ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ വനത്തില്‍ ആകാശപാത നിര്‍മിക്കുന്നതില്‍ കേന്ദ്രമന്ത്രാലയങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. രാത്രിയാത്രാ നിരോധനം മറികടക്കുന്നതിന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആകാശപാതയെ വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍ക്കുമ്പോള്‍, ഗതാഗത മന്ത്രാലയത്തിന് യോജിപ്പാണെന്നും എജി കോടതിയെ ധരിപ്പിച്ചു.
കേന്ദ്ര മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി യോജിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. മാര്‍ച്ച് ആറിന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. വനത്തിനുള്ളില്‍ ആകാശ പാതകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ശുപാര്‍ശ ചെയ്തത്. വനത്തിനുള്ളിലൂടെയുള്ള ദേശീയപാത വീതികൂട്ടണമെന്നും ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക് കര്‍ണാടക ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകവും കേരളവും ഇതിന് അനുകൂലമായി രംഗത്തെത്തിയെങ്കിലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും വിവിധ പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്തെത്തി.
25 കിലോമീറ്റര്‍ നീളുന്ന ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ വീതം നീളത്തിലാണ് അഞ്ച് ആകാശപാതകള്‍ നിര്‍മിക്കേണ്ടത്. വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സംരക്ഷണത്തിന് റോഡിന്റെ വീതി 15 മീറ്ററാക്കി വര്‍ധിപ്പിക്കണം. ഇതിനു പുറമേ റോഡിനിരുവശവും എട്ടടി ഉയരത്തില്‍ കമ്പിവല സ്ഥാപിക്കും. മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടുന്ന കമ്പിവല ഇല്ലാത്ത സ്ഥലങ്ങളിലാണ് ആകാശ പാതകള്‍. പാതകള്‍ക്കാവശ്യമായ പണം കേരള-കര്‍ണാടക സര്‍ക്കാരുകള്‍ മുടക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം.
















