പുനലൂര്‍: ശബരിമലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തെത്തുടര്‍ന്ന് അനുഷ്ഠാനങ്ങള്‍ മുഴുമിപ്പിക്കാനാകാതെ തീര്‍ഥാടകസംഘം. മധുരയില്‍ നിന്നുള്ള പഞ്ചമുഖ ആഞ്ജനേയ ഭക്തസംഘത്തിനാണ് ഈ അനുഭവം.
ഇരുനൂറ് പേരടങ്ങുന്ന ശബരിമല തീര്‍ഥാടകസംഘം ഇരുമുടിക്കെട്ടേന്തി ഇരുപത്തെട്ട് വര്‍ഷമായി മല ചവിട്ടാറുണ്ട്. അയ്യപ്പദര്‍ശനം നടത്തി ലോകത്തിന്റെ ഐശ്വര്യത്തിനും നന്മയ്‌ക്കുമായി സന്നിധാനത്ത് വിളക്കുപൂജ നടത്തി പ്രാര്‍ഥിച്ച ശേഷമാണ് മല ഇറങ്ങാറുള്ളത്. എന്നാല്‍ ഇത്തവണത്തെ ശബരിമല ദര്‍ശനത്തില്‍ പതിവ് അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിഷമത്തോടെ മലയിറങ്ങേണ്ടി വന്നതായി ഗുരുസ്വാമി പി. ഭാസ്‌ക്കരന്‍ പറഞ്ഞു.
അഞ്ചാം തീയതി ഇരുമുടിക്കെട്ടേന്തി ശബരിമലയിലെത്തിയ സ്വാമിമാര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം കൂട്ടമായിരുന്ന് വിളക്കുപൂജ നടത്താനായില്ല. എന്നാലും ലോക നന്മയ്‌ക്കായുള്ള പ്രാര്‍ത്ഥന മുടക്കിയില്ല.
തിരികെ ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ ഭക്തസംഘം പ്രഭാത പൂജകളില്‍ പങ്കെടുത്ത ശേഷം 201 നിലവിളക്കുകള്‍ തെളിച്ച് തമിഴില്‍ ഓം ആകൃതിയില്‍ വച്ച ശേഷം പൂജയും പ്രാര്‍ഥനയും നടത്തി മടങ്ങുകയായിരുന്നു.
















