ഇടുക്കി: മറയൂരിലെ ചന്ദനക്കാട്ടില്‍ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ രാജദുരയുടെ ഇടപെടല്‍ അതിന് പുതുജീവനേകി. ബോധവത്കരണം നടത്തി ഈ മൂങ്ങയുടെ പ്രാധാന്യം നാട്ടുകാരെ ബോധ്യപ്പെടുത്തിയപ്പോള്‍ വെളുത്ത് സുന്ദരനായ കാട്ടുമൂങ്ങ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതായി.
കാട്ടുമൂങ്ങയെന്ന് വിളിക്കുന്ന, മൂങ്ങവര്‍ഗത്തില്‍പ്പെട്ട സ്പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍ മഴനിഴല്‍ പ്രദേശമായ മറയൂരിലെ ഊരുവാസല്‍ ഭാഗത്ത് രണ്ട് മാസം മുമ്പാണ് ചേക്കേറിയത്. രാത്രി ഇവ പ്രത്യേക ശബ്ദത്തില്‍ കൂവും. ഇത് കൂവിയാല്‍ പ്രദേശത്ത് കാലന് എത്തിയിട്ടുണ്ടെന്നും നേരം പുലരുമ്പോള്‍ മരണ വാര്‍ത്ത കേള്‍ക്കുമെന്നാണ് അന്ധവിശ്വാസം. മൂങ്ങയെ ഇല്ലാതാക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത് സുഹൃത്തില്‍ നിന്നറിഞ്ഞ മറയൂരിലെ കിറ്റ്സ് ടൂറിസം കോഓര്‍ഡിനേറ്റര്‍ കൂടിയായ രാജദുര സ്ഥലത്തെത്തുകയായിരുന്നു. വളരെയധികം പരിസ്ഥിതി പ്രാധാന്യമുള്ള സ്പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍ ആണ് ഇതെന്നും പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും മൂങ്ങയെ കൊണ്ടുള്ള ഗുണങ്ങളും പറഞ്ഞ് മനസിലാക്കി. പത്ത് വര്‍ഷമാണ് ഇതിന്റെ ജീവിത കാലയളവ.് ഇതിനിടക്ക് പതിനായിരത്തോളം എലികളെ തിന്നുന്നതിലൂടെ കര്‍ഷകരുടെ ഏറ്റവും വലിയ മിത്രമാണെന്നും രാജദുര പ്രദേശവാസികള്‍ക്ക് ക്ലാസ് നല്‍കിയതോടെ നാട്ടുകാര്‍ക്ക് ഇതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു.
മരങ്ങളുടെ മുകള്‍ഭാഗത്താണ് ഇവ സാധാരാണ കൂടൊരുക്കുന്നത്. രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ശബ്ദം കേള്‍പ്പിക്കാന്‍ കഴിവുള്ള ഇവക്ക് 55-65 സെന്റീമീറ്റര്‍ ഉയരവും ഒന്നര കിലോഗ്രാം തൂക്കവും വരും. ഡിസംബര്‍ മുതല്‍ മാര്‍ച്ച മാസം വരെയാണ് കൂടൊരുക്കി പ്രജനനം നടത്തുന്ന കാലം. ഇഴജന്തുക്കളും എലികളും വര്‍ധിക്കുന്ന പ്രദേശത്തെ സന്തുലിതമാക്കുന്നതില്‍ വളരെ വലിയ പങ്കാണ് ഇവ വഹിക്കാറുള്ളത്. മറയൂരില്‍ കണ്ടെത്തിയത് അപൂര്‍വ ഇനത്തില്‍പ്പെട്ട കാട്ടുമൂങ്ങയുടെ കുഞ്ഞാണെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ അനീഷ് ജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: