ന്യൂദല്‍ഹി: ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ പാര്‍ട്ടികള്‍ തയാറാവുന്നില്ല. അതേസമയം, പുതിയ സഖ്യങ്ങള്‍ രൂപീകരിച്ച് മുന്നേറുകയാണ് ബിജെപി. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ ബിജെപി സഖ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഐഎഡിഎംകെ, ജനതാദള്‍-യു എന്നിവര്‍ പുതുതായി ബിജെപിയുമായി കൈകോര്‍ത്തപ്പോള്‍ ശിവസേന സഖ്യം തുടരാനും തീരുമാനിച്ചു. ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബിജെപിയുമായി സഹകരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
ഒരിടവേളക്ക് ശേഷം തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമാണ്. പട്ടാളി മക്കള്‍ കക്ഷിയും (പിഎംകെ) സഖ്യത്തിലുണ്ട്. വിജയകാന്തിന്റെ ഡിഎംഡിഎകെയും എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന. നിലവില്‍ ബിജെപിക്ക് ഒരംഗം മാത്രമാണ് തമിഴ്നാട്ടില്‍ നിന്നുള്ളത്. ഇത്തവണ അഞ്ച് സീറ്റില്‍ ബിജെപി മത്സരിക്കും. എഐഎഡിഎംകെയിലെ ഭിന്നത പരിഹരിച്ച് ഇരുവിഭാഗത്തെയും കൂടെനിര്‍ത്താനും ബിജെപിക്ക് സാധിച്ചു. രജനീകാന്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതും ഗുണം ചെയ്യും. ഇത്തവണ ജയലളിത ഇല്ലെന്നതിനാല്‍ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി വിരുദ്ധരുടെ അവകാശവാദം. എന്നാല്‍, മറുവശത്ത് ഡിഎംകെയെ നയിക്കാന്‍ കരുണാനിധിയില്ലെന്നത് ഇവര്‍ വിസ്മരിക്കുന്നു.
2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിനൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജെഡിയു ഇത്തവണ എന്‍ഡിഎയിലുണ്ട്. ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന ശിവസേനയെ സഖ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും അമിത് ഷായ്ക്ക് സാധിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ സഖ്യം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. എന്‍സിപിയുമായി ഏകദേശ ധാരണയായെങ്കിലും ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി വിശാലസഖ്യത്തിനുള്ള നീക്കം പ്രതിസന്ധിയിലാണ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഖാദി (വിബിഎ), തീവ്രമുസ്ലിം പാര്‍ട്ടിയായ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് (എഐഎംഐഎം) എന്നിവര്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് സഖ്യമുണ്ടാക്കി. കര്‍ഷക നേതാവ് രാജു ഷെട്ടിയുടെ പാര്‍ട്ടിയും കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്.
തമിഴ്നാട്ടില്‍ കരുണാനിധി ഇല്ലാത്ത ഡിഎംകെയുമായുള്ള സഖ്യത്തില്‍ ഒന്‍പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാഹുലാണ് നേതാവെന്ന് പ്രഖ്യാപിച്ച എം.കെ. സ്റ്റാലിന് കോണ്‍ഗ്രസിന് മാന്യമായ പരിഗണന നല്കാന് തയാറായില്ല. ബംഗാളില്‍ പ്രധാന പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേരാമെന്ന രാഹുലിന്റെ സ്വപ്നം നടന്നില്ല. സംസ്ഥാനത്ത് ഒരിടത്തും സ്വാധീനമില്ലാത്ത ഇടതുപാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ചകളും വഴിമുട്ടിനില്‍ക്കുകയാണ്.
പൗരത്വ ബില്‍ വിഷയത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നെങ്കിലും ഇവരാരും കോണ്‍ഗ്രസുമായി ചേരാന്‍ ഒരുക്കമല്ല. തെരഞ്ഞെടുപ്പിന് ശേഷം ഈ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രിയങ്കയെ രംഗത്തിറക്കിയിട്ടും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: