ന്യൂദല്‍ഹി: തോക്കെടുക്കുന്നവരെ അവസാനിപ്പിക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേരുന്നതില്‍ സൈന്യത്തിന്റെ കര്‍ശന താക്കീത്. കരസേനാ ചിനാര്‍ കോപ്സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ് ഭീകരര്‍ക്ക് മുന്നറിയിപ്പും അന്ത്യശാസനവും നല്‍കിയത്.
‘ചെറുപ്പക്കാര്‍ ഭീകരസംഘടനകളില്‍ ചേരാതിരിക്കുന്നതില് കുടുംബത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. പ്രത്യേകിച്ച് അമ്മമാര്‍ക്ക്. മക്കളെ പിന്തിരിപ്പിക്കണമെന്നും കീഴടങ്ങാന്‍ ഉപദേശിക്കണമെന്നും അമ്മമാരോട് അഭ്യര്‍ത്ഥിക്കുന്നു. കീഴടങ്ങാത്തവരെ ഇല്ലാതാക്കാന്‍ സൈന്യം നിര്‍ബന്ധിതരായിത്തീരും”. സിആര്‍പിഎഫ്, കശ്മീര്‍ പോലീസ് പ്രതിനിധികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
റിക്രൂട്ട്മെന്റില്‍ കാര്യമായ കുറവുണ്ടായതായി കശ്മീര്‍ പോലീസ് ഐജി എസ്.പി. പാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു റിക്രൂട്ട്മെന്റ് പോലും നടന്നിട്ടില്ല. കുടുംബങ്ങളാണ് ഇതിന്റെ പ്രധാന കാരണക്കാര്‍. ഈ പിന്തുണ തുടരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനില്‍നിന്നും നിയന്ത്രിക്കപ്പെടുന്ന ജയ്ഷെ മുഹമ്മദിന്റെ താഴ്വരയിലെ നേതൃത്വത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് കന്‍വല്‍ ജീത് സിങ് വിശദീകരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷമുള്ള നൂറ് മണിക്കൂറിനുള്ളില്‍ ലക്ഷ്യം കണ്ടു.
ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ മൂന്ന് ഭീകരരെ 17 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേര് പാക്കിസ്ഥാനികളാണ്. പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്ഐയുടെയും കുട്ടിയാണ് ജെയ്ഷെ മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുല്‍വാമ ആക്രമണത്തില്‍ സൈന്യവും ഐഎസ്ഐയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നത് ശരിയല്ല. ഭീകരവിരുദ്ധ പോരാട്ടത്തിലെ സൈന്യത്തിന്റെ നയം വ്യക്തമാണ്. ആരെങ്കിലും താഴ്വരയില് ഈ ഉദ്ദേശ്യവുമായി വന്നാല്‍ ജീവനോടെ തിരികെപ്പോവില്ല. അദ്ദേഹം വ്യക്തമാക്കി.
പുല്‍വാമ ആക്രമണം കഴിഞ്ഞ് നൂറുമണിക്കൂറിനുള്ളില്‍ ജയ്ഷിന്റെ കശ്മീര്‍ ഘടകത്തെ ഇല്ലാതാക്കി. കാര്‍ബോംബ് ആക്രമണത്തിനു തിരിച്ചടി നല്കാന് സൈന്യം എല്ലാ സാധ്യതകളും ആരായുമെന്നും ധില്ലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: