ശബരിമലയില്‍ ശുദ്ധിക്രിയകള്‍ കഴിഞ്ഞു. ദേവചൈതന്യത്തോടെ നട തുറന്നു. വയലാര്‍ പാടിയതുപോലെ ‘പത്മരാഗ പ്രഭവിടര്‍ത്തും തൃപ്പാദങ്ങള്‍’ ഇനിയും ലക്ഷങ്ങള്‍ക്ക് അഭയമേകും. തിരുനടയിലെ കര്‍പ്പൂര മലകള്‍ക്കൊപ്പം തൊഴുതുരുകുന്ന ഭക്തമനസ്സുകള്‍ക്ക് അത് നിര്‍വൃതി പകരും. ഒരു തരത്തിലുള്ള അശുദ്ധിയും അതിനെ കളങ്കപ്പെടുത്തില്ല. മനസ്സിന്റെ ശ്രീകോവിലിലാണ് അയ്യപ്പന്‍. ഒരു ശക്തിക്കും എത്തിപ്പെടാനാകാത്തിടത്ത്.
മഹാന്മാരുടെ പ്രതിമകളില്‍ പക്ഷികള്‍ കാഷ്ഠിക്കുന്നതിനെ പലരും പരിഹസിച്ച് കേട്ടിട്ടുണ്ട്. പേക്ഷ ആ വ്യക്തിയുടെ മഹത്വം അതുകൊണ്ടു കളങ്കപ്പെടാറുണ്ടോ? ഒരു മഴകൊണ്ട് അതിനെ കഴുകി വൃത്തിയാക്കാന്‍ പ്രകൃതിക്കുതന്നെ സംവിധാനമുണ്ടല്ലോ.
ഇന്ന് ശുദ്ധീകരണം വേണ്ടത് സെക്രട്ടേറിയറ്റിലാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമായിരിക്കുന്നു. അവിടെ പഞ്ചപുണ്യാഹം പോര. ശുദ്ധികലശവും നവീകരണകലശവും തന്നെ വേണ്ടിവരും. അത്രയും അശുദ്ധി അടിഞ്ഞുകൂടിയിട്ടുണ്ട്. അതാണ് ഒഴുകി ശബരിമല വരെ എത്തിയത്. ആ ശുദ്ധിക്രിയ തന്ത്രിക്ക് ചെയ്യാനാവില്ല. പ്രകൃതിക്കും കഴുകാനാവില്ല. നമ്മള്‍, ജനങ്ങള്‍ തന്നെ ചെയ്യണം. അതിന്റെ താന്ത്രിക വിധി നമുക്ക് വഴങ്ങും. നമുക്കേ വഴങ്ങൂ.
ഭക്തരുടെ മനസ്സറിയുന്നവനാണ് ഭഗവാന്‍. ജനഹിതമറിയുന്നവരാകണം ഭരണാധികാരികള്‍. രണ്ടിനും സാമ്യമുണ്ട്. പക്ഷേ, ഒരുപാട് അന്തരവുമുണ്ട്. ഭക്തജനവത്സലനായ അയ്യപ്പന്റെ സന്നിധാനത്തെ തകര്‍ക്കാന്‍ ഒരു ഭരണാധികാരി തീരുമാനിച്ചുറച്ചത് അതുകൊണ്ടാണ്. ഞാനാണ് ജനം, എന്റെ ഹിതമാണ് ജനഹിതം എന്ന് പറഞ്ഞ ഭരണാധികാരികള്‍ ചരിത്രത്തില്‍ പലരുണ്ട്.
ഇന്നിപ്പോള്‍ നമ്മുടെ കണ്മുന്നിലുമുണ്ട്. ആ മനസ്സാണ് യഥാര്‍ഥ അശുദ്ധി. അത് കഴുകിക്കളയാന്‍ ആ വ്യക്തിക്കാകില്ലെങ്കില്‍ പുനഃപ്രതിഷ്ഠ തന്നെ വേണ്ടിവരും. അതിനാവട്ടെ ഇനി ഒരുക്കം. ജനഹിതമെന്ന ഒറ്റമൂലിയാണ് വജ്രായുധം. അര്‍ജ്ജുനനോട് കൃഷ്ണന്‍ പറഞ്ഞത് പോലെ, ഇത് ധര്‍മ്മയുദ്ധമാണ്. നമുക്ക് ജയിച്ചെ പറ്റൂ. അത് വരുംതലമുറകളോടുള്ള ബാധ്യതയാണ്.
