ഭുവനേശ്വര്‍: ഒഡീഷയിലെ അസുര്‍ഗഡില്‍ 2300 വര്‍ഷത്തിലേറെ പഴക്കമുള്ള സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാളഹന്തി ജില്ലയിലെ അസുര്‍ഗഡ് കോട്ടയ്‌ക്കകത്തു നിന്ന് മൗര്യ, കുശാന്‍ ഭരണ കാലത്തെ ചരിത്രശേഷിപ്പുകളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെടുത്തത്.
ശിശുപാല്‍ ഗഡ്, ഉജ്ജൈന്‍, അഹിചത്ര, കൊസംബി തുടങ്ങിയവയ്‌ക്കൊപ്പമുള്ള, പൗരാണിക ഭാരതത്തിലെ മുഖ്യനഗരങ്ങളിലൊന്നായിരുന്നു അസുര്‍ഗഡ്. കൗടില്യന്റെ “’ദുര്‍ഗബിതാന’ തത്വ പ്രകാരം മൂന്നു വശത്തും കിടങ്ങോടു കൂടി ദീര്‍ഘ ചതുരത്തിലാണ് അസുര്‍ഗഡ് കോട്ടയുടെ നിര്‍മിതി.
തുളയോടു കൂടിയ ഏഴ് വെള്ളി നാണയങ്ങള്‍, വെള്ളിയിലും ചെമ്പിലും തീര്‍ത്ത കാല്‍വിരല്‍ മോതിരങ്ങളും കമ്മലുകളും, വിവിധങ്ങളായ മണ്‍പാത്രങ്ങള്‍, പല നിറത്തിലും രൂപത്തിലുമുള്ള കുപ്പിവള കഷണങ്ങള്‍, അമൂല്യങ്ങളായ കല്ലുകളുപയോഗിച്ചുള്ള മുത്തുകള്‍, ഇരുമ്പു ചക്രങ്ങള്‍, ഉളി, അമ്പ് തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തില്‍ കണ്ടെടുത്തതായി ഖനനത്തിന് നേതൃത്വം നല്‍കുന്ന ജി.ബി. ഗഡനായക് പറഞ്ഞു.
അന്നത്തെ കലാകാരന്മാരുടെ ചാതുരി വെളിപ്പെടുത്തുന്നവയാണ് ഇവയെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പ്രദേശം മുത്തു നിര്‍മാണത്തിന്റെയും വില്‍പനയുടേയും കേന്ദ്രമായിരിക്കാമെന്നാണ് അനുമാനം. വെള്ളിനാണയങ്ങള്‍ മൗര്യകാലട്ടത്തിലേതും ചുടുകട്ടകള്‍ കുശാന്‍ കാലഘട്ടത്തിലേതുമാണെന്ന് ഗവേഷകര്‍ വാദിക്കുന്നു.
ഇതുവരെ രണ്ട് തട്ടുകളായാണ് ഖനനം പൂര്‍ത്തിയാക്കിയത്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച ടെറാക്കോട്ട പാളികള്‍ പതിച്ച പ്രദേശമാണ് ആദ്യം കണ്ടെത്തിയത്. അസുര്‍ഗഡിലെ ജനങ്ങള്‍ അക്കാലത്ത് വീടുപണിയാന്‍ ഇഷ്ടികയും നിലത്തു പാകാന്‍ ചുടുകട്ടകളും ഉപയോഗിച്ചതിന്റെ തെളിവുകളാണിവ.
















