കൊച്ചി: ശബരിമലയിലെ അയ്യപ്പഭക്തരോടുള്ള പോലീസ് പീഡനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെടുത്ത നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് പുച്ഛം. അയ്യപ്പഭക്ത വേട്ടയ്‌ക്കെതിരെയുള്ള ഹൈക്കോടതി ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഭക്തര്‍ക്കെതിരെയുള്ള പോലീസ്‌രാജ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കെതിരെയാണ് സംസ്ഥാനത്തിന്റെ നീക്കം.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി അടുത്തയാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു സംസ്ഥാനം. ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഇതിന് ശ്രമം തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച പകുതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായി.
റിട്ട. ഹൈക്കോടതി ജഡ്ജിമാരായ പി. രാമന്‍, എസ്. സിരിജഗന്‍, എഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയെയാണ് ശബരിമലയിലെ മേല്‍നോട്ടത്തിന് ഹൈക്കോടതി നിയോഗിച്ചത്. ഇവരോട് ആഴ്ചതോറും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഭക്തര്‍ വിരിവയ്‌ക്കാതിരിക്കാന്‍ പോലീസ് വെള്ളമൊഴിച്ചതും, അപ്പം, അരവണ കൗണ്ടര്‍ അടച്ചിട്ടതും കോടതിയെ പ്രകോപിപ്പിച്ചിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയാറാകാത്തതും കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തി.
അതേസമയം, നീക്കത്തില്‍ സര്‍ക്കാരില്‍ തന്നെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്ന ഭയമാണിതിനു പിന്നില്‍. പ്രത്യേകിച്ച്, ഹൈക്കോടതി ജഡ്ജിയെ എസ്പി യതീഷ് ചന്ദ്ര അപമാനിച്ചത് വിവാദമായ പശ്ചാത്തലത്തില്‍. സുപ്രീംകോടതിയില്‍ കേസെത്തിയാല്‍ ഈ വിഷയം പരാമര്‍ശിക്കപ്പെടുമെന്നുറപ്പ്. അങ്ങനെയായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഈ വിഭാഗം ഭയക്കുന്നു.
എന്നാല്‍, തങ്ങളുടെ അധികാരത്തില്‍ ജുഡീഷ്യറി കൈ കടത്തിയെന്ന രീതിയിലാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്യുക. ശബരിമലയിലെ ഭരണച്ചുമതല, തങ്ങളുടെ ഉത്തരവാദിത്വമെന്നും സര്‍ക്കാര്‍ വാദിക്കും.
















