തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്. ഇതില്‍ രണ്ട് ബസുകളുടെ ചാര്‍ജാണ് സര്‍വീസിനിടെ തീര്‍ന്നത്. ബസുകള്‍ ഒറ്റ ചാര്‍ജിങ്ങില്‍ ശരാശരി 250 കിലോമീറ്റര്‍ ദൂരം ഓടും.
കഴിഞ്ഞ ശബരിമല സീസണില്‍ യാതൊരു തടസ്സവും കൂടാതെ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. 24ന് രണ്ട് ബസുകള്‍ തിരുവനന്തപുരത്ത് നിന്നും ആലുവ വരെ വിജയകരമായി ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു. ആലുവയില്‍ എത്തിയപ്പോള്‍ 20 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നു. തുടര്‍ന്നാണ് 25ന് ബസുകള്‍ ഓട്ടം തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട രണ്ട് ഇലക്ട്രിക് ബസുകളുടെ ഓപ്പറേറ്റിംഗ് കമ്പനി ലഭ്യമാക്കിയ ഡ്രൈവര്‍മാരുടെ പരിചയക്കുറവ് മൂലം അധികം ചാര്‍ജ് ഉപയോഗിച്ചതാണ് വണ്ടിയുടെ ട്രിപ്പ് മുടങ്ങാന്‍ പ്രധാനകാരണം. മറ്റ് ബസുകളെല്ലാം സര്‍വീസ് പൂര്‍ത്തിയാക്കിയിരുന്നു. ഈ വിഷയത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് (വിജിലന്‍സ്) നിര്‍ദ്ദേശം നല്‍കിയതായി എംഡി അറിയിച്ചു.
















