ന്യൂദല്‍ഹി: സൈന്യത്തെക്കാള്‍ ഒരു കുടുംബത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സൈനികര്‍ക്ക് ജാക്കറ്റുകള്‍ ലഭിച്ചില്ല. ഒടുവില്‍ ആവശ്യം നിറവേറ്റാന്‍ മോദി വരേണ്ടിവന്നു. ഇപ്പോള്‍ റഫാല്‍ കരാറും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഇന്ത്യാ ഗേറ്റിന് സമീപത്ത് ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ദേശീയ യുദ്ധസ്മാരകം നിര്‍മിക്കുന്നത് ഇതാദ്യം.
യുദ്ധ സ്മാരകം വൈകിപ്പിച്ച് ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളോട് കോണ്‍ഗ്രസ് അനീതി കാട്ടിയെന്നും മോദി കുറ്റപ്പെടുത്തി. രണ്ടരപതിറ്റാണ്ട് മുന്‍പാണ് പദ്ധതിയുടെ ഫയലുകള്‍ നീങ്ങിത്തുടങ്ങിയത്. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വേഗതയുണ്ടായെങ്കിലും പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തില്‍ അനിശ്ചിതത്വത്തിലായി. ബൊഫോഴ്സ് മുതല്‍ വിവിഐപി ഹെലികോപ്ടര്‍ ഇടപാടുവരെയുള്ള പ്രതിരോധ രംഗത്തെ അഴിമതികള്‍ ഒരു കുടുംബത്തിലാണ് ചെന്നെത്തുന്നത്. സ്കൂള്‍ മുതല്‍ ആശുപത്രി വരെയും ദേശീയപാത മുതല്‍ വിമാനത്താവളം വരെയും ഈ കുടുംബത്തിന്റെ പേര് കേള്‍ക്കാമെന്ന് വിവിധ പദ്ധതികള്‍ക്ക് നെഹ്റു കുടുംബത്തിലുള്ളവരുടെ പേര് നല്‍കിയത് പരോക്ഷമായി പരാമര്‍ശിച്ച് മോദി ചൂണ്ടിക്കാട്ടി.
വിരമിച്ച സൈനികര്‍ക്കായി മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നിര്‍മാണം നടക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയിലൂടെ 35,000 കോടി രൂപ വിതരണം ചെയ്തു. സൈനികരുടെ ശമ്പളം 55 ശതമാനം വര്‍ധിപ്പിച്ചു. സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയും സംഭാവനയും രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്താന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്. സൈന്യത്തിന്റെ സേവനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പങ്കെടുത്തു.
1961ലാണ് സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മയ്ക്കായുള്ള സ്മാരകം സംബന്ധിച്ച ആശയം ഉരുത്തിരിഞ്ഞത്. 176 കോടി രൂപ ചെലവുള്ള പദ്ധതിക്ക് 2015ല്‍ മോദി സര്‍ക്കാരാണ് അനുമതി നല്‍കിയത്. ജീവത്യാഗം ചെയ്ത 25,942 സൈനികരുടെ പേരുകള്‍ എഴുതിവെച്ച ഹോണര്‍ വാള്‍സ്, ത്യാഗ ചക്ര, മുഴുവന്‍ സമയവും കെടാതെ സൂക്ഷിക്കുന്ന ജ്യോതി എന്നിവയാണ് സ്മാരകത്തിന്റെ പ്രത്യേകത. ഒരേ സമയത്ത് 250 പേര്‍ക്ക് സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: