കോതമംഗലം: അനുകൂലമായ കോടതി വിധിയുടെ ബലത്തില്‍ വ്യാഴാഴ്ച രാവിലെ കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന്റെ തോമസ് പോള്‍ റമ്പാനെ ആശുപത്രിയിലേക്ക് മാറ്റി.
യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാനാകാതെ റമ്പാന്‍ 27 മണിക്കൂര്‍ വാഹനത്തിനുള്ളില്‍ കഴിഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ പോലീസ് മടിക്കുന്നുവെന്ന് കാണിച്ച് റമ്പാന്‍ വ്യാഴാഴ്ച നല്‍കിയ ഹര്‍ജി ഇന്നലെ രാവിലെ 11 മണിയോടെ പരിഗണിക്കും എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം കാറിനുള്ളില്‍ കഴിച്ചുകൂട്ടിയത്. എന്നാല്‍, കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.
തോമസ് പോളിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ സ്ഥലത്തെത്തി റമ്പാനോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. റമ്പാന്‍ ആവശ്യം അംഗീകരിച്ചതോടെ യാക്കോബായ വിശ്വാസികളുടെ വന്‍ പ്രതിഷേധത്തിനും കൂക്കിവിളിക്കുമിടയില്‍ പോലീസ് അകമ്പടിയോടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ 27 മണിക്കൂറോളം നീണ്ടുനിന്ന നാടകീയവും ആശങ്ക നിറഞ്ഞതുമായ സംഭവവികാസങ്ങള്‍ക്ക് വിരാമമാവുകയായിരുന്നു.
കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരും പോലീസും യാക്കോബായ വിഭാഗവും ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും പോലീസ് അനുവദിച്ചില്ലെന്നും ന്യായം നടപ്പായി കിട്ടാന്‍ ഏതറ്റം വരെ പോകുമെന്നും തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു.
കോടതി വിധി എന്ത് തന്നെയായാലും അന്ത്യോഖ്യാ യാക്കോബായ ബന്ധം ഉപേക്ഷിക്കാന്‍ കഴിയുകയില്ലെന്ന് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















