ശശിതരൂര്‍ യുഎന്നിലെ ഉയര്‍ന്ന പദവി വഹിച്ചിരുന്ന സമര്‍ത്ഥനായ വ്യക്തിയാണ്. ആകാരംപോലെതന്നെ ആകര്‍ഷകമായ ശൈലിയുള്ള എഴുത്തുകാരനുമാണ്. പരന്ന വായനയും വിവിധ രാജ്യങ്ങളിലെ പ്രമുഖവ്യക്തികളുമായുള്ള സൗഹൃദവും ആശയവിനിമയവും ഉള്ളതുകൊണ്ട് ആധുനികലോകത്ത് തിളങ്ങാന്‍ അദ്ദേഹത്തിന് കഴിയുന്നു. എന്നാല്‍ തരൂരിന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നു. അടങ്ങാത്ത, ഒടുങ്ങാത്ത മഹത്വകാംക്ഷയാണത്. അധികാരം നേടാനാണ് തരൂര്‍ തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത്.
അന്താരാഷ്ട്ര നയതന്ത്ര മേഖലയില്‍ വിദഗ്ധനായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും തരൂര്‍ ആഗ്രഹിക്കുന്ന ഉന്നതസ്ഥാനത്ത് എത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഉന്നതസ്ഥാനം നേടാന്‍ തരൂര്‍ സ്വീകരിച്ച മാര്‍ഗ്ഗം അധികാരകേന്ദ്രങ്ങളെ മുഖസ്തുതിയിലൂടെ വശീകരിക്കുക എന്നതാണ്. മുഖസ്തുതി വശമാക്കിയിട്ടുള്ളവര് രണ്ട് രീതിയില്‍ അത് ഉപയോഗിക്കാറുണ്ട്. ഒന്ന്. സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ അപദാനങ്ങള്‍ വാഴ്ത്തുക എന്നതാണ്. എന്നാല്‍ ഈ മാര്‍ഗ്ഗം എപ്പോഴും വിജയിക്കണമെന്നില്ല. രണ്ടാമത്തെ മാര്‍ഗ്ഗം സ്വാധീനിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ എതിരാളിയെ ജനമധ്യത്തില്‍ താറടിക്കുകയെന്നതാണ്. നേരിട്ടുള്ള മുഖസ്തുതിയില്‍ വീഴാത്തവര്‍ പോലും ഇതില്‍ വീണുപോകും. ശത്രുവിനെ അപകീര്‍ത്തിപ്പെടുത്തിയ വ്യക്തിയോട് അറിയാതെ ആഭിമുഖ്യം തോന്നാം. അയാളെ ഉചിതമായ സ്ഥാനങ്ങള്‍ നല്കി അംഗീകരിക്കേണ്ടതാണെന്ന് തോന്നും. ശശിതരൂരിന് ഇത് നല്ലപോലെ അറിയാം.
യുഎന്‍ പദവി ഉപേക്ഷിച്ച് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബുദ്ധനൊന്നുമല്ല തരൂര്‍. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തന്നോളം കഴിവുള്ളവരല്ല എന്ന ധാരണയും തരൂരിനുണ്ട്. നേതൃത്വം ഏറ്റെടുക്കാന്‍ എന്തുകൊണ്ടും അര്‍ഹനാണ് താന്‍ എന്നുള്ളധാരണയുമുണ്ട്. പക്ഷേ ലക്ഷ്യം നേടാന്‍ ജനങ്ങളെ സേവിക്കുകയെന്ന തീവ്രവും കഠിനവുമായ മാര്‍ഗ്ഗമല്ല തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. ഏതുവിധേനയും അധികാര കേന്ദ്രങ്ങളില്‍ എത്തുക. അതിനുശേഷം അവിടെയിരുന്ന് ഉന്നതസ്ഥാനം കരസ്ഥമാക്കുക എന്നതാണത്. തരൂര്‍ ഒരു നേതാവല്ല, മറിച്ച് ഉപജാപകനാണെന്ന് ഇതിലൂടെ തെളിയുന്നു.
