ബെംഗളൂരു: പന്ത്രണ്ട് സീറ്റില്ലെങ്കില്‍ 28 ലോക്സഭാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നും സീറ്റ് ചോദിച്ചു പിന്നാലെ നടക്കാന്‍ തങ്ങള്‍ യാചകരല്ലെന്നും ഭീഷണി മുഴക്കിയ ജെഡിഎസ്സിനെ എട്ട് സീറ്റില്‍ കോണ്‍ഗ്രസ് ഒതുക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുധാരണയില്‍ എത്തിയത്.
കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ടു സീറ്റിലും മത്സരിക്കും. ഉത്തരകന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു, ശിവമോഗ, തുമക്കൂരു, ഹാസന്, മാണ്ഡ്യ, ബെംഗളൂരു നോര്‍ത്ത്, വിജയപുര മണ്ഡലങ്ങളിലാണ് ജെഡിഎസ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്ന് സിറ്റിങ് സീറ്റ് ആവശ്യപ്പെട്ട ജെഡിഎസ്സിന് തുമക്കുരു സിറ്റിങ്സീറ്റ് മാത്രമാണ് ലഭിച്ചത്. ജെഡിഎസ്സിന് സ്വാധീനമുള്ള മൈസൂരു, ചിക്കബെല്ലാപ്പുര സീറ്റുകള്‍ വിട്ടു നല്കാന് കോണ്‍ഗ്രസ് തയാറായില്ല.
മാണ്ഡ്യ, ഹാസന് സീറ്റുകളില്‍ മത്സരിക്കുന്ന കൊച്ചുമക്കളുടെ വിജയവും മകന് കുമാരസ്വാമിയുടെ മുഖ്യമന്ത്രിസ്ഥാനവും നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ദേവഗൗഡയുടെ കീഴടങ്ങലിനു പിന്നില്‍.
മാണ്ഡ്യ സീറ്റില്‍ മത്സരിക്കാന്‍ മുന്‍കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലത എത്തിയതാണ് ജെഡിഎസ്സിനെ അടിയറവു പറയിപ്പിച്ചതില്‍ പ്രധാനം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ സഖ്യത്തിലല്ലാതെ മത്സരിച്ചാല്‍ നിഖില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഇതോടെ ദേവഗൗഡ ഒത്തുതീര്‍പ്പിന് വഴങ്ങി.
12 സീറ്റ് എന്ന നിലപാടില്‍ ഉറച്ചു നിന്നത് ദേവഗൗഡയും മക്കളായ എച്ച്.ഡി. രേവണ്ണ, എച്ച്.ഡി. കുമാരസ്വാമി എന്നിവരുമായിരുന്നു. രേവണ്ണയുടെ മകന് പ്രജ്വല്‍ ഹസനിലും കുമാരസ്വാമിയുടെ മകന് നിഖില്‍ മാണ്ഡ്യയിലും സഖ്യത്തില്‍ മത്സരിക്കുമെന്ന് ഉറപ്പാക്കിയതോടെയാണ് ജെഡിഎസ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്.
ഈ മണ്ഡലങ്ങളില്‍ സഖ്യം വിട്ട് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭയമാണ് ഗൗഡ കുടുംബത്തെ അടിയറവ് പറയിപ്പിച്ചതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ തുമക്കൂരുവില്‍ ദേവഗൗഡ സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചനയുണ്ട്.
സുമലതയെ പിന്തിരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് ജെഡിഎസ്സിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പകരമായി ജെഡിഎസ് അവകാശവാദം ഉന്നയിച്ചിരുന്ന മൈസൂരു കോണ്‍ഗ്രസിന് വിട്ടു നല്കി. സുമലതയെ മൈസൂരുവില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സുമലത ആവര്‍ത്തിച്ചു. മാണ്ഡ്യയിലല്ലാതെ മറ്റൊരു മണ്ഡലത്തിലും താന്‍ മത്സരിക്കില്ല. സുമലത വ്യക്തമാക്കി.
ഏഴും തോല്‍വി ഉറപ്പായ മണ്ഡലങ്ങള്‍
ബെംഗളൂരു: ജെഡിഎസ്സിന് ലഭിച്ച എട്ടു മണ്ഡലങ്ങളില്‍ ഏഴും തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങള്‍.
2014ല്‍ 1,00,462 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എച്ച്.ഡി. ദേവഗൗഡ വിജയിച്ച ഹാസന് മാത്രമാണ് വിജയ പ്രതീക്ഷയുള്ള ഏക മണ്ഡലം. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകനും സംസ്ഥാന മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകന് പ്രജ്വല്‍ രേവണ്ണയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി.
മാണ്ഡ്യ ജെഡിഎസ് സ്വാധീന മണ്ഡലമാണ്. എന്നാല്‍ ഇക്കുറി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അന്തരിച്ച ചലച്ചിത്രനടന്‍ അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുമലത സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: