ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത സംഭവവും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്നാണ ഇന്ത്യ അവരുടെ പരിശീലന ക്യാമ്പിനു നേരെ തിരിച്ചടിച്ചത്.
ജെയ്‌ഷെയ്‌ക്കു നേരെ നടത്തിയ ആക്രമണം പാക്കിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ ഇന്ത്യ സ്വീകരിച്ച നടപടി മാത്രമാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. കൂടാതെ, വ്യോമാക്രമണവും പൊതു തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല എന്നും അവര്‍ വ്യക്തമാക്കി.
ബലാകോട്ട് ആക്രമണത്തെയും പുല്‍വാമ ഭീകരാക്രമണത്തെയും രാഷ്‌ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനു മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് പ്രതിരോധമന്ത്രിയും രംഗതെത്തിയിരുന്നത്. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകര്‍ക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം.
