ഇന്ത്യയില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചശേഷം തരൂര്‍ തന്റെ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. തൊണ്ണൂറുകളില്‍ ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കലങ്ങിമറിയല്‍ തരൂര്‍ മനസ്സിലാക്കി. അന്നത്തെ കോണ്‍ഗ്രസ്സ് ദുര്‍ബലമായിരുന്നു. പ്രാദേശിക കൂട്ടായ്മ വിജയിച്ചില്ല. ബിജെപി ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തന്റെ ലക്ഷ്യത്തിന് അനുകൂലമാകുമെന്ന് തരൂര്‍ കരുതി. ബിജെപി നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സിനോടും നെഹ്റു കുടുംബത്തോടുമുള്ള മനോഭാവം പ്രയോജനപ്പെടുത്താന്‍ കളമൊരുക്കി. ‘ദി ഹിന്ദു’ ദിനപത്രത്തില്‍ ആഗസ്റ്റ് 22, 2009-ല്‍ വിദ്യ സുബ്രഹ്മണ്യം എഴുതിയ ‘ഠംീ യീീസ െംേീ രീിലെൂൗലിരല െടമശെ ഠവമൃീീൃ ീി രീിഴൃല ൈശരീി’െ എന്ന ലേഖനത്തില്‍ ശശി തരൂര്‍ ഇന്ദിരാ ഗാന്ധിയെക്കുറിച്ച് എഴുതിയത് ഓര്‍ക്കുക. ”ഞാന്‍ പലപ്പോഴും അദ്ഭുതത്തോടെ ആലോചിക്കാറുണ്ട്. ഇന്ദിരയുടെ പാഴ്സിയായ ഭര്‍ത്താവ് സൗകര്യപൂര്‍വം ഒരു ഗാന്ധിയാകുന്നതിന് പകരം ഒരു ടോഡിവാലാ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേയെന്ന്.”
ഇവിടെ ശശി തരൂര്‍ ഇന്ദിരയുടെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ പേര് ഫിറോസ് ഗാന്ധി എന്നല്ല ഫിറോസ് ഗണ്ഡി എന്നാണ് എന്ന കാര്യം സൂചിപ്പിക്കുകയാണ്. അതോടൊപ്പം അവരുടെ ഭര്‍ത്താവ് ഒരു ടോഡിവാലാ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നെങ്കില്‍
എന്നുപറയുന്നിടത്ത് ക്രൂരമായ ഒരു പരിഹാസവുമുണ്ട്. അത് ഫിറോസിന്റെ കുടുംബം നെഹ്റു കുടുംബത്തിന് അടുക്കള സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നവരാണ് എന്ന് പറയപ്പെടുന്നതാണ്. ടോഡിവാലാ വിഭാഗത്തിന്റെ കുലത്തൊഴില്‍ മദ്യ വില്‍പ്പനയാണ്. തരൂര്‍ സൂചിപ്പിക്കുന്നത് ഇന്ദിരയുടെ ഭര്‍ത്താവ് ഗാന്ധി അല്ല, മറിച്ച് മദ്യവില്‍പ്പനക്കാരന്റെ പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത് എന്നാണ്.
