തിരുവനന്തപുരം: ശബരിമല വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, കെ. സുരേന്ദ്രനെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
കേരളത്തില്‍ അയ്യപ്പവിശ്വാസികളും ബിജെപിയും നടത്തുന്ന സമരത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പിന്തുണയുണ്ട്. ജനവികാരത്തിന് എതിരായി മാറിയ സര്‍ക്കാരാണ് കേരള സര്‍ക്കാര്‍. സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചയാണ് എല്ലാത്തിനും കാരണം.
ഭക്തരുടെ വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ വഷളാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നിലപാടില്‍ നിന്നുമാറി എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കണമെന്നും സരോജ് പാണ്ഡെ എംപി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. എംപിമാരായ പ്രഹ്ലാദ് ജോഷി, നളില്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹേ, ബിജെപി സംസ്ഥാന നേതാക്കളായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, ജെ.ആര്‍. പത്മകുമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതാക്കള്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പോലീസ് നടത്തിയ നരനായാട്ടില്‍ പരിക്കേറ്റ ഓമനയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വേദിയില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.
















