ന്യൂദല്‍ഹി: ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേയാളുകളാണ് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാക്കിസ്ഥാനിലെത്തി സഹായം അഭ്യര്‍ഥിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് മറുപടി നല്‍കുന്നതിലും ഇവര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി വിമര്‍ശിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
കശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യം നടത്തുന്നതെന്നും കശ്മീരികള്‍ക്ക് എതിരെയല്ലെന്നും രാജസ്ഥാനിലെ ടോങ്കിലെ വിജയ സങ്കല്പ്പ റാലിയില്‍ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി കശ്മീര്‍ ജനത ഭീകരതയുടെ കെടുതികള്‍ അനുഭവിക്കുകയാണ്. രാജ്യത്തോടൊപ്പമുള്ള അവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ അമര്‍നാഥ് തീര്‍ഥയാത്രക്കിടെ വെടിവെപ്പില്‍ പരിക്കേറ്റവര്‍ക്ക് രക്തം നല്കാന് കശ്മീരിലെ ജനങ്ങള്‍ വരിനിന്നിരുന്നു. കശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങള്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ്. ഭീകരത പടര്‍ത്തുന്നവര്‍ക്കും മനുഷ്യത്വത്തിന് എതിര് നില്‍ക്കുന്നവര്‍ക്കും എതിരെയാണ് പോരാട്ടം.
ഭീകരത അവസാനിക്കാതെ ലോകത്ത് സമാധാനം സാധ്യമല്ല. ഭീകരതക്കെതിരെ യോജിച്ച നിലപാടുകളിലേക്ക് എല്ലാവരും എത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പമുണ്ട്. എല്ലാ മേഖലയിലും ശക്തമായ നിലയില്‍ നമ്മള് മുന്നോട്ടുപോവുകയാണ്. കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ നടപടിയെടുത്തു. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരിലും കേന്ദ്ര സര്‍ക്കാരിലും ദൈവാനുഗ്രഹത്തിലും വിശ്വസിക്കൂ. എല്ലാ പ്രശ്നങ്ങളും ഇത്തവണ പരിഹരിക്കും. 100 മണിക്കൂറിനുള്ളില്‍ സൂത്രധാരകരെ സൈന്യം വധിച്ചതില്‍ അഭിമാനിക്കുന്നു.
പാക്കിസ്ഥാന് പുതിയ പ്രധാനമന്ത്രിയെ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ദാരിദ്ര്യത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചു. താനൊന്നു പത്താനാണെന്നും പറഞ്ഞ വാക്കില്‍ വാക്കില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹവും പറഞ്ഞു. വാക്കില്‍ ഉറച്ചുനില്‍ക്കുമോയെന്ന് അറിയാനുള്ള സമയമാണിത്. പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: