തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ നേട്ടം കേരളത്തിലെ കര്‍ഷകരില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതിന്റെ സൂചനയാണ് കര്‍ഷകര്‍ക്കു പണം കിട്ടിത്തുടങ്ങിയത്.
കൃഷി ഭവനുകളില്‍ കിട്ടുന്ന അപേക്ഷകള്‍ സമ്മാന്‍ നിധി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രം മതി എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് തടസ്സം പറച്ചില് അസാധ്യമായത് കര്‍ഷകര്‍ക്ക് ഗുണകരമായി.
ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ മികവു കൂടിയാണ് കിസാന്‍ സമ്മാന്‍ നിധിയുടെ അതിവേഗ വിതരണം. അപേക്ഷകള്‍ ചുവപ്പു നാടയില്‍ കുടുങ്ങാതെ ആധാര്‍ അടിസ്ഥാന രേഖയാക്കി അര്‍ഹരെ വേഗം കണ്ടെത്തി ബാങ്കുകളിലേക്ക് പണം നല്‍കാനായി. അപേക്ഷ നല്കുമ്പോള് മുതലുള്ള വിവരങ്ങള്‍ ഫോണിലേക്ക് നേരിട്ട് സന്ദേശമായി അയച്ചു കൊടുക്കുമെന്നതിനാല്‍ കര്‍ഷകരെ പറ്റിക്കാനും സാധിക്കില്ല. വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത ശേഷം മാനദണ്ഡങ്ങള്‍ അനുസരിച്ച് അനര്‍ഹരെ വെബ്സൈറ്റ് സ്വയം പുറത്താക്കും.
അപേക്ഷകരില്‍ അനര്‍ഹരുണ്ടെന്നും അവരെ കണ്ടെത്താന്‍ സമയം വേണമെന്നുമാണ് വൈകിപ്പിക്കാന്‍ കാരണമായി പറഞ്ഞത്. അനര്‍ഹരുടെ പേരു പറഞ്ഞ് അര്‍ഹര്‍ക്ക് സഹായം താമസിപ്പിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് തിരിച്ചടിയായി. അനര്‍ഹരാണെങ്കില്‍ ലഭിച്ച പണം തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം അപേക്ഷയോടൊപ്പം വാങ്ങി പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കര്‍ഷകരെ കബളിപ്പിക്കാന്‍ സമാന്തര ഉദ്ഘാടനവുമായി കൃഷിമന്ത്രി
കോട്ടയം: കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 6,000 രൂപ നിക്ഷേപിക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഗോരഖ്പൂരില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ സമാന്തര ഉദ്ഘാടനവുമായി സംസ്ഥാന സര്‍ക്കാര്‍.
വൈക്കം തലയാഴത്താണ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനൊപ്പം കിസാന്‍ നിധി ഉദ്ഘാടനം ചെയ്തത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന പദ്ധതിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പെട്ടെന്ന് തലയാഴത്ത് സംസ്ഥാനതല ഉദ്ഘാടനം തട്ടിക്കൂട്ടിയത്.
കേന്ദ്രബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നടപ്പാക്കാതിരിക്കാനും വച്ച് താമസിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകരെ തിരിച്ചയയ്ക്കാനും നിരാകരിക്കാനും ശ്രമിച്ചു. ഇതൊക്കെ ഉണ്ടായെങ്കിലും പദ്ധതിയോട് കര്‍ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ആളൊഴിഞ്ഞിരുന്ന കൃഷിഭവനുകളില്‍ തിരക്കോട് തിരക്കായിരുന്നു. കേരളത്തില്‍ മാത്രം 12 ലക്ഷം കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ജനപിന്തുണ കണ്ട് പദ്ധതിയുടെ പിതൃത്വം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനൊപ്പം കിസാന്‍ സമ്മാന്‍ നിധിയുടെ ഉദ്ഘാടനവും നടത്താന്‍ തീരുമാനിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മന്ത്രി സുനില്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
തിരുവനന്തപുരത്ത് സര്‍ക്കാരിനെ അറിയിക്കാതെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ചാണ് സുനില്‍കുമാര്‍ കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: