മുന്‍തലമുറ ഈ മേടയിലായിരുന്നു താമസിച്ചിരുന്നത്. മരുമക്കത്തായമായിരുന്നു അന്ന്.
അയിത്തം നിലനിന്നിരുന്ന രാജഭരണകാലത്ത് ഈഴവ സമുദായത്തില്‍പ്പെട്ട കുടുംബത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ചാന്നാന്‍ സ്ഥാനം നല്കി ആദരിച്ച ജന്മിത്തറവാടായിരുന്നു ആലുംമൂട്ടില്‍മേട. നൂറുകണക്കിനു വരുന്ന ജോലിക്കാരുള്ള തറവാട്. മേടയില്‍ പുരുഷന്മാരും എട്ടുകെട്ടില്‍ സ്ത്രീകളുമായിരുന്നു താമസിച്ചിരുന്നത്.
ജോലിക്കാര്‍ക്ക് താമസിക്കാനും പ്രത്യേകസൗകര്യമൊരുക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് നാടിനെ നടുക്കിയ കൊലപാതകം ഇവിടെ സംഭവിച്ചത്. മരുമക്കത്തായം നിലനിന്നിരുന്ന കാലത്ത് മരുമക്കള്‍ക്കു ലഭിക്കേണ്ട സ്വത്തുക്കള്‍ കാരണവര്‍ മക്കള്‍ക്ക് എഴുതി നല്കി. ഇതറിഞ്ഞ മരുമക്കള്‍ ഗൂഢാലോചന നടത്തുകയും സംഘം ചേര്‍ന്ന് മേടയിലെത്തി ചാന്നാനെ വെട്ടിക്കൊല്ലുകയും ചെയ്തു.
മേടയുടെ താക്കോല്‍ക്കൂട്ടം കാരണവരില്‍ നിന്ന് കൈവശപ്പെടുത്തി നിലവറ തുറന്ന് അവിടെ സൂക്ഷിച്ച സ്വര്‍ണവും പണവുമെല്ലാം കൈക്കലാക്കി. ഈ സമയത്താണ് ഇതൊന്നുമറിയാതെ ഒരു വേലക്കാരി പെണ്‍കുട്ടി മേടയിലേക്ക് കടന്നുവന്നത്. ഈ കൊലപാതകത്തിന് യാദൃച്ഛികമായി ദൃക്സാക്ഷിയാകേണ്ടിവന്ന അവളെയും തെളിവുകള്‍ ഇല്ലാതാക്കാനായി മേടയിലിട്ടുതന്നെ ക്രൂരമായി വെട്ടിക്കൊന്നു.
പ്രതാപത്താല്‍ തിളങ്ങിനിന്ന ആലുംമൂട്ടില്‍ മേട ഈ കൊലപാതകങ്ങള്‍ക്കുശേഷം ക്രമേണ ഭയപ്പെടുത്തുന്ന പ്രേതഭവനമായി മാറി. പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ ചാന്നാന്റെ അനന്തരവനെ തൂക്കിക്കൊല്ലുകയും ചെയ്തു. എന്നാല്‍ തറവാട് സ്ഥിരമായി ദുര്‍നിമിത്തങ്ങളുടെ പിടിയിലായി. ഭയാശങ്കകള്‍ കാരണം ആരും താമസിക്കാതാകുകയും ചെയ്തു. ദുരൂഹത കൊടുമ്പിരികൊണ്ട ആ അന്തരീക്ഷം ഉണര്‍ത്തിവിട്ട ചിന്താസാഗരത്തിലാണ് മധുമുട്ടത്തിന് സിനിമ രചിക്കാനായത്.
ഫാസിലിന് വേണ്ടി മാസങ്ങളോളം അധ്വാനിച്ചാണ് ഇതിന്റെ തിരക്കഥ മധുമുട്ടം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാത്ത സാധാരണക്കാരനാണ് താനെന്ന് മേടയുടെ അല്‍പ്പമകലെ ഏകാന്തനായി കഴിയുന്ന മധുമുട്ടം പറയുന്നു.
സിനിമ തനിക്കുള്ളതല്ല, താന്‍ സിനിമയ്ക്കും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന് ശേഷം സ്നേഹനിര്ബന്ധങ്ങള്ക്ക് വഴങ്ങി പിന്നീട് 2007ല്‍ ഭരതന് എന്നൊരു സിനിമയ്ക്ക് തിരക്കഥയെഴുതിയെങ്കിലും ബോക്സ് ഓഫീസില്‍ വിജയിച്ചില്ല. അതില്‍ തെല്ലും വിഷമവുമില്ല മധുമുട്ടത്തിന്. പ്രതിഭാധനരായ സാങ്കേതിക പ്രവര്‍ത്തകര്‍ക്കുള്ളതാണ് സിനിമയെന്നും അക്ഷരങ്ങളുടെ ലോകത്ത് ഒതുങ്ങിക്കഴിയുന്ന തനിക്ക് സിനിമയില്‍ ആസക്തിയില്ലെന്നും തന്നെ തേടിയെത്തുന്നവരോടെല്ലാം അദ്ദേഹം വ്യക്തമാക്കുന്നു.
ഭാഷാന്തരങ്ങള്‍ കടന്ന സിനിമ
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഇതിവൃത്തം മലയാളിക്ക് മാത്രമല്ല, തമിഴിനും തെലുങ്കിനും കന്നഡയ്ക്കും ബംഗാളിക്കും ഹിന്ദിക്കുമെല്ലാം പുതുമയുള്ളതായിരുന്നു. 2005ല്‍ തമിഴില്‍ സിനിമ റീമേക്ക് ചെയ്ത സംവിധായകന് പി.വാസുവാണ് കന്നഡയിലും സിനിമയെടുത്തത്. തമിഴ്സിനിമ മൊഴിമാറ്റം ചെയ്ത് തെലുങ്കിലും വിജയം കൊയ്തു. ഹിന്ദിയില്‍ മലയാളിയായ പ്രിയദര്‍ശനായിരുന്നു ഊഴം. തമിഴില്‍ മോഹന്‍ലാലിന്റെ വേഷം രജനീകാന്ത് ചെയ്തപ്പോള്‍ കന്നഡയില്‍ വിഷ്ണുവര്‍ധനും ഹിന്ദിയില്‍ അക്ഷയ്കുമാറും ബംഗാളിയില്‍ പ്രോസ്ജിത് ചാറ്റര്‍ജിയുമായിരുന്നു നായകന്മാര്. ആലുംമൂട്ടില്‍മേട തമിഴിലെത്തിയപ്പോള്‍ വേട്ടയാര്‍പുരം കൊട്ടാരവും കന്നഡയില്‍ നാഗവല്ലിമനയും ഹിന്ദിയില്‍ ഹവേലിയുമായി രൂപാന്തരപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: