കാസര്‍കോട്: ലോകത്തെ നശിപ്പിക്കാന്‍ ഒരുങ്ങി പുറപ്പെട്ടിട്ടുള്ള ചില മൂലധന മതപരിവര്‍ത്തന ശക്തികളെ കൂട്ടുപിടിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. കാസര്‍കോട്ട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതിന് പിന്നില്‍ കൈമാറ്റം ചെയ്തിട്ടുള്ള കോടികളുടെ കണക്കും ആരൊക്കെയാണോ അതിന്റെ ഗുണഭോക്താക്കളെന്ന സത്യവും ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ ഒരുസംശയവും വേണ്ട. മാലയിടുന്ന ഓരോ അയ്യപ്പ ഭക്തനും നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതത്തിലൂടെ സമരസതയുടെയും സംസ്‌കാരത്തിന്റെയും പുതിയ ലോകം നേടിക്കൊടുക്കുന്ന മഹത്തായ ഹിന്ദു സങ്കേതമാണ് ശബരിമല. രാഷ്‌ട്രത്തെ തകര്‍ക്കാനുള്ള രാഷ്‌ട്ര വിരുദ്ധ ശക്തികളുടെ തന്ത്രമാണ് ശബരിമല യുവതീപ്രവേശന നീക്കത്തിലൂടെ നടക്കുന്നത്. പിണറായിയും, ഇഎംഎസും, മാര്‍ക്‌സും ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണത്തിലൂടെയാണ് ഹൈന്ദവ നവോത്ഥാനം കേരളത്തില്‍ ആരംഭിച്ചത്. ഹൈന്ദവ സമൂഹം സംഘടിതരല്ല, പ്രതികരിക്കില്ല എന്ന ചിന്തയില്‍ നിന്നാണ് ലൗജിഹാദ് പോലുള്ള ശക്തികള്‍ ഉയര്‍ന്നുവരുന്നത്. ഹിന്ദുക്കള്‍ക്ക് പ്രാണ നിശ്വാസമാണ് ഭാരതം. ഈ രാഷ്‌ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പുണ്യപുരാതനമായ ആര്‍ഷ സംസ്‌കൃതിയെയും ഹൈന്ദവ സമൂഹത്തെയുമാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.
ചിന്മയമിഷന്‍ കേരള മേധാവി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പ്രഭാഷണം നടത്തി. ആര്‍എസ്എസ് മംഗ്‌ളൂരു വിഭാഗ് കാര്യവാഹ് സീതാരാമ, ശ്രീ ശ്രീ യോഗാനന്ദ സരസ്വതി, ബോധചൈതന്യ സ്വാമി, പ്രേമാനന്ദ സ്വാമി, അമൃതകൃപാന്ദപുരി, ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം, കപിലാശ്രമമഠം സ്വാമി രാമചന്ദ്ര, ഗണേഷ് കാര്‍ണിക്, കല്ലടക്ക പ്രഭാകര്‍ ഭട്ട്, ആര്‍എസ്എസ് പ്രാന്ത സഹ സമ്പര്‍ക്ക് പ്രമുഖ് പി.പി. സുരേഷ് ബാബു, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ്മാരായ വി. ശശിധരന്‍, എം.തമ്പാന്‍, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, കജംപാടി സുബ്രഹ്മണ്യഭട്ട്, വിഷ്ണുഭട്ട് ആനമജലു, ഗോപാല്‍ഷെട്ടി അരബയലു, വാമന ആചാര്യ, ശ്രീരാമചന്ദ്ര സ്വാമി (ഉത്തരകാശി കപിലാശ്രമം, കര്‍ണാടക), ആര്‍എസ്എസ് ഗ്രാമാന്തര പ്രചാരക് ഗുരുപ്രസാദ്, വിഭാഗ് സഹപ്രചാരക് ഉമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