ശബരിമലയില്‍ നടന്നത് യുവതികളുടെ അയ്യപ്പദര്‍ശനമല്ല. ആചാരലംഘനം മാത്രമാണ്. ശ്രീകോവിലിനു മുന്നിലൂടെ പോയിട്ടും, ഒരുനിമിഷം കൈകൂപ്പിനിന്ന് സ്വാമിയെ ദര്‍ശിക്കാന്‍ ആ രണ്ടു യുവതികള്‍ക്കും തോന്നിയില്ല. അപ്പോഴല്ലേ ദര്‍ശനം പൂര്‍ണ്ണമാകൂ. അത് ഭഗവാന്റെ നിശ്ചയമായിരിക്കാം. അവര്‍ക്കതിനുള്ള ഭാഗ്യമോ അര്‍ഹതയോ ഇല്ലെന്നു കരുതിയാല്‍ മതി. ഭഗവത് ദൂതില്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം തെളിഞ്ഞിട്ടും അത് കാണാന്‍, തൊട്ടടുത്തുണ്ടായിരുന്ന ദുര്യോധനാദികള്‍ക്കു ഭാഗ്യമുണ്ടായില്ലല്ലോ. അവര്‍ മോഹാലസ്യപ്പെട്ടു പോയില്ലേ? സ്വാമി ദര്‍ശനത്തിന് മനസ്സ് പാകപ്പെടണം. തിരിച്ചറിവ് വേണം. ഭാഗ്യവും അര്‍ഹതയും വേണം. സ്വാമിയുടെ അനുഗ്രഹവും വേണം. അതെല്ലാവര്‍ക്കും കിട്ടില്ല. പിടിവാശിയും അഹന്തയും ഒന്നിനും പരിഹാരമാവില്ല.
അഹങ്കാരത്തോടെ കൊടുങ്കാറ്റിനെ വെല്ലുവിളിച്ച ഒരു പാലമരത്തിന്റെ കഥയുണ്ട് ഉപനിഷത്തില്‍. ബലപരീക്ഷണത്തിന് സമയം കുറിച്ച് പിരിഞ്ഞു. തന്റെ ദൗര്‍ബല്യത്തെക്കുറിച്ച് മരത്തിന് ബോധമുണ്ടായത് അപ്പോഴാണ്. കാറ്റിനെ തോല്‍പ്പിക്കാന്‍ മരം ഇലകളും ശാഖകളും സ്വയംപൊഴിച്ച് ഒറ്റത്തടിയായി നിന്നു. അഹങ്കാരത്തോടെ എത്തിയ കാറ്റ് ഇത് കണ്ട് മൂക്കത്ത് വിരല്‍വച്ച് നിന്നു. മുന്നില്‍ നഗ്നനായ പാലമരം. സഹതാപത്തോടെ കാറ്റ് പറഞ്ഞു, ”കഷ്ടം, എന്നെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ നീ സ്വയം തോറ്റു നാണംകെട്ടിരിക്കുന്നു. ഇനിയെങ്കിലും അവനവനെ അറിഞ്ഞേ പോരിനിറങ്ങാവൂ” ശബരിമല വിഷയത്തിലെ കാറ്റും പാലമരവും ആരെന്നു പ്രത്യേകം പറയണോ? ഇരുട്ടിന്റെ മറപറ്റി സ്വന്തം ജനതയോട് പകവീട്ടാനിറങ്ങുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.
വാലറ്റം: ദേവാസുരം സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠനെ വീഴ്‌ത്താന്‍ മുണ്ടയ്‌ക്കല്‍ ശേഖരന് ഇരുട്ടിന്റെ മറവും ആറാളുടെ സഹായവും വേണ്ടിവന്നു. ആ നീലകണ്ഠന്റെ ഡയലോഗ് തന്നെയാണ് ഇന്ന് ഓരോ അയ്യപ്പഭക്തന്റെയും മനസ്സിലുള്ളത്, ‘വഴി മാറെടാ മുണ്ടയ്‌ക്കല്‍ ശേഖരാ…’
















