ന്യൂദല്‍ഹി: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിച്ച സംഭവത്തില്‍ പി.കെ. ശശി എംഎല്‍എക്ക് ലഭിച്ചത് കടുത്ത ശിക്ഷയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കുകയെന്നത് കടുത്ത ശിക്ഷയാണെന്നും പരാതി പോലീസിനു കൈമാറില്ലെന്നും ദല്‍ഹിയില്‍ വുമണ്‍സ് പ്രസ് കോര്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
ശശിക്കെതിരായ പരാതിയില്‍ സംസ്ഥാന ഘടകം പ്രത്യേക സമിതിയെ വെച്ച് അന്വേഷണം നടത്തി. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഘടകം ആറുമാസത്തേക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനത്തിന് കേന്ദ്രകമ്മിറ്റിയുടെ കൂടി അനുമതി കിട്ടേണ്ടതുണ്ട്. കേന്ദ്രക്കമ്മിറ്റി എന്തു തീരുമാനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. വിഷയം വരുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കും. ലൈംഗീകപീഡനം സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സിപിഎം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരായി മഹാസഖ്യം പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മതേതര ബദല്‍ ഉയര്‍ന്നുവരും. ദേശീയ തലത്തില്‍ കൂട്ടായ്‌മ ഉണ്ടാവില്ലെങ്കിലും സംസ്ഥാനങ്ങളിലുണ്ടാകും. യെച്ചൂരി അവകാശപ്പെട്ടു.
















