മലപ്പുറം : പാര്‍ലമെന്റില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി പരവും, വിദേശയാത്രാപരവുമായ ആവശ്യം മൂലമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുത്താലാഖ് വിഷയത്തില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഇല്ലെങ്കില്‍ പങ്കെടുത്തേനെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിദേശ മലയാളിയുടെ മകളുടെ വിവാഹത്തിന് പോയ സംഭവത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു. ഇതിന് ല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്‌ച്ചപറ്റിയതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
പാര്‍ട്ടി പത്രത്തിന്റെ കാര്യത്തിനായാണ് വിദേശത്തേയ്‌ക്ക് താന്‍ പോയത്. കേന്ദ്രത്തിലേയും കേരളത്തിലേയും പാര്‍ട്ടി ചുമതലകള്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. മുത്തലാഖ് വിഷയത്തിലെ വോട്ടെടുപ്പിന് പാര്‍ലമെന്റില്‍ എത്താതിരുന്നതിന് തനിക്കെതിരെ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. തത്പ്പര കക്ഷികളാണ് ഇതിനു പിന്നിലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മുത്തലാഖ് വിഷയത്തില്‍ പ്രതിഷേധ വോട്ട് ചെയ്യാനാണ് ലീഗ് തീരുമാനിച്ചത്. ബില്‍ വോട്ടെടുപ്പില്‍ ലീഗിനുവേണ്ടി ഇത് ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
















