തിരുവനന്തപുരം: കൊന്നും കൊലവിളിച്ചും ചോരക്കൊതി തീരാതെ സിപിഎം. അവരുടെ കൊലക്കത്തിക്ക് ഇരയാവുകയാണ് കേരളത്തിലെ യുവാക്കള്‍. പാടങ്ങളിലും പാതയോ രങ്ങളിലും സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി യുവാക്കള്‍ പിടഞ്ഞ് വീഴുമ്പോഴും വീണ്ടും രക്തദാഹികളായി മാറുന്ന സിപിഎമ്മിന് അറിയാം തങ്ങള്‍ നടത്തിയ കൊലപാതകങ്ങളുടെ വാര്‍ത്തയ്ക്ക് ആയുസ്സ് ഏതാനും ദിവസം മാത്രമെന്ന്.
അതിനാല്‍ ഓരോ കൊലപാതകവും നടക്കുമ്പോള്‍ ആദ്യം നേതാക്കള്‍ അപലപിക്കും. പിന്നീട് പാര്‍ട്ടിയില്‍ നിന്നും കൊലപാതകികളെ പുറത്താക്കും. പാര്‍ട്ടി കടുത്ത നടപടിയെടുത്തെന്ന് വീമ്പിളക്കും. ജനമനസ്സുകളില്‍ സിപിഎം കാടത്തം മാഞ്ഞുതുടങ്ങുമ്പോള്‍ പ്രതികള്‍ക്ക് രാജകീയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഇത്തരത്തില്‍ കുരുന്നുകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകവും, ടി.പി ചന്ദ്രശേഖരന്, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തെ കൊഞ്ഞനം കുത്തുന്നത് കേരള ജനത കണ്ടതാണ്. കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളുടെ മുന്നിലൂടെ പ്രതികള്‍ സൈ്വര വിഹാരവും നടത്തുന്നു. ഈ കൊലപാതകങ്ങള്‍ ഓരോന്നും വിജയകരമായി സിപിഎം നടത്തിയപ്പോഴും സംസ്ഥാന സെക്രട്ടറിമാര്‍ നടത്തുന്ന പ്രസ്താവനയ്ക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല.
കോടിയേരിയുടെ തനിയാവര്‍ത്തനം
ആവര്‍ത്തന വിരസത തോന്നിയ്ക്കാതെ കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി നടക്കുന്ന ഒരു സംഭവത്തിന്റെയും ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കില്ല. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും. പാര്‍ട്ടി രൂപം കൊണ്ടതുമുതല്‍ സിപിഎമ്മുകാര്‍ ആരെകൊന്നാലും അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഗമായി പറയുന്ന പ്രസ്താവനയാണിത്.
ഒരു സഹായവും പാര്‍ട്ടി നല്‍കാത്തതിനാലാണ് ജീവപര്യന്തം ശിക്ഷ വിധിച്ച ടിപി കേസിലെ സൂത്രധാരന്‍ കുഞ്ഞനന്തന് പിക്നിക്കിന് പോകുന്നതു പോലെ ജയിലില്‍ പോയി വരുന്നത്. ഹൈക്കോടതിക്ക് ജയില്‍ അധികൃതര്‍ നല്കിയ കണക്ക് അനുസരിച്ച്, അകത്ത് ഉള്ളതിനേക്കാള്‍ കൂടുതല്‍ ദിവസം കുഞ്ഞനന്തന് ജയിലിന് പുറത്താണ്. മുഖ്യ പ്രതി കൊടി സുനിക്കാകട്ടെ പുറത്തുള്ളതിനെക്കാളും അധികം സൗകര്യം ജയിലില്‍ പാര്‍ട്ടി ഒരുക്കി നല്‍കുന്നുണ്ട്. പണിയെടുക്കാതെ ശമ്പളവും നല്‍കും. അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസിലെ സൂത്രധാരന്മാരെന്ന് സിബിഐ കണ്ടെത്തിയ ഒരാള്‍ പാര്‍ട്ടി സെക്രട്ടറിയും മറ്റൊരാള്‍ എംഎല്‍എയും.
രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യമന്ത്രി
എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ നാന്‍പെറ്റ മകനെ എന്ന അഭിമന്യുവിന്റെ അമ്മയുടെ നിലവിളി നാടുനീളെ കേള്‍പ്പിച്ച് കോടിക്കണക്കിന് രൂപ സ്വരൂപിച്ച പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്ക് ഇരയാക്കുമ്പോള്‍ അമ്മമാരുടെ ദീനരോദനം പാര്‍ട്ടി കാണുന്നില്ല. സിപിഎം ആയുധം താഴെ വച്ചാല്‍ അന്ന് കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്ന കേരള ജനതയുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കീഴില്‍ ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. കൊലയ്ക്കു പകരം കൊല’ എന്നുദ്ബോധിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയായപ്പോള്‍ കൂടുതല്‍ കരുത്തോടെ പ്രാവര്‍ത്തികമാക്കുന്നു വെന്ന് മാത്രം. ഭരണം കൈയാളുമ്പോള്‍ എന്ത് കാടത്തവും കാട്ടാം എന്ന ഭയാനകമായ അവസ്ഥയിലേക്ക് ഇടതുപക്ഷം എത്തിയിരിക്കുന്നു. കൊല്ലപ്പെടുന്നത് ഏതുകക്ഷിയില്‍ പെട്ടവരായാലും കൊല്ലുന്നവര്‍ സിപിഎമ്മുകാരാണെന്ന ചരിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലൂടെ ആവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: