കോട്ടയം: അക്ഷരനഗരിയിലെ യുവതയുടെ ആഘോഷം സമാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നലെ അവധി ദിവസമായതിനാല്‍ ആളൊഴിഞ്ഞ കലോത്സവ വേദികളില്‍ ആളനക്കമുണ്ടായി.
പതിവില്‍ കവിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഒന്നാം വേദിയായ തിരുനക്കര മൈതാനത്ത് എത്തിയിരുന്നു. ഇന്ന് മത്സരങ്ങള്‍ സമാപിക്കാന്‍ ഇരിക്കെ നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം സിഎംഎസ് കോളേജില്‍ ഉണ്ടായ എസ്എഫ്‌ഐ- കാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം രാത്രിയിലും നഗരത്തില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് 12 മണിക്ക് ശേഷം തട്ടുകടകള്‍ പ്രവര്‍ത്തിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.
മത്സരങ്ങള്‍ ഏറെക്കുറെ അവസാനിച്ചതോടെ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഇന്നലെ വൈകുന്നരത്തോടെ കലോത്സവ വേദി വിട്ടിരുന്നു. ഞായാറാഴ്ചയായതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ എത്തിയിരുന്നു. എന്നാല്‍ സംഘനൃത്തം ഉള്‍പ്പെടെ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന പരിപാടികള്‍ ശനിയാഴ്ച നടത്തിയത് അവരെ നിരാശരാക്കി.
അവധിദിനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയെങ്കിലും കോട്ടയത്തെ ജനാവലി കലോത്സവ നഗരിയിലേക്ക് വരാന്‍ മടിച്ചു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിനും പുറത്ത് നിന്നുള്ള കാഴ്ചക്കാര്‍ കുറവായിരുന്നു.തിരുനക്കര മൈതാനത്ത് മത്സരങ്ങള്‍ നടക്കുമ്പോഴും നഗരത്തിലെത്തുന്നവരുടെ ശ്രദ്ധ അങ്ങോട്ട് പതിഞ്ഞിരുന്നില്ല. സ്‌കൂള്‍ യുവജനോത്സവങ്ങളെ പോലെ സര്‍വകലാശാല കലോത്സവത്തിന് ജനശ്രദ്ധ ആകര്‍ഷിക്കാനായില്ല.
















