പ്രതീകാത്മക ചിത്രം
ശബരിമല: പതിനെട്ടാംപടികയറുന്ന ഭക്തരോട് പോലീസ് പെരുമാറിയത് അതിക്രൂരമായി. തിരക്കിന്റെ പേരില്‍ ഭക്തരെ പടിയിലൂടെ വലിച്ചിഴച്ചു. പടിക്ക് മുകളില്‍ തിരുമുറ്റത്ത് പടികയറി വന്ന കന്നി അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള ഭക്തരെ വലിച്ചെറിഞ്ഞു. ഇരുമുടിക്കെട്ടുമായി കന്നിഅയ്യപ്പനും ഭക്തനും നിലത്തുവീണു. നിരവധി പേര്‍ക്ക് മര്‍ദനമേറ്റു.
പോലീസ് ബലംപ്രയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ കന്നി അയ്യപ്പനെയും ഭക്തനെയും പോലീസ് വലിച്ചെറിഞ്ഞു. ഇരുമുടിക്കെട്ടുമായി കന്നിഅയ്യപ്പനും കൂടെ വന്ന രക്ഷിതാവും നിലത്ത് വീണു. കൊടിമരത്തിന് പിന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തിയാണ് അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. ഇരുമുടിക്കെട്ട് നിലത്ത് വീണേതോടെ കണ്ണീരുമായാണ് കന്നി അയ്യപ്പനും ഭക്തനും സോപാനത്തില്‍ ദര്‍ശനത്തിന് പോയത്.
ഇന്നലെ രാവിലെ ഒമ്പത് മണിമുതല്‍ പതിനെട്ടാം പടിയിലും പടിക്കുമുകളിലും ഡ്യൂട്ടിയിലുള്ളവരില്‍ ചിലരാണ് അതിക്രൂരമായി ഭക്തരോട് പെരുമാറിയത്. പലരെയും പടിക്കെട്ടിലൂടെ വലിച്ചിഴച്ചാണ് മുകളില്‍ എത്തിച്ചത്. മുതുകത്ത് തള്ളിയും ഒറ്റക്കയ്യില്‍ വലിച്ചുപിടിച്ചും പ്രതികാരബുദ്ധിയോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പലരും നിലവിളിച്ച് കൊണ്ടാണ് പടികയറിയത്. ഇരുമുടിക്കെട്ട് തലയില്‍ ഉറപ്പിച്ച്‌കെട്ടുന്ന തോര്‍ത്ത് കുട്ടികളുടേതടക്കം പലരുടെയും കഴുത്തില്‍ കുരുങ്ങി. കുട്ടികളുടെ കൈകളില്‍ വലിച്ചുപിടിച്ചും കയ്യില്‍ തൂക്കി എടുക്കാനും തുടങ്ങിയതോടെ കരഞ്ഞുകൊണ്ടാണ് കൊച്ചയ്യപ്പന്മാര്‍ തിരുമുറ്റത്ത് എത്തിയത്. ഇതോടെ ഭക്തരും പോലീസുമായി പലപ്പോഴും വാക്ക് തര്‍ക്കമുണ്ടായി.
പോലീസ് ബലം പ്രയോഗിച്ച് വലിച്ച്പിടിച്ചു തുടങ്ങിയതോടെ പടിയില്‍ ഇടിച്ച് പലര്‍ക്കും കാലിന് പരിക്കേറ്റു. പ്രായമുള്ളവരും മാളികപ്പുറങ്ങളും ബലപ്രയോഗത്തിന് ഇരയായി. ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റവരില്‍ അധികവും. പടിയില്‍ തിരക്ക് കുറഞ്ഞാല്‍ സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ വഴക്കുപറയും എന്ന ന്യായം പറഞ്ഞായിരുന്നു ഭക്തരോട് പോലീസിന്റെ അതിക്രമം.
















