കൃഷ്ണഗിരി: വയനാട്ടിലെ തണുപ്പിലും കൃഷ്ണഗിരി സ്റ്റേഡിയത്തെ ചൂടുപിടിപ്പിച്ച് കേരളത്തിന്റെ പേസ് ത്രയം. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും നിധീഷ് എം.ഡിയും. മുന്‍ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ കരുത്തുറ്റ ബൗളിങ് നിരയെ എറിഞ്ഞിട്ടത് ഇവര്‍ മൂവരും. ഒരു പക്ഷേ, ഈ രഞ്ജി സീസണിലെ ഏറ്റവും മികച്ച പേസ് ബൗളിങ് നിര.
പാര്‍ത്ഥിവ് പട്ടേലും പിയൂഷ് പഞ്ചലും അക്‌സര്‍ പട്ടേലുമടങ്ങുന്ന ബാറ്റിങ് നിരയെ മോഹിപ്പിച്ച ലക്ഷ്യമായിരുന്നു 195 റണ്‍സ്. രണ്ടു ദിവസത്തെ കളിയും ബാക്കി.
പക്ഷേ, ബേസിലിന്റേയും സന്ദീപിന്റേയും സുധീഷിന്റേയും വേഗതയുള്ള പന്തുകള്‍ക്ക് മുന്നില്‍ ഗുജറാത്ത് ബാറ്റിങ് നിര തകര്‍ന്നു. രണ്ടിന്നിങ്‌സിലുമായി ബേസിലും സന്ദീപും എട്ടുവിക്കറ്റ് വീഴ്‌ത്തി. മൂന്നു വിക്കറ്റുമായി നിധീഷ് മികച്ച പിന്തുണ നല്‍കി. രണ്ടിന്നിങ്ങ്‌സിലുമായി ഗുജറാത്തിന്റെ 20 വിക്കറ്റും പേസ് നിര വീഴ്‌ത്തി. ഒന്നാം ഇന്നിങ്‌സില്‍ ജലജ് സക്‌സേന രണ്ട് ഓവര്‍ എറിഞ്ഞതൊഴിച്ചാല്‍ കൃഷ്ണഗിരിയില്‍ കേരളത്തിനായി പന്തെറിഞ്ഞത് സന്ദീപും ബേസിലും നിധീഷും ചേര്‍ന്ന്.
സന്ദര്‍ശകരുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേലിനെ രണ്ടിന്നിങ്‌സിസും ചെറുത്തുനില്‍ക്കാന്‍ അനുവദിക്കാത്തത് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്ങ്‌സില്‍ 43 റണ്‍സെടുത്ത് മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പാര്‍ത്ഥിവിനെ ബേസില്‍ ബൗള്‍ഡാക്കി. രണ്ടാംമിന്നിങ്ങ്‌സില്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ തകര്‍പ്പന്‍ ത്രോയില്‍ പാര്‍ത്ഥിവ് റണ്ണൗട്ടായി.
മൂന്നാം ഓവറില്‍ കഥാന്‍ ഡി. പട്ടേലിനെ പുറത്താക്കി ബേസിലാണ് ഗുജറാത്തിന്റെ തകര്‍ച്ചയ്‌ക്കു തുടക്കമിട്ടത്. ഓവറിലെ അവസാന പന്തില്‍ പിയൂഷ് പഞ്ചലിനേയും ബേസില്‍ മടക്കി. പിന്നീട് ഒരു ഘട്ടത്തിലും ഗുജറാത്തിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. സണ്‍റൈസേഴ്‌സിനായി കളിക്കുന്ന ബേസിലിനും റോയല്‍ ചലഞ്ചേഴ്‌സിനായി കളിക്കുന്ന സന്ദീപിനും ഐപിഎല്‍ അനുഭവങ്ങള്‍ രഞ്ജിയില്‍ കരുത്തായി എന്നതിനു തെളിവു കൂടിയാണ് ഈ വിജയം.
















