ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മാണത്തിനെതിരെയും പരാതി.
കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേഖലയിലാണ് ഗാര്‍ഡന്റെ നിര്‍മാണം. അപകടമേഖലയായി കണ്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഉത്തരവ് നല്കിയിട്ടുള്ളതാണ്. മൂന്നാര്‍-ദേവികുളം റോഡില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. ആര്‍ട്സ് കോളേജിന് താഴ്ഭാഗത്തുള്ള 14 ഏക്കര്‍ റവന്യൂ ഭൂമിയിലാണ് 4.5 കോടി ചെലവില്‍ ബോട്ടാണിക്കല്‍ ഗാര്ഡന് പണിയുന്നത്.
അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ നിര്‍മാണം നടത്തുന്നതിനെതിരെ സിപിഐയും പരാതിയുമായി രംഗത്തെത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി. പളനിവേലാണ് അപകട മേഖലയിലെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2014ലാണ് ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഡന്റെ പണികള്‍ തുടങ്ങിയത്. പിന്നീട് ഉരുള്‍പൊട്ടി ഗാര്‍ഡന്റെ ഒരു ഭാഗം ഒലിച്ചുപോയി. ചിലയിടത്ത് മണ്ണിടിച്ചിലുമുണ്ടായി. ഏപ്രിലിലാണ് ഗാര്ഡന് തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്.
ബൊട്ടാണിക്കല്‍ ഗാര്ഡന് സംബന്ധിച്ച നിരവധി പരാതികള്‍ ആദ്യം മുതല്‍ വന്നിരുന്നതായും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിറ്റിപിസി) സെക്രട്ടറി ജയന് പി. വിജയന് പറഞ്ഞു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ന്നു, നിലവില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന ജോലികളാണ് തുടരുന്നത്. അഞ്ചേക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തുന്നതെന്നും അപകട മേഖലയല്ല ഇതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. മണ്ണിനെ ഇളക്കിയുള്ള നിര്‍മാണമല്ല, ചെറിയ തോതിലുള്ള കെട്ടിടങ്ങളാണ് നിര്‍മിച്ചിരിക്കുന്നതത്രെ.
ദുരൂഹതയില്ല: കളക്ടര്‍
നിര്‍മാണത്തില്‍ ദുരൂഹതയില്ലെന്നും ചട്ടങ്ങള്‍ പാലിച്ചാണ് തുടരുന്നതെന്നും ജില്ലാ കളക്ടര്‍ കെ. ജീവന് ബാബു ജന്മഭൂമിയോട് പറഞ്ഞു. റോഡിനോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ കൈയേറ്റ സാധ്യത കൂടുതലാണ.് ഇത് ഇല്ലാതാക്കാനാണ് ഇത്തരമൊരു നിര്‍മാണം. സര്‍ക്കാര്‍ അനുവാദമുണ്ടെന്നും നിലവില്‍ റവന്യൂ ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ല എന്ന ഒരു തടസമാണുള്ളതെന്നും ഇത് നടന്നുവരികയാണെന്നും ഡിടിപിസി ചെയര്മാന് കൂടിയായ കളക്ടര്‍ പറഞ്ഞു. ഇതില്‍ അനധികൃത നിര്‍മാണം നടക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പ്രളയത്തിന്റെ പേരിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: