തിരുവനന്തപുരം: ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ എല്ലാ വായ്‌പകളിലും ജപ്തിനടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്‌പകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച എല്ലാ നടപടികളും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടപ്പാകു. അതിനായി ഈ മാസം 12ന് സഹകരണമന്ത്രി ആര്‍ബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്‌പകള്‍ക്ക് തീരുമാനം ബാധകമായിരിക്കും.
കാര്‍ഷിക കടാശ്വാസ കമ്മിഷന് 50,000 രൂപയ്‌ക്കുമേലുള്ള കുടിശികയ്‌ക്ക് നല്‍കുന്ന ആനുകൂല്യം ഒരുലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്തും. ഇതുവഴി 150 കോടിയുടെ ആനുകൂല്യമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
ഇടുക്കി, വയനാട് ജില്ലകളില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന് ആനുകൂല്യം 2018 ആഗസ്ത് 31 വരെയുള്ള വായ്‌പകള്‍ക്ക് ബാധകമാക്കും. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയാക്കി. നിലവില്‍ ഇടുക്കി, വയനാട് ജില്ലക്കാര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും മറ്റുജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുമായിരുന്നു. യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
