ഇന്ദിരാഗാന്ധിയെ തരൂര്‍ വിമര്‍ശിക്കുന്നത് ശ്രദ്ധിക്കുക. ”ഇന്ദിരയ്ക്ക് അധികാരം നേടാനും നിലനിര്‍ത്താനും അറിയാമായിരുന്നെങ്കില്‍ അത് വിശാലമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ അമ്പേ പരാജയമായിരുന്നു. ഗരീബി ഹഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അവ നടപ്പാക്കാന്‍ യാതൊരു പദ്ധതിയും ഉണ്ടാക്കാതിരിക്കുകയുമാണ് അവര്‍ ചെയ്തത്. സുപ്രീംകോടതി അവര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിര ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവര്‍ തന്റെ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ ജയിലിലാക്കി. പത്രമാരണ നിയമം നടപ്പിലാക്കി. ഇലക്ഷന് മാറ്റിവച്ചു. എന്നിട്ട് പാവപ്പെട്ടവനുവേണ്ടി എന്നപേരില്‍ ഇരുപതിന പരിപാടി പ്രഖ്യാപിച്ചു. (അമേരിക്കന്‍ പ്രസിഡന്റായിരുന്ന വില്സന് പതിനാലിന പരിപാടി പ്രഖ്യാപിച്ചപ്പോള്‍ അവിടെ പ്രചരിച്ച ഒരു ഫലിതം, പടച്ചു തമ്പുരാനുപോലും പത്തിന പരിപാടിയെ ഉണ്ടായിരുന്നുള്ളൂ എന്നാണ്) അതേസമയത്ത് ഇന്ദിരയുടെ ഇളയ മകന് സഞ്ജയ് രണ്ട് പരിപാടികള്‍ നടപ്പാക്കുന്നതില്‍ വ്യാപൃതനായിരുന്നു. ക്രൂരവും ദയാരഹിതവുമായ ചേരിനിര്‍മാര്‍ജനവും നിര്‍ബന്ധ വന്ധ്യകരണവുമായിരുന്നു അത്.
രാജീവ് ഗാന്ധിയെക്കുറിച്ച് തരൂര്‍ പറയുന്നത് ഇങ്ങനെ: ”യാതൊരു കാഴ്ചപ്പാടുമില്ലാത്ത ഇന്ദിരയുടെ സ്ഥാനത്ത് രാജീവിന്റെ വരവ് ഏറെ പ്രതീക്ഷ നല്കി. പുതിയ പ്രധാനമന്ത്രിയുടെ സുതാര്യമായ ആത്മാര്‍ത്ഥതയും വിശ്വാസപ്രമാണങ്ങളും ഞങ്ങളെയെല്ലാം പ്രചോദിപ്പിച്ചു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് പഴയതുപോലെ തന്നെയായി. വിട്ടുവീഴ്ചകളും കച്ചവടങ്ങളും സാധാരണപോലെ ദല്‍ഹിയില്‍ അരങ്ങേറാന്‍ തുടങ്ങി. കുടുംബവാഴ്ചയ്ക്ക് കളങ്കം ഏല്‍പ്പിച്ചുകൊണ്ട് സ്വീഡനില്‍നിന്ന് വാങ്ങിയ ബൊഫേഴ്സ് തോക്കിനെക്കുറിച്ചുള്ള അഴിമതിയാരോപണം രാജീവിനെതിരെ ഉയര്‍ന്നു. ചെറിയ കുട്ടികള്‍വരെ ഇന്ത്യയിലെ തെരുവുകളില്‍ പാടി നടക്കാന്‍ തുടങ്ങി. ഗലീഗലീ മേം ശോര്‍ ഹെ രാജീവ് ഗാന്ധി ചോര്‍ ഹെ (നാടെങ്ങും കേള്‍ക്കട്ടെ നാട്ടുകാര്‍ അറിയട്ടെ രാജീവ് ഗാന്ധി കള്ളനാണ്.)”
