തൃശൂര്‍: രണ്ട് പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ സിപിഎമ്മിന്റെ താരമായിരുന്ന വി.എസ്. അച്യുതാനന്ദന് ഇക്കുറി പ്രചാരണത്തിനിറങ്ങില്ല. പ്രായാധിക്യവും അനാരോഗ്യവുമാണ് കാരണമായി പറയുന്നതെങ്കിലും പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നില്‍. പ്രചാരണത്തിനിറങ്ങേണ്ട എന്നത് വി.എസിന്റെ തീരുമാനമാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലും ഇടതുമുന്നണി നേതൃയോഗങ്ങളിലും പങ്കെടുപ്പിക്കാത്തതില്‍ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് വി.എസ്.
ഇപ്പോഴും സംസ്ഥാനത്ത് സിപിഎമ്മിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് വി.എസാണ്. വി.എസ്. വിട്ടുനില്‍ക്കുന്നത് ഇടതുമുന്നണിയെ ബാധിക്കുമെന്നുറപ്പ്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ വി.എസിന്റെ താരമൂല്യം മുതലെടുത്താണ് പാര്‍ട്ടി വോട്ട് നേടിയത്. ഭൂരിപക്ഷം കിട്ടിയതോടെ വി.എസ്. കറിവേപ്പിലയായി. ഇപ്പോഴുള്ള ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷപദവി പോലും ഏറെ വിലപേശിയ ശേഷമാണ് ലഭിച്ചത്. അതും യച്ചൂരിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രായാധിക്യം പോലും കണക്കിലെടുക്കാതെ പണിയെടുത്തിട്ടും അവഗണിക്കപ്പെട്ടതില്‍ വി.എസ്. നിരാശനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലും മുന്നണി യോഗങ്ങളിലും പങ്കെടുപ്പിക്കണമെന്ന് നേരിട്ടും അല്ലാതെയും ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. മുതിര്‍ന്ന അംഗമായിട്ടും സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്‍പ്പെടുത്തുന്നില്ല. ഇക്കാരണങ്ങളാല്‍ വി.എസ്. കടുത്ത നീരസത്തിലാണ്.
ശബരിമലപ്രശ്നം, പാളിപ്പോയ പ്രളയ -ഓഖി പുനരധിവാസം, ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ടിന്റെ പേരില്‍ സഭയുടെ രോഷം, മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഇതിനെല്ലാം പുറമേ പെരിയ ഇരട്ടക്കൊലപാതകവും കണ്ണൂരിലെ കൊലപാതക പരമ്പരകളും; സംസ്ഥാനത്ത് കാര്യങ്ങള്‍ ഇടതുമുന്നണിക്ക് ഒട്ടും അനുകൂലമല്ല.
വി.എസിനേപ്പോലെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള നേതാവിന്റെ അഭാവം കൂടിയാകുമ്പോള്‍ ഇക്കുറി സിപിഎമ്മും മുന്നണിയും വിയര്‍ക്കും. മുഖ്യമന്ത്രിയായിട്ടും പിണറായി പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും മാത്രമാണ് സ്വീകാര്യന്‍. വി.എസിനുള്ള പൊതു സ്വീകാര്യത പിണറായിക്കില്ല.
അതേസമയം പാര്‍ട്ടിയുടേയും മുന്നണിയുടേയും തോല്‍വി ഏറ്റവുമധികം ബാധിക്കുക പിണറായിയേയാണ്. ഏകാധിപതിയെപ്പോലെ പാര്‍ട്ടിയും സര്‍ക്കാരും കാല്‍ക്കീഴിലാക്കിയ പിണറായി തോല്‍വിക്ക് ഉത്തരം പറയേണ്ടി വരും.
അതേസമയം വി.എസിന്റേത് സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പിണറായിയേയും പാര്‍ട്ടി നേതൃത്വത്തേയും തന്റെ മുന്നിലെത്തിക്കുക എന്നത് മാത്രമാണ് വി.എസിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതോടെ ദേശീയ നേതൃത്വം ഇടപെട്ട് വി.എസിനെ കളത്തിലിറക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷ. സിപിഐ നേതൃത്വവും വി.എസ്.രംഗത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: