അബുദാബി: ഇന്ത്യയുടെ പോരാട്ടം അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്ക് എതിരെയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദത്തിന് എതിരായ ഞങ്ങളുടെ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ല. എല്ലാ മതങ്ങളും സമാധാനവും സാഹോദര്യവുമാണ് വിളംബരം ചെയ്യുന്നതെന്നും സുഷമ വ്യക്തമാക്കി.
ഭീകരവാദത്തെ ഇല്ലാതാക്കാതെ സമാധാനം പുലരില്ല. അതിര്‍ത്തികടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സുഷമ പറഞ്ഞു. അബുദാബിയില്‍ നടക്കുന്ന 46ാമത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒഐസി) സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ’18 കോടി മുസ്ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളുടെ മുസ്ലിം സഹോദരങ്ങള്‍ സമാധാന പ്രേമികളാണ്, അവരില്‍ ചെറിയൊരു ന്യൂനപക്ഷമാണ് തീവ്രപ്രസ്ഥാനങ്ങളുടെ പാതയിലുള്ളത്’ – സുഷമ വ്യക്തമാക്കി.
സമ്മേളനത്തില്‍ വിശിഷ്ഠാതിഥി ആയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തത്. മുസ്ലിം രാജ്യങ്ങളുടെ പ്രതിനിധികളുടെ ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയെ അതിഥി രാഷ്‌ട്രമായി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് സുഷമയെ ക്ഷണിച്ചത്.
‘ഇസ്‌ലാമിക രാജ്യങ്ങളുടെ 50 വര്‍ഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാര്‍ഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചകോടിക്കിടെ സൗദി വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യത്തെ പാകിസ്ഥാന്‍ എതിര്‍ത്തുവെങ്കിലും അംഗരാഷ്‌ട്രങ്ങള്‍ ഇത് തള്ളുകയായിരുന്നു. ഇത് ആദ്യമായാണ് ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കുന്നത്.
