സോണിയയെക്കുറിച്ച് തരൂര്‍ പറയുന്നതിങ്ങനെയാണ്: ”കേംബ്രിഡ്ജില്‍ ഇംഗ്ലീഷ് പഠിക്കുന്നതിനാണ് അവര്‍ പോയത്. രാഷ്ട്രീയ തത്വശാസ്ത്രം പഠിക്കുന്നതിനല്ല. അവര്‍ക്ക് ഒരു ഡിഗ്രിപോലും സ്വന്തമായില്ല.” സോണിയയുടെ മഹത്തായ ത്യാഗത്തെക്കുറിച്ചും മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതിനെക്കുറിച്ചും തരൂര്‍ പറയുന്നത് ഇങ്ങനെയാണ്: ഇറ്റലിയിലെ ടൊറിനൊയിലെ ഒരു കരാര്‍ കെട്ടിട നിര്‍മാണക്കാരന്റെ മകള്‍ക്ക് ഇന്ത്യയെക്കുറിച്ച് യാതൊന്നും അറിയുമായിരുന്നില്ല. പ്രധാനമന്ത്രിയുടെ വീട്ടില്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടാണ് അവര്‍ ജീവിച്ചത്. തന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിര്ബന്ധബുദ്ധിയുള്ളവളായിരുന്നു സോണിയ. ഒരിക്കല്‍പ്പോലും പൊതുരംഗത്ത് അവര്‍ പുഞ്ചിരിക്കാറില്ല. അവര്‍ അറിയപ്പെട്ടതുതന്നെ ‘ടൊറിനോയിലെ ദുരൂഹത’ എന്ന പേരിലാണ്. അവര്‍ക്ക് സംഘര്‍ഷഭരിതമായ ഇന്ത്യന്‍ ജനാധിപത്യത്തെ നയിക്കാന്‍ കഴിയില്ല.” തരൂര്‍ പ്രിയങ്കയേയും രാഹുലിനെയും ഒഴിവാക്കുന്നില്ല. സോണിയ കോണ്‍ഗ്രസ്സ് പ്രസിഡന്റായതിനെക്കുറിച്ച് പറയുന്നിടത്ത് കുടുംബാധിപത്യത്തിന്റെ നിലനില്‍പ്പിനായി തന്റെ മക്കള്‍ക്ക് അമേഠി മണ്ഡലം പ്രത്യേകമായി അവര്‍ ശ്രദ്ധിച്ചിരുന്നു എന്നു പറയുന്നു.
ഇതേ തരൂര്‍ കോണ്‍ഗ്രസ്സില്‍ കയറാന്‍ വേണ്ടി സോണിയയുടെ സ്തുതിപാഠകനായി മാറുന്നതും നമ്മള് കണ്ടു. തരൂര്‍ ഒരാളെ സ്തുതിക്കും. മറ്റൊരാളെ അധിക്ഷേപിക്കും. ഇതു രണ്ടും തന്റെ സ്ഥാനം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗമായാണ് അദ്ദേഹം കാണുന്നത്. നെഹ്റു കുടുംബത്തേയും സോണിയയെയും വിമര്‍ശിക്കുക വഴി ബിജെപി ആനുകൂല്യം നേടാമെന്ന് തരൂര്‍ കരുതി. അത് നടക്കാതെ വന്നപ്പോള്‍ ഒരു മടിയും കൂടാതെ സോണിയയെ സ്തുതിച്ച് കോണ്‍ഗ്രസ്സില്‍ സ്ഥാനം നേടി. എന്നാല്‍ താന്‍ ഉദ്ദേശിച്ച പദവി കോണ്‍ഗ്രസ്സില്‍ ലഭിക്കില്ല എന്നു കണ്ടപ്പോള്‍ നരേന്ദ്രമോദിയെ സ്തുതിക്കാന്‍ തുടങ്ങി.
2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തി. തരൂര്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചു. മോദിയുടെ ചില നടപടികളെ വാനോളം പുകഴ്ത്തി. ഇത് കോണ്‍ഗ്രസ്സില്‍ അസ്വസ്ഥതയ്ക്ക് കാരണമായി. എന്നാല്‍ തരൂര്‍ അതൊന്നും വകവച്ചില്ല. പക്ഷേ ഇത്തവണയും ബിജെപി ഉത്സാഹം കാണിച്ചില്ല. നിരാശനായ തരൂര്‍ വീണ്ടും കോണ്‍ഗ്രസ്സിലേക്ക് തിരിഞ്ഞു. രാഹുലിന്റെ പിആര്‍ ഓഫീസര്‍ എന്ന പദവി സ്വയം ഏറ്റെടുത്തു. രാഹുല്‍ഗാന്ധിയുടെ ഉപദേശകരുടെ കൂട്ടത്തില്‍ അങ്ങനെ തരൂരും കടന്നുകൂടി. അവസരം പ്രയോജനപ്പെടുത്താനായി തന്റെ രചനാ സാമര്‍ത്ഥ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രചിക്കപ്പെട്ട പുസ്തകമാണ് ‘ദി പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍-നരേന്ദ്രമോദി ആന്റ് ഹിസ് ഇന്ത്യ’ എന്ന പുസ്തകം. ഉദ്ദേശ്യം വ്യക്തം. മോദിയെ അപകീര്‍ത്തിപ്പെടുത്തി രാഹുലിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ തരൂര്‍ നടത്തുന്നത്.
