മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇഹലോകവാസം വെടിഞ്ഞതോടെ സംഭവബഹുലവും സമരോത്സുകവുമായ ഒരു രാഷ്‌ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. മംഗലാപുരത്ത് ജനിച്ച് സെമിനാരി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ഫെര്‍ണാണ്ടസ്, രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പൊതുപ്രവര്‍ത്തനം ജീവിതദൗത്യമായി ഏറ്റെടുക്കുകയായിരുന്നു. ബോംബെയിലേക്ക് താമസം മാറ്റുകയും തൊഴിലാളി നേതാവായി ഉയരുകയും ചെയ്ത ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 1974-ല്‍ നടന്ന റെയില്‍വേ പണിമുടക്കില്‍ മറ്റ് മേഖലയിലുള്ളവരും പങ്കുകൊണ്ടതോടെ രാജ്യം നിശ്ചലമായി. ഇതോടെ പകരക്കാരനില്ലാത്ത നേതാവായി ഉയര്‍ന്നു.
ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1961-68 കാലയളവില്‍ അംഗമായിരുന്ന അദ്ദേഹം, 1967ല്‍ ബോംബെ സൗത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ്സിലെ കരുത്തനായി അറിയപ്പെട്ടിരുന്ന എസ്.കെ. പട്ടേലിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി. ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമായിരുന്നില്ല. അന്നുമുതല്‍ ഓര്‍മകള്‍ അവശേഷിച്ച അവസാനകാലം വരെ കോണ്‍ഗ്രസ്സ് എന്ന ജനശത്രുവിനോട് നിരന്തരം പോരാടാന്‍ ജീവിതം തന്നെ മാറ്റിവച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ഈ പോരാട്ടത്തില്‍ ഒരിക്കല്‍പ്പോലും പിന്തിരിയുകയോ പതറുകയോ ചെയ്തില്ല.
കോണ്‍ഗ്രസ്സിന് അധാര്‍മികമായി അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975-ല്‍ പ്രഖ്യാപിച്ച പത്തൊന്‍പത് മാസം നീണ്ട അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ദേശീയ രാഷ്‌ട്രീയത്തിലെ ഇതിഹാസ നായകനാക്കിയത്. പൗരാവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഏകാധിപത്യത്തിനെതിരെ ആര്‍എസ്എസിനു പുറത്ത് ധീരമായി പ്രവര്‍ത്തിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച് അന്ന് ഗുജറാത്തിലെത്തിയ ഫെര്‍ണാണ്ടസിനെ സ്വീകരിച്ചതിനെക്കുറിച്ച് പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അഭിമാനത്തോടെ പറയുന്നുണ്ട്. അറസ്റ്റു ചെയ്യപ്പെട്ട്, ചങ്ങലയ്‌ക്കിട്ട കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒടുങ്ങാത്ത സ്വാതന്ത്ര്യവീര്യത്തിന്റെ എക്കാലത്തെയും പ്രതീകമാണ്.
അടിയന്തരാവസ്ഥയ്‌ക്കുശേഷം അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന ഫെര്‍ണാണ്ടസ് ബഹുരാഷ്‌ട്ര കുത്തകയായ കൊക്കക്കോളയെ നിരോധിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. വി.പി. സിങ് സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയായ ഫെര്‍ണാണ്ടസാണ് കൊങ്കണ്‍ പാതയ്‌ക്ക് തുടക്കമിട്ടത്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ സൈന്യത്തിന്റെ തോഴനാവുകയും, പൊഖ്‌റാന്‍ അണുപരീക്ഷണത്തിലും കാര്‍ഗില്‍ യുദ്ധത്തിലും പ്രധാനമന്ത്രി വാജ്‌പേയിയുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തു. ഇതില്‍ അമര്‍ഷം പൂണ്ട പ്രതിപക്ഷം അടിസ്ഥാനരഹിതമായ ‘ശവപ്പെട്ടി അഴിമതി’ ആരോപണം ഉന്നയിച്ച് പകവീട്ടി. യഥാര്‍ത്ഥത്തില്‍ ബലിദാനികളായ സൈനികരുടെ മൃതദേഹങ്ങള്‍ ദൂരദിക്കുകളിലേക്ക് കേടുകൂടാതെ കൊണ്ടുപോകാന്‍ വിലകൂടിയ ‘കാസ്‌കെറ്റ്’ വാങ്ങുകയാണുണ്ടായത്. രേഖകളില്‍ ഇത് വെറും ‘ശവപ്പെട്ടി’യെന്ന് ഒരു സാധാരണ ഉദ്യോഗസ്ഥന്‍ വരുത്തിയ പിഴവാണ് അഴിമതിയുടെ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് സഹായകമായത്. ഒടുവില്‍ കോണ്‍ഗ്രസ്സ് ഭരണകാലത്തുതന്നെ ഇടപാടില്‍ അഴിമതിയില്ലെന്ന് സിബിഐ കണ്ടെത്തി. പക്ഷേ ഖേദം പ്രകടിപ്പിക്കാനുള്ള മാന്യത കോണ്‍ഗ്രസ്സ് കാണിച്ചില്ല.
ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിരുന്ന ഫെര്‍ണാണ്ടസ് കുടുംബാധിപത്യത്തിന്റെ നിതാന്ത ശത്രുവുമായിരുന്നു. സ്വാഭാവികമായും ഇത് അദ്ദേഹത്തെ നെഹ്‌റു കുടുംബത്തിനെതിരാക്കി. ഫെര്‍ണാണ്ടസ് പാര്‍ലമെന്റില്‍ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ്സ് ഞെളിപിരികൊണ്ടു. കോണ്‍ഗ്രസ്സിന്റെ ‘ബദ്ധശത്രുക്കള്‍’ ആയ പലരും പല കാരണങ്ങള്‍കൊണ്ടും സോണിയയോട് മൃദുസമീപനം പുലര്‍ത്തിയപ്പോള്‍, ഫെര്‍ണാണ്ടസ് ഒരിഞ്ചുപോലും പിന്നോട്ടുപോയില്ല. അതായിരുന്നു ആ തത്ത്വദീക്ഷ. രാഷ്‌ട്രീയ ജീവിതം വലിയൊരു പോരാട്ടമാക്കി മാറ്റിയ ഇങ്ങനെയൊരാള്‍ ഇനിയുണ്ടാകുമെന്ന് കരുതാനാവില്ല. ജനാധിപത്യത്തിന്റെ ഈ കാവല്‍ഭടന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: