ടൂറിന്‍: യുവന്റസ്, എസി മിലാന്‍, ലാസിയോ ടീമുകള്‍ കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍.
ഇന്നലെ നടന്ന മത്സരത്തില്‍ ബൊലോഗ്‌നയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുവന്റസ് അവസാന എട്ടില്‍ ഇടം നേടിയത്. കളിയില്‍ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ യുവന്റസിനായി ഒമ്പതാം മിനിറ്റില്‍ ഫെഡ്രികോ ബെര്‍ണാഡ്ഷിയും 49-ാം മിനിറ്റില്‍ കീനും ലക്ഷ്യം കണ്ടു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് യുവന്റസ് കളത്തിലിറങ്ങിയത്. 62-ാം മിനിറ്റില്‍ കീനിന് പകരക്കാരനായാണ് ക്രിസ്റ്റിയാനോ കളത്തിലെത്തിയത്.
മറ്റൊരു മത്സരത്തില്‍ സാംപദോറിയയെ 2-0ന് തകര്‍ത്ത് എസി മിലാനും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ പാട്രിക് കുര്‍ടോണാണ് മിലാന്റെ രണ്ട് ഗോളുകളും നേടിയത്. 102, 108 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. നിശ്ചിതസമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. നൊവാരോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ലാസിയോ അവസാന എട്ടില്‍ ഇടംനേടിയത്. ലാസിയോയ്‌ക്കായി ഇമ്മൊബിലെ രണ്ട് ഗോളുകള്‍ നേടി. ലൂയിസ് ആല്‍ബര്‍ട്ടോ, മിലിന്‍കോവിച്ച് എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി.
















