കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ. രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാകണമെങ്കില്‍ ഇരയും വേട്ടക്കാരും തമ്മിലുള്ള പോരിന് അവസരമൊരുങ്ങണമെന്നാണ് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ആവശ്യപ്പെട്ടത്. രാഷ്ട്രീയ കൊലപാതക ഭീകരത ഓര്‍മ്മപ്പെടുത്തുന്ന ഇരയുടെ പ്രതീകമാണ് കെ.കെ. രമയെന്നും തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഷാജി ഫെയ്സ്ബുക്കില്‍ കുറിച്ചു
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്, സതീശന് പാച്ചേനി, ടി. സിദ്ദിഖ് എന്നിവരാണുള്ളത്. എന്നാല്‍, സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനോട് കിടപിടിക്കാവുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് യുഡിഎഫിലെ ആവശ്യം. ഇടഞ്ഞു നില്ക്കുന്ന ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ വോട്ടും ലഭിക്കുമെന്നും ലീഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മില്‍ നിന്നുള്ള വോട്ടും ലഭിക്കുമെന്നാണ് രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ കണക്കുകൂട്ടുന്നത്. കൊലപാതകരാഷ്ട്രീയത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നുള്ള ആര്‍എംപിയുടെ നിലപാടും അനുകൂലമാണെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എംപി രംഗത്തുവരുന്നതോടെ ആര്‍എംപിയുടെ അസ്തിത്വമില്ലാതാകുമെന്നാണ് പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന്റെ ആശങ്ക. പി. ജയരാജനെതിരെയുള്ള സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായി മാറ്റാന്‍ കഴിയുമെന്നും ആര്‍എംപി കണക്കുകൂട്ടുന്നുണ്ട്.
വടകര മേഖലയില്‍ ടി.പി. ചന്ദ്രശേഖരന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിന്റെ താക്കോല്‍ സ്ഥാനങ്ങളിലുള്ളത്. ഇതും ഗുണകരമാകുമെന്ന് ആര്‍എംപി കണക്കുകൂട്ടുന്നു. ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. ഇതിന്റെ തുടക്കമായാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് നേതാവിലൂടെ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: