ബെംഗളൂരു: കര്‍ണാടകത്തിലെ ചാമരാജനഗര്‍ സുല്‍വാഡി മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 15 പേര്‍ മരിക്കാനിടയായ ദുരന്തം പുതിയ വഴിത്തിരിവിലേക്ക്. പ്രസാദത്തില്‍ വിഷം ചേര്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഹിമ്മാഡി മഹാദേവയാണെന്ന് വ്യക്തമായി. ഇയാളുള്‍പ്പെടെ നാലു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
മാരമ്മ ക്ഷേത്രത്തിലെ മുഖ്യ ട്രസ്റ്റിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ മെനഞ്ഞ തന്ത്രങ്ങളാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തുന്നതില്‍ കലാശിച്ചത്. ക്ഷേത്ര ഭരണം ട്രസ്റ്റ് രൂപീകരിച്ച് പ്രദേശവാസികള്‍ ഏറ്റെടുത്തത് അടുത്തയിടെയാണ്. അതോടെ ഭരണത്തില്‍ കൈകടത്താനും ഫണ്ട് ദുരുപയോഗം ചെയ്യാനും മഹാദേവസ്വാമിക്ക് കഴിയാതെ വന്നു. ഇതിലുള്ള വൈരാഗ്യമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
കേസില്‍ സമീപ ക്ഷേത്രത്തിലെ പൂജാരി ദൊഡയ്യ, മാരമ്മ ക്ഷേത്രം ട്രസ്റ്റ് മാനേജര്‍ മാദേഷ്, ഭാര്യ അംബിക എന്നിവരും അറസ്റ്റിലായിരുന്നു. ഈ മാസം 14 ന് ക്ഷേത്ര ഗോപുരത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളുടെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് മരിച്ചത്.
