തരൂര്‍ മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ എഴുതിയ പുസ്തകം കോണ്‍ഗ്രസ്സിന്റെ 60 വര്‍ഷത്തിലേറെ നീണ്ടുനിന്ന ഭരണപരാജയങ്ങളെയും ദുഷ്ചെയ്തികളെയുമാണ് ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ തരൂരിന്റെ മോദി വിമര്‍ശനം കോണ്‍ഗ്രസ്സ് വിമര്‍ശനം ആയിത്തീരുന്നു.
നരേന്ദ്രമോദിയുടെ ജീവിതരീതിയും സമീപനങ്ങളും രൂപപ്പെടുത്തിയത് ആര്‍എസ്എസ്സാണെന്നും, ആര്‍എസ്എസ് ഫാസിസ്റ്റ് ആശയങ്ങളില്‍നിന്ന് പ്രചോദനം നേടിയതാണെന്നും പറയുന്ന തരൂര്‍, സോണിയ ഇറ്റലിക്കാരിയാണെന്നും, അവരുടെ പിതാവ് ഫാസിസ്റ്റ് കക്ഷിയില്‍ അംഗമായിരുന്നുവെന്നുമുള്ള കാര്യം മറച്ചുവയ്ക്കുന്നു. സോണിയയുടെ ഫാസിസ്റ്റ് പശ്ചാത്തലം ഓര്‍മ്മിപ്പിക്കാന്‍ മാത്രമേ തരൂരിന്റെ ഈ പരാമര്‍ശം പ്രയോജനപ്പെടുകയുള്ളൂ.
ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോദി കുറ്റകരമായ പക്ഷപാതം കാണിച്ചുവെന്ന് തെളിയിക്കാന്‍ തരൂര്‍ ഉദ്ധരിക്കുന്നത് ഡിജിപി ആയിരുന്ന ആര്.ബി. ശ്രീകുമാറിനെയാണ്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ആരോപണം കോടതികള്‍ തള്ളിക്കളഞ്ഞതാണ്. മോദിയെ കലാപത്തിന്റെ കുറ്റവാളിയായി ചിത്രീകരിക്കുന്ന തരൂര്‍, കോണ്‍ഗ്രസ്സ് നടത്തിയ സിഖ് നരഹത്യ മറന്നുപോകുന്നു. 1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്തു നടപ്പാക്കിയ സിഖ് കൂട്ടക്കൊല സമാനതകളില്ലാത്തതാണ്. ഇതിനെ ന്യായീകരിച്ചത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. വന്മരം വീഴുമ്പോള്‍ ഭൂമികുലുക്കം സ്വാഭാവികമാണെന്ന് രാജീവ് പറഞ്ഞു. ഇക്കാര്യവും തരൂര്‍ സ്പര്‍ശിക്കുന്നതേയില്ല. മോദി മുസ്ലിം വിരുദ്ധനാണെന്ന് തരൂര്‍ പറയുന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടക്കൊല അടിയന്തരാവസ്ഥക്കാലത്താണ് നടന്നത്. സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ കോണ്ഗ്രസ്സുകാര് മുതിര്‍ന്നത്. അന്ന് ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തെ എതിര്‍ത്ത ആയിരക്കണക്കിന് മുസ്ലിങ്ങളെ വെടിവച്ച് കൊന്നൊടുക്കി. ഇന്ദിരാഗാന്ധി അതിന് മൗനസമ്മതം നല്കി. ഹിറ്റ്ലര്‍ ജൂതന്മാരെ കൊന്നതുപോലെ സഞ്ജയ് മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യാന്‍ പുറപ്പെട്ടു. മുസ്ലിങ്ങളുടെ ഭാവിതലമുറ ഉണ്ടാകുന്നത് തടയാനാണ് അവരെ നിര്‍ബന്ധ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. കോണ്‍ഗ്രസ്സിന്റെ മുസ്ലിം വിരോധത്തിന് തെളിവാണിത്.