ന്യൂദല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ബുദ്ധിശൂന്യതമൂലമാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ ഇരിക്കേണ്ട സ്ഥാനത്ത് ചൈന കയറിപ്പറ്റിയതെന്ന് ബിജെപി. മോദിക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന്, നെഹ്റുവും കുടുംബവും ചെയ്ത ഇന്ത്യാവിരുദ്ധ നടപടികളുടെ കണക്കുകള്‍ നിരത്തിയാണ് ബിജെപി മറുപടി നല്‍കിയത്. മസൂദ് അസറിനെ ഭീകരപട്ടികയില്‍ പെടുത്താനുള്ള രക്ഷാ സമിതി അംഗങ്ങളുടെ ശ്രമം ചൈന നാലാം തവണയും വീറ്റോ ചെയ്തതാണ് നെഹ്റു കുടുംബത്തിന്റെ ചൈനീസ് പ്രേമം സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.
താങ്കളുടെ മുതുമുത്തച്ഛന് ചൈനയ്ക്ക് നല്കിയ സമ്മാനത്തിന്റെ വിലയാണ് യുഎന്‍ രക്ഷാ സമിതിയിലെ അംഗത്വം, ബിജെപി ചൂണ്ടിക്കാട്ടി. താങ്കളുടെ മുതുമുത്തച്ഛന്റെ സമ്മാനം ഇല്ലായിരുന്നെങ്കില്‍ ചൈനയ്ക്ക് സമിതി അംഗത്വം ലഭിക്കില്ലായിരുന്നു. താങ്കളുടെ കുടുംബമാണ് ഇന്ത്യയ്ക്ക് എല്ലാ കുഴപ്പങ്ങളും വരുത്തിയത്. ഭീകരതയ്ക്കെതിരായ യുദ്ധം ഇന്ത്യ ഉറപ്പായും വിജയിക്കും. അക്കാര്യം പ്രധാനമന്ത്രി മോദിക്ക് വിട്ടേക്കൂ. താങ്കള്‍ ചൈനീസ് നയതന്ത്ര പ്രതിനിധികളുമായി രഹസ്യമായി സുഖിച്ചോളൂ, ബിജെപി തിരിച്ചടിച്ചു. കൈലാസ യാത്രയ്ക്കിടെ രാഹുല്‍ ചൈനീസ് നയതന്ത്രജ്ഞരുമായി രഹസ്യ ചര്‍ച്ച നടത്തിയ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
യുഎന്‍ രക്ഷാസമിതിയില്‍ നടന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് നെഹ്റു 1955ല്‍ എഴുതിയ കത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ബിജെപിയുടെ ആക്രമണം. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ താത്പര്യങ്ങളോട് ഒത്തുതീര്‍പ്പ് നടത്തിയ നെഹ്റുവിന്റെ നടപടികളെപ്പറ്റി പഠിച്ചിട്ടു വേണം രാഹുല്‍ ഇക്കാര്യത്തില്‍ പ്രസ്താവന നടത്താനെന്നും ബിജെപി ഓര്‍മിപ്പിച്ചു.
ചൈനയെ യുഎന്നിലേക്ക് എടുക്കാനും ഇന്ത്യയെ യുഎന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് ഉയര്‍ത്താനുമുള്ള തീരുമാനം അമേരിക്കയാണ് ഇന്ത്യയെ അറിയിച്ചത്. എന്നാല്‍, ചൈന പോലെയുള്ള വലിയ രാജ്യം സുരക്ഷാ കൗണ്‍സിലില്‍ ഇല്ലാതിരിക്കുന്നത് മോശമാണെന്നും ഇന്ത്യയ്ക്ക് പകരം അവരെ ഉള്‍പ്പെടുത്തണമെന്നും നെഹ്റു അമേരിക്കയ്ക്ക് മറുപടി നല്കി. ഇന്ത്യയ്ക്ക് സുരക്ഷാ കൗണ്‍സില്‍ സ്ഥാനം നല്‍കാനുള്ള തീരുമാനം തനിക്ക് സ്വീകാര്യമല്ലെന്നും ചൈന പോലുള്ള വലിയ രാജ്യത്തിന് സ്ഥാനമില്ലാത്ത സുരക്ഷാ കൗണ്‍സിലിലേക്ക് ഇന്ത്യ ഇല്ലെന്നും നെഹ്റു പറഞ്ഞു. ചൈനയ്ക്ക് സ്ഥാനം നല്‍കുമോ എന്ന ചോദ്യത്തിനാണ് ഉത്തരം ആദ്യം വേണ്ടതെന്നും ഇന്ത്യയുടെ സ്ഥാനം പിന്നീട് പരിഗണിക്കാമെന്നും നെഹ്റു നിലപാടെടുത്തതായി അദ്ദേഹം തന്നെ മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
വലിയ കാര്യമായി അവകാശപ്പെട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു തന്നെ വെളിപ്പെടുത്തിയ ഈ നയതന്ത്ര വിഡ്ഢിത്തത്തിന്റെ വിലയാണ് ആറര പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം സുരക്ഷാ കൗണ്‍സിലില്‍ കയറിപ്പറ്റിയ ചൈന അവിടെയിരുന്ന് നിരന്തരം ഇന്ത്യയ്ക്കെതിരെ നടപടികള്‍ തുടരുന്നു. നെഹ്റുവിന്റെ ചൈനീസ് പ്രേമത്തിന് കമ്യൂണിസ്റ്റ് ചൈന നല്കിയ മറുപടി 1962ലെ യുദ്ധമായിരുന്നു എന്നതും ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: