തിരുവനന്തപുരം: സൈനികരെ അവഹേളിച്ച എസ്എപി ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതെ അധികൃതര്‍. ഇന്ത്യന്‍ സൈന്യം കശ്മീരികളെ ദ്രോഹിക്കുകയാണെന്നും ബലാത്സംഗം നടത്തുകയാണെന്നുമുള്ള വാദവുമായി പോലീസ് ഉദ്യോഗസ്ഥനായ ആഷിക് അബൂബക്കര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനെതിരെ നാടൊന്നടങ്കം പ്രതിഷേധം ഉയരുമ്പോഴായിരുന്നു ഭീകര വാദികള്‍ക്കനുകൂലമായി പോലീസുകാരന്‍ നിലപാടെടുത്തത്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പ്രതിഷേധ കമന്റുകളാണ് ഉദ്യോഗസ്ഥനെതിരെ പോസ്റ്റ് ചെയ്യപ്പെട്ടത്.
കശ്മീരിലെ ഹിത പരിശോധനയെ പിന്തുണച്ചും, സൈന്യത്തെ അവഹേളിച്ചുമുള്ള പോസ്റ്റിനെതിരെ വ്യാപകമായി പ്രതികരണം ഉണ്ടായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മറ്റൊരു പ്രൊഫൈലിലെ പോസ്റ്റ് ഇയാള്‍ വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു.
ഭീകര വാദശക്തികളെ പിന്തുണയ്‌ക്കുകയും, ഭാരത സൈനികരെ ആക്ഷേപിക്കുകയും ചെയ്ത ആഷിക് അബൂബക്കറിന്റെ നിലപാട് കേരള പോലീസിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പോലും പോസ്റ്റുകള്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് പോലീസുകാരെയും, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജോലിയില്‍ നിന്നും പുറത്താക്കുമ്പോഴാണ് അത്യന്തം രാജ്യ ദ്രോഹ സമീപനം പുലര്‍ത്തുന്ന പോലീസുകാരനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. നവമാധ്യമങ്ങളില്‍ അടക്കം പാക്കിസ്ഥാനെ പിന്തുണച്ചു ചിലര്‍ രംഗത്തെത്തുന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചു വരികയാണ്.
