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും തരൂര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്ന് വിലപിക്കുന്നു. എന്നാല്‍ 1975-ലെ അടിയന്തരാവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കി പത്രമാരണ നിയമം നടപ്പാക്കി മാധ്യമങ്ങളെ നിയന്ത്രിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നരേന്ദ്ര മോദി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നുവെന്ന് തരൂര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇന്ദിരയാണ് അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിച്ചത്. അതിനും മുമ്പ് ‘കമ്മിറ്റഡ് ജുഡീഷ്യറി’ എന്ന പ്രയോഗം കൊണ്ടുവന്നിരുന്നു. അതുപ്രകാരം ജുഡീഷ്യറി ഭരണകക്ഷിയുടെ നയങ്ങളും നടപടികളും അറിയുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ 1973-ല്‍ സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. എന്‍. റേയെ നിയമിച്ചു. മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി കണക്കിലെടുക്കാതെയാണ് ഈ നിയമനം നടത്തിയത്. മൂന്ന് ജസ്റ്റിസ്മാരും രാജിവെച്ചു. അടിയന്തരാവസ്ഥ നിലനില്ക്കുമ്പോള് പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിച്ച കേസില്‍ വിയോജന വിധിന്യായം പുറപ്പെടുവിച്ച ജസ്റ്റിസ് എച്ച്.ആര്. ഖന്ന ചീഫ് ജസ്റ്റിസാകുന്നത് തടഞ്ഞ് കോടതിയെ തന്റെ വരുതിക്ക് നിര്‍ത്താന്‍ ഇന്ദിര ശ്രമിച്ചു.ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ജസ്റ്റിസ് ബഹ്റുള്‍ ഇസ്ലാമിന്റെ നിയമനം.
ജസ്റ്റിസ് ബഹ്റുള്‍ ഇസ്ലാം 1962-ല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ രാജ്യസഭാംഗമായ വ്യക്തിയാണ്. അതിനിടയില്‍ ലോക്സഭയിലേക്ക് അദ്ദേഹം മത്സരിച്ചു തോറ്റു. എന്നാല്‍ 1968-ല്‍ ബഹ്റുള്‍ ഇസ്ലാമിനെ കോണ്‍ഗ്രസ്സ് രാജ്യസഭാംഗമായി വീണ്ടും നോമിനേറ്റ് ചെയ്തു. 1972-ല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ച് അസം ഹൈക്കോടതിയില്‍ ജസ്റ്റിസായി. 1976-ല്‍ ഹൈക്കോടതിയില്‍നിന്ന് വിരമിച്ചു. എന്നാല്‍ ഒന്‍പതു മാസത്തിനുശേഷം ബഹ്റുള്‍ ഇസ്ലാമിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ചു. ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരാളെ വീണ്ടും ഒരു ഭരണഘടനാ സ്ഥാപനത്തില്‍ നിയമിക്കുന്നത് സാധാരണമായ ഒന്നല്ല. ബഹ്റുള്‍ ഇസ്ലാമിന്റെ മുന്പില് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട (ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട) അനേകം കേസുകള്‍ വന്നിരുന്നു. ഇന്ദിര തനിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുന്ന ജഡ്ജിയെ പരസ്യമായി നിയമിക്കുകയാണുണ്ടായത്.
യുപിഎ ഒന്നിന്റെ കാലത്ത് ഡോക്ടര്‍ വൈ.വൈ. റെഡ്ഡി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍ എ. ഘോഷ് 20 ദിവസത്തിനകം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവെച്ചു. ഡോ.മന്‍മോഹന്‍സിങ്ങിനെ രാജീവ്ഗാന്ധി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യുകയാണുണ്ടായത്. ഇതൊന്നും ശശിതരൂര്‍ മറന്നുപോയതല്ല, മറച്ചുവെച്ചതാണ്.
കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ മോദി വിജയിച്ചില്ല എന്ന തരൂര്‍ ആരോപിക്കുന്നു. വീട് കൊള്ളയടിച്ചശേഷം പ്രതി തന്നെ വീട്ടുടമയുടെ സംരക്ഷണത്തില്‍ പോലീസ് പരാജയപ്പെട്ടെന്നും, പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്നും ആരോപിക്കുന്നതുപോലെയാണ് കള്ളപ്പണം കണ്ടുകെട്ടുന്നതില്‍ മോദി പരാജയപ്പെട്ടുവെന്ന് രാഹുല്‍ പറയുന്നത്. ഒരു സമാന്തര സമ്പദ്വ്യവസ്ഥയ്ക്ക് രൂപംനല്‍കും വിധം ഇത്രയധികം കള്ളപ്പണം ഉണ്ടായതെങ്ങനെയെന്ന് തരൂര്‍ വ്യക്തമാക്കണം. 60 വര്‍ഷത്തിലേറെക്കാലം കോണ്‍ഗ്രസ്സിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും അഴിമതിയുമാണ് കള്ളപ്പണത്തിനു കാരണം. കള്ളപ്പണത്തിനു കാരണമായ കോണ്‍ഗ്രസ്സ് ഭരണത്തിന്, പ്രത്യേകിച്ച് നെഹ്റു കുടുംബക്കാരുടെ ഭരണത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാവില്ല. വിദേശത്ത് നിക്ഷേപിക്കപ്പെട്ട പണം തിരികെ കൊണ്ടുവരുന്നതില്‍ മോദി പരാജയപ്പെട്ടു എന്നുപറയുമ്പോള്‍ എങ്ങനെയാണ്, ആരുടെ കാലഘട്ടത്തിലാണ് ഈ കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചത് എന്നും വ്യക്തമാക്കണം. (തരൂര്‍ തന്നെ ഐപിഎല്‍ അഴിമതിയില്‍ പങ്കാളിയാണെന്നും അതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സഹധര്‍മിണി സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം ഉണ്ടായതെന്നും ആരോപണമുണ്ട്.) കള്ളപ്പണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും നടത്തുന്ന പ്രചാരണത്തേക്കാള്‍ വലിയ അശ്ലീലമില്ല. മോദി സാമ്പത്തികരംഗത്തെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. ഇത്തരത്തില്‍ ഒരു ശ്രമവും അറുപതുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സ് നടത്തിയിട്ടില്ല. കള്ളപ്പണം ആരുടെ കൈവശമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകും.
മോദിയെ തരൂര്‍ വിമര്‍ശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണ്. യുപിഎ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി ഭാരതം ഇന്ന് കടക്കെണിയില്‍നിന്ന് മോചിതമായി. മോദി ഭരണത്തിന് കീഴില്‍ ഭാരതത്തിന്റെ ജിഡിപി എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ലോക ബാങ്ക് തുടങ്ങിയ ഏജന്‍സികള്‍ ഭാരതം നേടിയ സാമ്പത്തിക വളര്‍ച്ചയെ പ്രശംസിക്കുന്നു. റോഡ് നിര്‍മാണം, റെയില്‍വേ വികസനം തുടങ്ങിയ കാര്യങ്ങളിലും നാം മുന്നോട്ടുപോകുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ്, ജന്‍ധന്‍ പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി അനേകം ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കാനും മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം തരൂരിനും അറിയാത്തതല്ല. എന്നാല്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ തരൂര്‍ നടത്തുന്ന ശ്രമത്തില്‍ നാടിനും നാട്ടുകാര്‍ക്കും ഉണ്ടാകാവുന്ന ദുരന്തങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നില്ല. തരൂരിനെ നയിക്കുന്നത് ദേശസ്നേഹമല്ല, അവനവനോടുള്ള സ്നേഹമാണ്. അധികാരമോഹം ഒരു മനുഷ്യനെ എത്രമാത്രം തരംതാഴ്ത്തുന്നു എന്നതിന്റെ തെളിവാണ് ശശി തരൂരിന്റെ മോദിയെ വിമര്‍ശിക്കുന്ന പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: