തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരുടെ കുടുംബത്തെ സര്‍ക്കാരും വകുപ്പുമന്ത്രിയും അപമാനിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
സെക്രട്ടേറിയറ്റിനു മുന്നില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരുടെ മുട്ടട അഞ്ചുമുക്കുവയല്‍ അനുപമ നഗറിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
95 ശതമാനത്തിലേറെ പൊള്ളലേറ്റ് 12 മണിക്കൂറിനുശേഷമാണ് വേണുഗോപാലന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയതായി പറയുന്നത്. ഇതില്‍ എന്തു വാസ്തവമുണ്ടെന്ന് കണ്ടെത്തണം. മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വീഡിയോ റെക്കോര്‍ഡിങ് പുറത്ത് വിടണം. അതുകൊണ്ട് ഒരു ജുഡീഷ്യല്‍ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
ശബരിമലയുടെ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത്. അല്ലാതെ വ്യക്തിപരമായ കാര്യത്തിന് അദ്ദേഹത്തിന് അവിടെ പോയി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. അയ്യപ്പാരാധനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ‘ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ക്ഷേത്രകാര്യങ്ങള്‍ സംരക്ഷിക്കേണ്ട ഒരു മന്ത്രിതന്നെ ഒരു അയ്യപ്പ‘ഭക്തന്റെ കുടുംബത്തെ മോശമായ പരാമര്‍ശത്തിലൂടെ ആക്ഷേപവാക്കുകള്‍ ചൊരിയുകയാണെന്നും ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, സംഘടനാ സംസ്ഥാന സെക്രട്ടറി സി. ബാബു, ബിജെപി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സതീഷ്—കുമാര്‍, താലൂക്ക് പ്രസിഡന്റ് മോഹന്‍ എന്നിവരും ശശികല ടീച്ചര്‍ക്കൊപ്പമുണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും വേണുഗോപാലന്‍ നായരുടെ വീട് സന്ദര്‍ശിച്ചു.
















