മട്ടാഞ്ചേരി: തീരദേശ പോലീസിന്റെ പട്രോളിങ് ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കപ്പല്‍ശാലയുമായി കരാറായി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 2017 ജൂലായില്‍ നിലവിലെ കരാര്‍ കാലാവധി കഴിഞ്ഞിരുന്നു.
560 കിലോമീറ്റര്‍ തീരമുള്ള കേരളത്തില്‍ 18 തീരദേശ പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളുണ്ട്. ഒരെണ്ണം തകര്‍ന്നു, ശേഷിക്കുന്ന 23 ല്‍ പലതും ഉപയോഗയോഗ്യമല്ല. തീരസുരക്ഷയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയതാണ് ബോട്ടുകള്‍.
വിവിധ ഘട്ടങ്ങളിലായി നല്‍കിയ ബോട്ടുകള്‍ ഉപയോഗിക്കാതെ നശിക്കുകയായിരുന്നു. ബോട്ടുകള്‍ക്കൊപ്പം അവയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഗോവ കപ്പല്‍ശാലയിലും, കൊല്‍ക്കത്തയിലെ ഗാര്‍ഡന്റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സും കേന്ദ്ര ആഭ്യന്തര വകുപ്പ് സൗകര്യങ്ങളൊരുക്കിയിരുന്നു. എന്നാല്‍, ബോട്ടുകള്‍ക്കുണ്ടായ കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ പരിഹരിക്കാനോ സംസ്ഥാനം ശ്രമിച്ചില്ല.
ഇപ്പോള്‍ തീരസുരക്ഷാ കാര്യത്തിലെ വിലയിരുത്തലും പോരായ്‌മ കണ്ടെത്തലും അവയെക്കുറിച്ചുള്ള അന്വേഷണവും വന്നപ്പോഴാണ് പട്രോളിങ് ബോട്ടുകള്‍ നന്നാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്. മുന്ന് വര്‍ഷത്തെ കരാറില്‍ യഥാക്രമം 3.5 കോടി, 4.02 കോടി, 4.63 കോടി എന്നിങ്ങനെയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. പട്രോളിങ് ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ തീരദേശ പോലീസ് സജീവമാകുമെന്നാണ് വിലയിരുത്തല്‍.
എസ്. കൃഷ്ണകുമാര്‍
















