രാജ്യത്തെ പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ 51 പേരുടെ പട്ടിക സമര്‍പ്പിച്ച കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. സന്നിധാനത്ത് 51 സ്ത്രീകള്‍, ഇതില്‍ പുരുഷന്മാരും 51 വയസ്സിന് മുകളിലുമുള്ള സ്ത്രീകളാണ് പ്രവേശിച്ചതെന്ന് മറച്ചുവെച്ച്, യുവതികളെന്ന് പട്ടിക സമര്‍പ്പിച്ചു. ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാമെന്ന ധാരണയിലാകാം.
കേരളത്തിലെ മുഖ്യന്‍ പിണറായിയുടെ അഹങ്കാരം മാത്രമാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലഹേതു. സുപ്രീംകോടതി വിധിയുടെ മറവില്‍ പിണറായി പുണ്യഭൂമിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്ത് സംഭവിച്ചാലും കോടതിവിധി നടപ്പാക്കുമെന്നും അതിനുവേണ്ടി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്ത് എത്തിയെന്നും പോലീസ് അകമ്പടിയോടെ അത് സാധിച്ചെടുത്തുവെന്നും വരുത്താനാണ് 51 പേരുടെ കള്ളപ്പട്ടിക കോടതയില്‍ സമര്‍പ്പിച്ചത്. ഈ ശ്രമം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ് പുതിയൊരു പട്ടിക ഉണ്ടാക്കി കോടതിയില്‍ കൊടുക്കാന്‍ പിണറായി ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശിച്ചത്.
കോടതിവിധി നടപ്പാക്കാന്‍ കുറച്ച് സാവകാശമെടുത്തശേഷം വേണ്ടതു ചെയ്യാമെന്നുള്ള ഒരു സത്യാവാങ്മൂലം നല്‍കിയിരുന്നുവെങ്കില്‍ ശബരിമലയില്‍ ഇത്രയും വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടി കാരണം കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായികുറഞ്ഞു. അതുപോലെ ക്ഷേത്രങ്ങളുടെ സമീപത്തെ കച്ചവടക്കാര്‍ക്കും. ഇതിനെല്ലാം മറുപടി പറയാന്‍ പിണറായി വിജയനും സര്‍ക്കാരും ബാദ്ധ്യസ്ഥരാണ്.
-ഒപിഎസ് മേനോന്‍, ചിറ്റൂര്‍.
ക്ഷേത്രഭരണത്തിലെ രാഷ്‌ട്രീയവല്‍ക്കരണം നിര്‍ത്തണം
ശബരിമല വിഷയത്തില്‍ കോടികണക്കിന് വിശ്വാസികളുടെ വിശ്വാസം ഹനിക്കുന്ന രീതിയില്‍ പരമോന്നത കോടതിയായ സുപ്രീംകോടതിയില്‍ നിലപാടു സ്വീകരിച്ച സംസ്ഥാനസര്‍ക്കാരും അവര്‍ക്കൊപ്പം നിന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. ഭക്തര്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി അര്‍പ്പിച്ച കാണിക്കയിലെ പൈസ കൊണ്ട് ക്ഷേത്രാചാരങ്ങള്‍ക്ക് നിരക്കാത്ത വാദവുമായി ബോര്‍ഡ് നിലപാട് സ്വീകരിച്ചത് ശരിയായില്ല. ബോര്‍ഡ് കോടതിയില്‍ എന്ത് നിലപാടു സ്വീകരിക്കണം എന്ന് ചര്‍ച്ചചെയ്യാതെ അതിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിന് നേതൃത്വം നല്‍കുന്ന കമ്മീഷണറെ കേസ് കാര്യങ്ങള്‍ ഏല്‍പ്പിച്ചത് ശരിയായ നടപടിയല്ല. യുവതി പ്രവേശനത്തിന് അനുകൂലമായി നിലപാടു സ്വീകരിച്ചത് വഴി ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ദേവസ്വം ഭരണത്തിലെ രാഷ്‌ട്രീയവല്‍ക്കരണം എന്നവസാനിക്കുന്നുവോ അന്ന് മാത്രമേ ക്ഷേത്രങ്ങള്‍ക്ക് രക്ഷയുള്ളൂ. ശങ്കരന്‍ നായര്‍ കമ്മീഷനും കുട്ടികൃഷ്ണ മേനോന്‍ കമ്മീഷനും കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ഒക്കെ ഒരേ സ്വരത്തില്‍ രാഷ്‌ട്രീയവല്‍ക്കരണം ക്ഷേത്ര ഭരണത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇനിയെങ്കിലും ഈ ശുപര്‍ശകള്‍ നടപ്പില്‍ വരുത്താനുള്ള നടപടികളാണ് ആവശ്യം.
-പി.കെ. രാജഗോപാല്‍ അഷ്ടമുടി.
















