പാകിസ്ഥാനിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം എല്ലാ ദേശീയവാദികളെയും ഉത്തേജിപ്പിച്ച സംഭവമാണ്. അതിന്റെ ചലനങ്ങള്‍ സ്വാഭാവികമായും മാദ്ധ്യമ രംഗത്തും പ്രതിഫലിക്കും.
സംസ്ഥാനത്തെ എല്ലാ ദിനപത്രങ്ങളിലും ഇന്നലത്തെ പ്രധാന വാര്‍ത്തയും മുഖപ്രസംഗവും വ്യോമസേന നടത്തിയ മിന്നലാക്രമണമാണ്. സാധാരണയായി ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയും വരെ പാകിസ്ഥാന്റെ തീവ്രവാദ നിലപാടിനെ എതിര്‍ക്കുകയും ഇന്ത്യയുടെ നടപടിയെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ വ്യത്യസ്ത നിലപാടാണ് ദേശാഭിമാനിയും ജനയുഗവും സ്വീകരിച്ചത്. എന്നും കാശ്മീര്‍ വിഘടനവാദത്തെ പിന്തുണക്കുന്ന നിലപാടാണല്ലോ സിപിഎം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ദേശാഭിമാനിയുടെ മുഖപ്രസംഗം, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അതൃപ്തിയോടെയാണ് കാണുന്നത്. ഭീകരവാദത്തിന് തിരിച്ചടി എന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗം തുടരുന്നത് പാകിസ്ഥാനെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും കാശ്മീര്‍ വിഘടനവാദികളെ ന്യായീകരിച്ചുകൊണ്ടുമാണ്.
മാധ്യമം ഇന്ത്യന്‍ നിലപാടിനോട് പൂര്‍ണ്ണമായും യോജിച്ചു പോകുന്നു. ലോകത്ത് നടക്കുന്ന മുഴുവന്‍ ഭീകരവാദവും അമേരിക്കന്‍, ഇസ്രയേല്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് ഉയര്‍ത്തിവിടുന്നതെന്നാണ് സാധാരണ മാധ്യമം കണ്ടെത്താറുള്ളത്. ഭീകരാക്രമണങ്ങളുടെ വേരറുക്കാന്‍ എന്ന മാധ്യമത്തിന്റെ മുഖപ്രസംഗം ആ ശൈലിക്ക് വിപരീതമാണ്. സിറാജിന്റെ മുഖപ്രസംഗവും ഇന്ത്യന്‍ നിലപാടിനൊപ്പമാണ്. പാകിസ്ഥാന്‍ പഠിക്കുമോ എന്നാണ് സിറാജിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
മുസ്ലിം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ ഒരു പടികൂടി കടന്ന് ചൈനയുടെ ഭീഷണിയെ കുറിച്ച് സൂചിപ്പിക്കുന്നു. പാഠം പഠിക്കുമോ പാകിസ്ഥാന്‍ എന്ന തലക്കെട്ടില്‍ തുടരുന്ന മുഖപ്രസംഗവും ഇന്ത്യന്‍ നടപടിയെ പിന്തുണക്കുന്നു. മലയാള മനോരമ അഭിമാനകരമായ തിരിച്ചടി എന്ന തലക്കെട്ടില്‍ തുടങ്ങുന്ന മുഖപ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ കര്‍ശനമായ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ മനോരമയുടെ വാര്‍ത്തകള്‍ക്കുള്ളില്‍ അവരുടെ പതിവ് ബിജെപി വിരോധവും കോണ്‍ഗ്രസ് പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്നു. പാകിസ്ഥാനുള്ള താക്കീത് എന്ന തലക്കെട്ടില്‍ മാതൃഭൂമിയുടെ മുഖപ്രസംഗം ഇന്ത്യന്‍ നയത്തോട് യോജിക്കുന്നതാണ്.
സിപിഐ പത്രമായ ജനയുഗം ദേശാഭിമാനിയെപ്പോലെതന്നെ അസ്വസ്ഥരാണ്. പണ്ട് സിപിഐ റഷ്യക്ക് വേണ്ടിയായിരുന്നു കുഴലൂത്ത് നടത്തിയിരുന്നത്. അഭിവാദനങ്ങള്‍ സൈനികര്‍ക്ക് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മോദി വിരോധം മാത്രമാണ് മുഴച്ച് നില്‍ക്കുന്നത്. ഇന്ത്യ നല്‍കുന്ന ഉറച്ച മറുപടി എന്ന മംഗളത്തിന്റെ മുഖപ്രസംഗം ഇന്ത്യന്‍ നിലപാടിനോടുള്ള പിന്തുണയാണ് വ്യക്തമാക്കുന്നത്.
കേരള കൗമുദിയുടെ മുഖപ്രസംഗം ആവേശകരമാണ്. ഇതാണ് പാകിസ്ഥാന് മനസിലാകുന്ന ഭാഷ എന്ന മുഖപ്രസംഗം വ്യോമസേനയേയും കേന്ദ്രസര്‍ക്കാരിനെയും പൂര്‍ണ്ണമായും പിന്തുണക്കുന്നു. എത്രയായാലും ദേശാഭിമാനിയും ജനയുഗവും ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാജ്യത്തോട് ഒപ്പം നില്‍ക്കാത്ത സിപിഎം, സിപിഐ എന്നിവരും അവരുടെ മുഖപത്രങ്ങളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. കേരളത്ത സംരക്ഷിക്കാനെന്ന പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന യാത്രയിലും വിളമ്പുന്നത് രാജ്യവിരുദ്ധ നിലപാടുകള്‍ തന്നെയാണല്ലൊ. മിന്നലാക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞ കോടിയേരി ഇന്നലെ നിലാടു മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കോടിയേരി പ്രസംഗത്തോട് ദേശാഭിമാനിക്കു പോലും വലിയ മതിപ്പില്ലായിരുന്നെന്നു തോന്നുന്നു. എങ്ങും തൊടാതെയുള്ള റിപ്പോര്‍ട്ടിലൂടെ പതുക്കെ തലയൂരുകയായിരുന്നു അവര്‍ ചെയ്തത്.
അശ്വത്ഥാമാവ്
















